22 December 2024, Sunday
KSFE Galaxy Chits Banner 2

ഒഴുക്കവസാനിക്കാത്ത ഇന്നിന്റെ സൗരഭ്യം

സിന്ധു തിങ്കൾ
October 22, 2023 7:15 am

സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന 15 കഥകളുടെ സമാഹാരമാണ് ടി വി സജിത്തിൻറെ ഭൂമി പിളരുംപോലെ. അതിഭാവനയിൽ നിന്ന് അതിയാഥാർത്ഥ്യത്തിലേക്ക് വന്നുചേരുന്ന കഥകളാണത്. ജിവിതമെന്ന വിസ്മയത്തെ കലാത്മകമായി ആവിഷ്കൃതമാക്കുന്ന കഥകളുടെ ഒരു കൂട്ടം. കഥയാണോ യഥാർത്ഥ ജീവിതമാണോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥ. കുട്ടിത്തം വിട്ടു മാറാത്ത ഒരു പതിമൂന്നുകാരൻറെ കുഞ്ഞു മോഹങ്ങളുടെ സ്വകാര്യതയിലേക്കാണ് ഭൂമി പിളരും പോലെ ” ജാലകം തുറക്കുന്നത്. 

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഭർതൃഗൃഹത്തിലേക്ക് വരുന്നവൾ ഒറ്റപെടുന്നതിൻറെയും പിഡീപ്പിക്കപ്പെടുന്നതിന്റെയും പരിണതിയാണ് നഗ്ന മാതൃത്വം എന്ന കഥയിലൂടെ വെളിപ്പെടുന്നത്. ആർക്കും നിർവചിക്കാനാവാത്തവിധമാണ് ബന്ധങ്ങളുടെ ഗതി സജിത്ത് നമുക്കു മുന്നിൽ വരച്ചു കാട്ടുന്നത്. എന്നാൽ ഇതിനിടയിൽ കിടന്നു നട്ടം തിരിയുന്ന ഒരു പതിമൂന്നുകാരൻ — കഥാനായകനായി പ്രത്യക്ഷപ്പെടുമ്പോൾ നമുക്കും അവന്റെ മനസിന്റെ വിങ്ങൽ അനുഭവപ്പെടുന്നു. വെൺമയുടെ ശക്തമായ കഥാസന്ദർഭങ്ങളൊരുക്കി വർത്തമാനകാല ജീവിതത്തിലെ സമസ്യകളെ സധൈര്യം നേരിടുന്ന ഒരു എഴുത്തുക്കാരന്റെ തിളക്കമുള്ള കഥകളാണ് ഈ സമാഹാരം അടയാളപ്പെടുത്തുന്നത്. നിശ്ചയമായും പ്രതിരോധത്തിന്റെ ആന്തരിക ജ്വാലയായി ഈ കഥകൾ കത്തിനിൽക്കുകയാണെന്നു പറയാം. കാരണം കഥയെഴുത്ത് ഈ എഴുത്തുകാരന് ആത്മാവിഷ്കാരം മാത്രമല്ല ശക്തമായ പ്രതികരണം കൂടിയാണ്. മലയാളകഥകളുടെ കരുത്ത് വിളംബരം ചെയ്യുന്ന, ഗ്രാമതനിമയുടെ അകംകാഴ്ചകൾ മറയില്ലാതെ അവതരിപ്പിക്കുന്നതിൽ അസാധാരണ ധൈര്യവും അനിതരസാധാരണമായ കൈത്തഴക്കവും പ്രകടിതമാവുമ്പോൾ രതിയും ക്രൗര്യവും ചതിയും പ്രേമവും ആർദ്രതയുമൊക്കെ ഇടകലർന്ന് നിറച്ചാർത്ത് സൃഷ്ടിക്കുകയാണ് ഈ സമാഹാരം.
രണ്ടാമത്തെ കഥയായ എന്റെ മാത്രം ദേവമ്മ നല്ലൊരു കഥാനുഭവമാണ് പകർന്നു തരുന്നത്. ആവിഷ്ക്കരണത്തിലെ പുതുമയും അത് പകർന്നു തരുന്ന വികാരങ്ങളുമാണ് കഥയുടെ ശക്തി. എന്നാൽ ഇതിവൃത്തം വളരെ സൂക്ഷ്മമാണ്. സങ്കടങ്ങളും ഭയാശങ്കകളും ഭരിക്കുന്ന ‘നിന്റെ മാത്രം സിലി’ എത്ര ശാപശകാരങ്ങൾ കൊണ്ട് കണ്ണീർ വാർക്കുന്ന അമ്മമാരെയാണ് സൃഷ്ടിക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പേരെടുത്ത സ്ത്രീകളിൽ ആരുണ്ട് സന്തുഷ്ടിയുള്ളവരായിട്ട്? ഇന്ത്യയിൽ സ്ത്രീകൾ പൊതുവിൽ കഷ്ടസ്ഥിതിയിലാണ്. അതന്നുമിന്നും ഒരുപോലെയാണ്. സ്ത്രീകളുടെ ദുഃഖഭാരം മുഴുവൻ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട് ഈ കഥയില്‍.

വന്ധ്യത ഇന്നും പലരും അനുഭവിക്കുന്ന ഒരു തീരാവേദനയാണ്. ദാമ്പത്യ ജിവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുന്ന വേളയിൽ മനസിൽ മൊട്ടിട്ടു വിരിയുന്ന വികാരമാണ് ഒരു കുഞ്ഞിക്കാൽ കാണണമെന്നുള്ളത്. ഒരു മുല്ലപൂക്കുന്ന വിവരം നാം അറിയുന്നത് അതിന്റെ സൗരഭ്യം നമ്മെ ആകർഷിക്കുമ്പോഴാണ്. ദാമ്പത്യജീവിതത്തിലും അങ്ങനെതന്നെ. ഒരു തലമുറയുടെ മനസിലെ നീഗൂഢചിന്താഭാരങ്ങളും കിനാവുകളും കനലുകൊണ്ടും കണ്ണീരുകൊണ്ടും കരിക്കട്ടകളായ് തീരുന്ന നേരിന്റെ നെഞ്ചുതകർക്കുന്ന സ്മാരകങ്ങളാവുകയാണ് ഇതിലെ കഥാപത്രങ്ങളെന്ന് ടി വി സജിത് ‘കുഞ്ഞിക്കാൽ കാണാന്‍’ എന്ന ദുരന്തകഥയിലൂടെ ഒപ്പിയെടുത്തിരിക്കുന്നു.
മലയാളക്കരയിൽ ഇന്നും സാംക്രമികരോഗം പോലെ പടർന്നുകയറിയ ആധുനികതയുടെയോ അത്യന്താധുനികതയുടെയോ ഉൽപ്പന്നമായ ലൈംഗിക അരാജകത്വം സൃഷ്ടിച്ച ‘ഭൂമി പിളരും പോലെ’ കഥ വായിച്ചപ്പോൾ ശരിക്കും കടലിളകിമറിയുന്ന വെടിപടഹഗർജ്ജനമായി വായനക്കാർക്ക് തോന്നാം. നീണ്ടു പോകുന്ന കഥപറച്ചിലിൽ പലപ്പോഴും വിരസത സൃഷ്ടിക്കുമ്പോൾ, സൂക്ഷ്മതയാർന്ന കഥാസൂചന അത്ഭൂതപ്പെടുത്തും. അത്തരമൊരു കഥയാണ് ഭൂമി പിളരും പോലെ.
നന്മയുടെയും തിന്മയുടെയും സംഗമവേദിയാണ് മനുഷ്യമനസ്. ‘ഇരട്ടക്കൊലയിലെ ഞാൻ’ സമൂഹത്തിലെ ഹിംസാത്മകതയ്ക്കു നേരെയാണ് വിരൽചൂണ്ടുന്നത്. സ്വാതന്ത്ര്യം ചിലർക്കു മാത്രം തട്ടിപ്പറിച്ചു തിന്നാനുള്ളതാണെന്നും ഇന്നത്തെ ജീവിതത്തിലെ താളപ്പിഴകളെ ഈ കഥയിൽ കഥാകൃത്ത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. ജിവിതകാമനകളുടെ സചിത്രപുസ്തകം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സജിത്ത് കഥാപാത്രങ്ങളെ വേർതിരിക്കാനാവാത്ത വിധത്തിൽ മൂന്നാമതൊരു സമുദ്രം വായനക്കാരുടെ മനസുകളിൽ കൊളുത്തിവിട്ടു. സ്നേഹത്തിന്റെ പുതിയ പ്രവാഹം സൃഷ്ടിക്കുന്ന കാരുണ്യത്തിന്റെ വഴി ലോകത്തിന് വലിയൊരു മാതൃകയാണെന്ന് ‘മൈഥിലി‘യിലൂടെ സജിത്ത് വ്യക്തമാക്കുന്നു.
മനുഷ്യമനസിനെ ബാധിക്കുന്ന പകയുടെ കറുത്തഹസ്തങ്ങൾ അവന്റെ തന്നെ സർവനാശത്തിനു കാരണമായി മാറുമെന്നുള്ള യാഥാർത്ഥ്യം ഇന്നും പ്രസക്തമാണ്. പുരോഗമനപാതയിൽ എത്ര മുന്നേറിയാലും മനസിനെ ബാധിക്കുന്ന പക അർബുദത്തേക്കാൾ വേഗത്തിൽ മനുഷ്യരെ കാർന്നു തിന്നുന്നു. ബന്ധങ്ങളെ പൊട്ടിച്ചെറിയുന്നു. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം ഇല്ലാതെയാക്കുന്നു. ‘പകയിൽ തീർന്ന ഞാൻ’

ഒരു കടൽപാമ്പിനെപോലെ വളർന്ന് നായകനെ വലിച്ചു മുറുക്കുന്നു. അതോടെ ശരീരത്തിനുള്ളിലെ ഞാൻ എന്ന തോന്നൽ പൂർണമായി നഷ്ടപ്പെടുന്നു.
ചിന്തയുടെയും ധ്വാനത്തിന്റെയും ദർശനത്തിന്റെയും ദിവ്യതലങ്ങളിലൂടെ അമനീഭാവ വിസ്മയത്തിലേക്ക് അനുവാചകരെ ഈ കഥാസമാഹാരം ക്ഷണിക്കുന്നു. സ്വന്തം ഉണ്മയുടെ അസ്ഥിവാരം കണ്ടെത്തുവാൻ വഴികാട്ടുന്ന ഈ സമാഹാരം കഥയുടെ മഹിതവെളിച്ചം വർത്തമാനകാല മനസുകളിലേക്കെത്തിക്കുന്നു. ഭാവബന്ധുരമായ ഒരു മേഖലയിലേയ്ക്ക് തന്റെ കഥകളെ കൂട്ടികൊണ്ടു പോകുന്നതായ അനുഭവമാണ് ഭൂമി പിളരും പോലെ വായനക്കാര്‍ക്ക് നൽകുന്നത്. ലീനമായിരിക്കുന്ന പ്രണയവും വിരഹവും വ്യത്യസ്തമായ ദേശാഭിമാനപരമായ വികാരത്തിന്റെ വിജ്ഞാനത്തിന്റെയും തിളക്കം വെളിപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരം. 

ഭൂമി പിളരുംപോലെ
(കഥ)
ടി വി സജിത്ത്
കൈരളി ബുക്സ്
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.