19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

ഭഗവല്‍ സിങ്ങിന്റെ പുരയിടം കുഴിച്ച് പരിശോധിക്കും

Janayugom Webdesk
കൊച്ചി
October 14, 2022 10:43 pm

ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ഷാഫിയേയും ഭഗവല്‍സിങ്ങിനേയും ലൈലയേയും ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ കൂടുതല്‍ സ്ത്രീകളെ നരബലിക്കിടയാക്കിയോ എന്നറിയാൻ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഇന്ന് കൂടുതല്‍ പരിശാേധന നടത്തും. ഇലന്തൂരിലെ പുരയിടം കുഴിച്ച് പരിശോധിക്കുമെന്നും മൃതദേഹം മണത്ത് കണ്ടെത്താൻ പൊലീസ് നായയുടെ സഹായം ഉപയോഗിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍ ആഭരണങ്ങള്‍ പണയം വച്ചതിന്റെ രസീതുകള്‍ ഷാഫിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇത് തന്റെ ആഭരണമല്ലെന്നാണ് ഷാഫിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞത്.

അങ്ങിനെയെങ്കില്‍ അവ ആരുടെ ആഭരണങ്ങളാണെന്ന ചോദ്യമുയരുന്നു. ഷാഫിയുടെ ചതിക്കുഴിയില്‍ വീണ മറ്റേതെങ്കിലും സ്ത്രീകളുടേതാവാനും സാധ്യതയുണ്ട്. ഷാഫി തനിക്ക് നാല്പതിനായിരം രൂപ നൽകിയതായി ഭാര്യ പൊലീസിന് മൊഴി നൽകി. വണ്ടി വിറ്റ് കിട്ടിയ പണം എന്നാണ് ഷാഫി പറഞ്ഞത്. ആ പണം കൊണ്ട് പണയം വച്ച സ്വർണം എടുത്തുവെന്നും മറ്റ് സാമ്പത്തിക സഹായങ്ങൾ ഷാഫിയിൽ നിന്നുണ്ടായിട്ടില്ലെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് തമിഴ്‌നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ നാലര പവൻ ആഭരണങ്ങൾ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വച്ചെന്നായിരുന്നു ഷാഫിയുടെ മൊഴി. ഇതിൽ നിന്ന് കിട്ടിയ പണത്തിന്റെ ഒരു വിഹിതമാണ് ഷാഫി വീട്ടിൽ എത്തിച്ച് നൽകിയതെന്ന് പൊലീസിന് ബോധ്യമായി. ഇതുൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് കണ്ടെടുത്തു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ആഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്.

ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭരണങ്ങൾ പണയപ്പെടുത്തിയത്. ഇതിൽ നിന്നു കിട്ടിയ നാല്പതിനായിരം രൂപയാണ് വിവിധ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്പിച്ചത്. അതുകൂടാതെ മറ്റ് ചില സ്വർണാഭരണങ്ങളും പണയം വച്ചതിന്റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം തുടരുന്നത്. കൃത്യത്തിനായി ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരിൽ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല. മരുമകന്റെ പേരിലാണ് ഒരു സ്കോർപ്പിയോ രജിസ്ട്രർ ചെയ്തിരിക്കുന്നത്. കൂടാതെ ഷാഫി വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ചാറ്റ് ചെയ്യാൻ ഉപയോഗിച്ച ഫോൺ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. എന്നാൽ കഴിഞ്ഞമാസമുണ്ടായ വഴക്കിനെ തുടർന്ന് പ്രകോപിതയായ താനാണ് ഫോൺ നശിപ്പിച്ചതെന്നാണ് ഭാര്യ പൊലീസിന് മൊഴി നൽകിയത്. വീട്ടിൽ പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെ പൊലീസ് സംഘം ചിറ്റൂർ റോഡിൽ ഷേണായിസ് തിയറ്ററിന് സമീപത്തുള്ള ഷാഫിയുടെ ഹോട്ടലിലുമെത്തി തെളിവുകൾ ശേഖരിച്ചു.

Eng­lish Sum­ma­ry: Bhag­w­al Singh’s home­stead will be exca­vat­ed and inspected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.