4 May 2024, Saturday

ഭരതൻ‑സംശയനിഴലിൽ നിര്‍ത്തപ്പെട്ട സദ്പുരുഷൻ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 19
August 4, 2023 4:15 am

രാമനും ഭരതനും തമ്മിൽ ഒരു സദ്ഗുണ പരീക്ഷ നടന്നാൽ അതിൽ ആരാണ് വിജയിക്കുകയെന്ന് തീർച്ചപ്പെടുത്തൽ അസാധ്യമായിരിക്കും. പക്ഷേ ആലോചനയുടെ സൂക്ഷ്മതലങ്ങളിൽ അധികാര മമതയില്ലായ്മ ഉള്‍പ്പെടെ പല വിഷയങ്ങളിലും ഒരു നെല്ലിടയെങ്കിലും രാമനെക്കാൾ മേലെനിൽക്കുന്ന സ്വഭാവമുള്ള രാമായണത്തിലെ ഒരേയൊരു കഥാപാത്രം ഭരതൻ മാത്രമാണെന്ന് മനസിലാകും. എന്നിട്ടും ദശരഥൻ, സീത, ലക്ഷ്മണൻ, കൗസല്യ എന്നിവരാലൊക്കെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടുന്ന ഉന്നതാദർശങ്ങളുടെ ദീപസ്തംഭമാണ് ഭരതൻ. ഈ ആശയം ചില രാമായണ സന്ദർഭങ്ങളിലൂടെ വിശദമാക്കാം.


ഇതുകൂടി വായിക്കൂ: മന്ഥര ‑രാമായണത്തിലെ സ്ത്രൈണ ശകുനി


കേകയം എന്ന അമ്മയുടെ നാട്ടിലാണ് ഭരതനും ശത്രുഘ്നനും അധികകാലവും ചെലവഴിച്ചത്; ദശരഥനോടൊപ്പം അയോധ്യയിലല്ല. അടുത്തിടപഴകാത്തതിനാൽത്തന്നെ ദശരഥന് ഭരതന്റെ സ്വഭാവം വേണ്ടത്ര മനസിലാക്കാനായില്ല. തനിക്ക് രാമനോടുള്ളത്ര സ്നേഹം തന്നെ ഭരതന് ജ്യേഷ്ഠനോട് ഉണ്ടെന്നു മനസിലാക്കുന്നതിൽ പരാജയപ്പെട്ട ദശരഥൻ രാമന്റെ യുവരാജാഭിഷേകം കേകയത്തിലേക്ക് ആളെ അയച്ച്, ഭരതൻ എത്തിച്ചേരാൻ ഇടവരാത്തവിധം ധൃതിപിടിച്ചാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഭരതനെ വരുത്താതെ ധൃതിയിൽ അഭിഷേകം നടത്താനുളള ദശരഥന്റെ നടപടികളാണ് അയോധ്യയിലാകെ സംശയനിഴൽ വിരിച്ചത്. ദശരഥൻ ഭരതനെ സംശയത്തിന്റെ നിഴലിൽ നിർത്തി നടത്താനാഞ്ഞ രാമാഭിഷേകം, അയോധ്യാപുരിയെ ഒന്നടങ്കം കാർമേഘം മൂടിയ സൂര്യനെയെന്നപോലെ സങ്കടത്തിന്റെ കരിമേഘങ്ങളാൽ ആവൃതമാക്കി ശ്വാസം മുട്ടിച്ചു. ‘ഭരതനും ശത്രുഘ്നനും എത്തിച്ചേർന്നിട്ടു പോരയോ അഭിഷേകം’ എന്നു കുശലം പറയാൻ പോലും നിഴൽവീണ മനസുള്ളവരായിത്തീർന്ന രാമനോ ലക്ഷ്മണനോ കൗസല്യയോ ത്രികാലജ്ഞനായ കുലഗുരു വസിഷ്ഠ മഹർഷിയോ തയ്യാറാകുന്നില്ല.


ഇതുകൂടി വായിക്കൂ: അഹല്യയും സീതയും രാമായണത്തിലെ പാതിവ്രത്യ പരീക്ഷകളും


രാമാഭിഷേകം മുടങ്ങി കാനനവാസത്തിന് രാമൻ ഒരുങ്ങവേ കൂടെപ്പോകാൻ സീത പറയുന്ന ന്യായങ്ങളിൽ ഒന്ന് ‘രാമനില്ലാത്ത അയോധ്യയില്‍ അന്തഃപുരനാരിയായ ഞാൻ ഭരതൻ എന്ന രാജാവിനാൽ എന്തൊക്കെ അനുഭവിക്കേണ്ടി വരും’ എന്നാണ്. ഭരതൻ തന്നെ ബലാത്സംഗം ചെയ്യുമോ എന്ന ശങ്ക പോലും സീതക്കുണ്ടായിരുന്നുവോ എന്നു തോന്നും ഈ സീതാന്യായം വായിക്കുമ്പോൾ. സീതപറയുന്നു: ”ന ത്വഹം മനസാ ത്വന്യം ദ്രഷ്ടാസ്മി ത്വദൃതേയനഘ\ ത്വയാരാഘവ ഗച്ഛേയം യഥാന്യാ കുലപാംസിനീ’(വാല്മീകി രാമായണം: അയോധ്യാ കാണ്ഡം; സർഗം30; ശ്ലോകം 7). ‘അല്ലയോ പാപരഹിതനായ ശ്രീരാമ, അങ്ങല്ലാതെ മറ്റൊരുത്തനെയും മനസുകൊണ്ടുപോലും പുരുഷനായി കാണാത്തവളാണ് ഞാൻ. കുലദോഷം വരുത്താത്തവളായ എന്നെ കാട്ടിലേക്ക് കൂടെക്കൂട്ടിയാലും’ എന്നതാണ് സീതാവാക്യാർത്ഥം.


ഇതുകൂടി വായിക്കൂ: അധ്യാത്മ രാമായണത്തിന്റെ ജനകീയതയും വിപ്ലവാത്മകതയും


രാമനൊപ്പമില്ലെങ്കിൽ ഏതു പുരുഷനും പുൽകാൻ തോന്നുന്ന സൗന്ദര്യം തനിക്കുണ്ടെന്ന തോന്നൽ സീതയ്ക്കുണ്ട്. അതുകൊണ്ടുതന്നെ രാമാഭാവത്തിൽ ഭരതനോ ലക്ഷ്മണനോ തന്നെ പ്രാപിക്കും എന്ന ഭയാശങ്ക സീത പ്രകടിപ്പിക്കുന്നുമുണ്ട്. ക്രൂരമായ ഈ ആശങ്കയുടെ നിഴലിൽ ലക്ഷ്മണനെപ്പോലെ നിൽക്കേണ്ടി വന്ന സദ്പുരുഷനാണ് ഭരതൻ. രാമനെ അഭിഷേകം ചെയ്ത്, അയോധ്യയിലേക്ക് കൂട്ടാൻ പരിവാര സമേതം കാട്ടിലേക്കു വരുന്ന ഭരതൻ, അപായപ്പെടുത്താൻ വരികയാണോ എന്ന ആശങ്ക ലക്ഷ്മണനും പ്രകടിപ്പിക്കുന്നുണ്ട്. ഇങ്ങനെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ട സദ്പുരുഷനായ ഭരതൻ രാമലക്ഷ്മണൻമാർക്കോ സീതാദേവിക്കോ കൗസല്യ, സുമിത്ര തുടങ്ങിയ മാതാക്കൾക്കോ എള്ളോളം ദ്രോഹം പോലും ഉള്ളിൽ നിനച്ചിരുന്നുമില്ല. എത്ര രാജ്യസ്നേഹമുണ്ടെങ്കിലും സംശയത്തിന്റെ നിഴലിൽ നിര്‍ത്തപ്പെടുന്ന നില രാജ്യത്തെ മുസ്ലിങ്ങൾ അനുഭവിക്കുന്ന പോലെ, എത്രമേൽ ശ്രീരാമ സ്നേഹം ഉണ്ടെങ്കിലും രാമനെ കൊന്ന് നാടുവാഴ്ച ഉറപ്പിക്കുമോ എന്ന സംശയനിഴലിൽ ഭരതനും നിൽക്കേണ്ടി വന്നിരുന്നു. ആ നിലയിൽ സംശയനിഴലിൽ നിൽക്കുന്ന സാത്വിക മാനവനാണ് ഭരതൻ എന്നുപറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.