23 December 2024, Monday
KSFE Galaxy Chits Banner 2

ഭാവിയിലേക്ക് തുറക്കുന്ന പുസ്തകം

ദീപ ഗോപകുമാർ
June 4, 2022 11:06 pm

തീഷ് ബാബു കൊല്ലമ്പലത്തിന്റെ ‘ആകാശം കാണാത്ത നക്ഷത്രങ്ങൾ’ എന്ന പുസ്തകം പല തലങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ട ഒരു പരിസ്ഥിതി ഗ്രന്ഥമാണ്. പതിനെട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. മനുഷ്യന്റെ പരിണാമം മുതൽ ഇന്നേവരെയുള്ള കാലത്ത് അന്തരീക്ഷ രാസമാറ്റം അവനിൽ ഉണ്ടാക്കിയ പരിണാമത്തെ വിശദമായി ഈ പുസ്തകം വിവരിക്കുന്നു. പരിണാമത്തിൽ രാസമാറ്റം എങ്ങിനെ സഹായിച്ചെന്നും എന്നാൽ ഹോമോസാപിയനായി വികസിച്ചശേഷം ഇതേ അന്തരീക്ഷ രാസമാറ്റം തന്നെ എന്തുകൊണ്ടാണ് ജനങ്ങളിൽ പെരുമാറ്റ വൈകല്യം ഉണ്ടാക്കിയതെന്നും പറയാൻ ശ്രമിക്കുന്നു.
മനുഷ്യന്റെ സംസ്കാര വികസനം ഒറ്റയടിയ്ക്ക് സംഭവിച്ചതല്ല. വ്യത്യസ്ത പ്രകൃതത്തിൽ, വ്യത്യസ്ത വേഗതയിൽ വിഭിന്നമായ ഒരുപാട് ഘട്ടങ്ങളിലൂടെയാണ് അത് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നത്.

വനങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണികൾ ആണ്. നഗരമദ്ധ്യത്തിൽ ഏക്കറുകൾ വിസ്തൃതിയുള്ള സാന്ദ്ര വനങ്ങൾ ഉണ്ടായിട്ടുപോലും എന്തുകൊണ്ട് ഡൽഹി നഗരം കാർബൺ മാലിന്യമുക്തമാവുന്നില്ല എന്ന വളരെ പ്രസക്തമായൊരു സംശയവും ഇതേ അദ്ധ്യായത്തിൽ വായിക്കാം. ഉത്തരവും അതിൽത്തന്നെയുണ്ട്. അതായത്, അതിസാന്ദ്ര വനങ്ങളുടെ ഉൾഭാഗത്തേക്ക് പോകുന്തോറും കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ വായു വളരെ കുറഞ്ഞ തോതിലാണ് ഉൾക്കാടുകളിൽ എത്തപ്പെടുന്നത്. തൽഫലമായി കാർബൺ ഡൈ ഓക്സൈഡ് ആഗിരണത്തിന്റെ കാര്യക്ഷമത കറയുമെന്നതിനു പുറമേ, പ്രകാശസംശ്ലേഷണത്തിനാവശ്യമായ കാർബൺ ഡൈ ഓക്സൈഡ് ആവശ്യത്തിനു ലഭ്യമാകാത്തതിനാൽ ഉൾവനങ്ങൾ ശോഷിച്ച് നശിക്കാനിടയാകുകയും ചെയ്യുന്നു. അതിനാൽ, വിസ്തൃതമായ സാന്ദ്ര വനങ്ങൾ അല്ല, വികേന്ദ്രീകൃതമായ ചെറുവനങ്ങളാണ് കൂടുതൽ ഫലപ്രദമായ കാർബൺ ആഗിരണികൾ. എന്നാൽ ഓരോ വ്യക്തിയും അവരവരാൽ കഴിയുന്നിടത്തോളം കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നതാണ് വനവികേന്ദ്രീകരണത്തോടൊപ്പം അനുവർത്തിക്കേണ്ട പ്രധാന പരിപാടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യരുടെ പരിണാമ ചരിത്രം പരിശോധിച്ചാൽ, അതിന് ജൈവ പരിണാമം, സാംസ്കാരിക പരിണാമം എന്നിങ്ങനെ വ്യക്തമായ രണ്ട് പഥങ്ങൾ ഉണ്ടെന്ന് കാണാം. ജീവിത സാഹചര്യങ്ങൾക്കനുസൃതമായി ശരീരഘടനയിൽ ഉണ്ടായ വ്യതിയാനങ്ങളെയാണ് ജൈവപരിണാമ പ്രക്രിയ പ്രതിനിധീകരിക്കുന്നത്. എന്നാൽ സാംസ്കാരിക പരിണാമമാകട്ടെ, ഒരു സമൂഹജീവി എന്ന നിലയിൽ മനുഷ്യരുടെ പരസ്പര ഇടപെടലുകൾ, അവരുടെ ചിന്തകൾ ജീവിത ശൈലികൾ തുടങ്ങിയ തലങ്ങളിൽ ഉണ്ടായ പുരോഗമനപരമായ മാറ്റങ്ങളുടെ നേർച്ചിത്രമാകുന്നു. മനഷ്യരുടെ ഈ രണ്ട് പരിണാമപഥങ്ങളെയും അന്തരീക്ഷവായുവിലെ രാസസാന്നിദ്ധ്യം സ്വാധീനിക്കുമോ? അന്തരീക്ഷത്തിലെ രാസമാറ്റം ഏതെങ്കിലും ഘട്ടത്തിൽ സാംസ്കാരിക പരിണാമ പ്രക്രിയയിൽ ഗുണകരമോ ദോഷകരമോ ആയ ദിശാവ്യതിയാനത്തിന് ഹേതുവാകുമോ? മേൽവിഷയങ്ങളാണ് ഈ ഗ്രന്ഥത്തിലെ, ‘ആകാശം കാണാത്ത നക്ഷത്രങ്ങൾ എന്ന അദ്ധ്യായത്തിൽ പരിശോധിക്കപ്പെടുന്നത്. സാധാരണ ഗതിയിൽ ജൈവ പരിണാമപ്രക്രിയയിലെ ഒരു ചെറിയഘട്ടം പോലും പൂർത്തീകരിക്കുന്നതിന് ലക്ഷോപലക്ഷം വർഷങ്ങൾ എടുക്കാറുണ്ട്. എന്നാൽ വ്യവസായ വിപ്ളവത്തിനു ശേഷം ഇങ്ങോട്ടുള്ള കാലത്ത് ഒരേ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന രണ്ട് തലമുറകൾ പോലും പ്രകടമായ സ്വഭാവവ്യതിയാനം കാണുന്നു. പുതിയ തലമുറ വികലമായ പെരുമാറ്റ രീതികൾ പ്രകടിപ്പിക്കുന്നു. അത്തരം സ്വഭാവരീതികൾ ജനിതകത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. പരിണാമ പ്രക്രിയ ശീഘ്ര പ്രകൃതത്തിലേക്ക് മാറുന്ന സൂചനയാണിത് നൽകുന്നത്. പരിണാമം കൺവെട്ടത്തു തന്നെ അനുഭവിച്ചറിയാനാകുന്ന ഒന്നായി മാറിയിരിക്കുന്നു. വ്യവസായ വിപ്ളവപൂർവകാലഘട്ടത്തിൽ അന്തരീക്ഷത്തിന്റെ സ്വഭാവിക ഘടനയെ മാറ്റിമറിക്കുന്ന വിധത്തിൽ യാതൊരു വിധ രാസോത്സർജനവും ഉണ്ടായിരുന്നില്ല.

അഗ്നിപർവ്വത സ്ഫോടനം, ഉൽക്കാവർഷം തുടങ്ങിയ പ്രാകൃതിക പ്രതിഭാസങ്ങൾ വഴിയുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനങ്ങളെ പ്രകൃതി സ്വാത്മനാ ഉൾക്കൊണ്ടിരുന്നു. എന്നാൽ വ്യവസായ വിപ്ളവകാലത്തും, അതിനു ശേഷവും ഉണ്ടായത് മനുഷ്യ പ്രേരിത രാസമലിനീകരണം ആണ്. ചെറിയ അളവിലുള്ള രാസമലിനീകരണം മനുഷ്യരുടെ നാഡീവ്യൂഹത്തെയും, അവയുടെ സംവേദന — ആശയ വിനിമയ ശേഷികളെയും ഉത്തേജിപ്പിക്കുന്ന ഒരു ത്വരകമത്രെ. വ്യവസായ വിപ്ലവോത്തര കാലഘട്ടത്തിൽ ആവിർഭവിച്ച നവോത്ഥാന കാലഘട്ടം ഈ വസ്തുത സാധൂകരിക്കുന്നു. കല, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലുണ്ടായ ഉണർവ്വും, ബൗദ്ധിക സ്വത്വ വികസനവും ചിന്താ സ്വാതന്ത്ര്യവും നവോത്ഥാന യുഗത്തിന്റെ മുഖമുദ്രകളായിരുന്നു എന്നോർക്കുക. എന്നാൽ സഹിഷ്ണുതാ പരിധി ഭേദിക്കുന്ന ഘട്ടത്തിൽ ഇതേ രാസമാലിന്യങ്ങൾ തന്നെ നാഡീകോശങ്ങളുടെ ആശയ വിനിമയ ശേഷി വികലമാക്കുകയും അതുവഴി അസഹിഷ്ണുതയും ആക്രമണ മനോഭാവവും അഴിച്ചുവിട്ട് സാംസ്കാരിക അപചയത്തിനും ഇടയാക്കുന്നു. പോഷണ വൈകല്യം അനുഭവിക്കുന്നവരിൽ ഈ അവസ്ഥകൾക്ക് രൂക്ഷതയേറുന്നു. ഇതു കൂടാതെ, അന്തരീക്ഷവായുവിന്റെ രാസഘടനാ വ്യതിയാനം വ്യക്തികളിൽ അമിത ഉത്ക്കണ്ഠയും അതൃപ്തമായ മാനസികാവസ്ഥയും സൃഷ്ടിക്കുന്നു. അതിൽ നിന്നും രക്ഷപെടുവാൻ അവർ അമിതമായ ഉപഭോഗ സംസ്കാരത്തിനടിമകളായി മാറുന്നു എന്നതാണ് വിചിത്രമായ കാര്യം. ആവശ്യങ്ങളേക്കാളേറെ അനാവശ്യ ആഡംബരങ്ങൾക്ക് മുൻഗണന നല്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് അവർ എത്തിപ്പെടുന്നു. സാധാരണക്കാരന്റെ തുച്ഛ വരുമാനം പോലും വൻകിടകുത്തകകൾ പിടിച്ചുപറിച്ചെടുക്കുന്നു സമ്പദ്കേന്ദ്രീകരണം വഴി രാജ്യത്തിന്റെ സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിലകപ്പെടുന്ന സാമ്പത്തിക ക്രമം നിലവിൽ വരുകയും ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തെ രാസായുധ പ്രയോഗം അന്തരീക്ഷത്തിന്റെ രാസസമവാക്യങ്ങൾ തെറ്റിച്ചു. അധികരിച്ച രാസ സാന്നിദ്ധ്യം ജനങ്ങളുടെ നാഡീവ്യവസ്ഥയെ സമ്മർദ്ദത്തിലാഴ്ത്തി. തൽഫലമായി നാഡീകോശങ്ങളുടെ ആശയ വിനിമയ ശേഷി ദുർബലമായി. ഉത്കണ്ഠയും, ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായ ജനങ്ങൾ വിപണിയിൽ പണം നിക്ഷേപിക്കുന്നതിലും പിന്നോട്ടു വലിഞ്ഞു. അതിന്റെ വ്യാപകപ്രതിഫലനം സാമ്പത്തിക മാന്ദ്യത്തിന്റെ ഭാവത്തിൽ പ്രകടമായി. ഏകദേശം ഇതേ അവസ്ഥ തന്നെയാണ് 2008‑ൽ അമേരിക്കയുടെ റിയൽ എസ്റ്റേറ്റ് മേഖലയെയും ഉലച്ചത്.
ഈ കാലഘട്ടത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അന്തരീക്ഷം നേരിടുന്ന രാസമാലിന്യാധിക്യം. ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന സ്ഥിരം തലവേദനയ്ക്ക് പുറമേ, അന്തരീക്ഷത്തിലെത്തിച്ചേരുന്ന ഉത്സർജ്ജിത വസ്തുക്കൾ കാലാവസ്ഥയെവരെ തീരുമാനിക്കുന്ന ഘട്ടത്തിലെത്തിനില്ക്കുന്നു. ഈ അവസരത്തിൽ തികച്ചും ഔചിത്യപൂർണ്ണമായ ഒരു കൃത്യമാണ് ഇത്തരം ഒരു ഗ്രന്ഥത്തിന്റെ രചനയിലൂടെ രചയിതാവായ സതീഷ് ബാബു കൊല്ലമ്പലത്ത് നിർവ്വഹിച്ചിരിക്കുന്നത്.

ആകാശം കാണാത്ത നക്ഷത്രങ്ങള്‍
(പഠനം)
ദീപ ഗോപകുമാർ
ഒലിവ് ബുക്സ്
വില: 600 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.