23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 9, 2024
February 24, 2024
February 20, 2024
January 11, 2024
July 19, 2023
May 26, 2023
July 10, 2022
July 1, 2022
June 14, 2022
April 13, 2022

കോടീശ്വരന്മാര്‍ രാജ്യം വിടുന്നു: ഈ വര്‍ഷം മാത്രം 8000 പേര്‍ ഇന്ത്യ വിട്ടേക്കും

Janayugom Webdesk
June 14, 2022 10:39 pm

രാജ്യം വിടുന്ന കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം എണ്ണായിരത്തോളം കോടീശ്വരന്മാര്‍ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് ആഗോള പൗരത്വ ആസൂത്രണ സ്ഥാപനമായ ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് കോടിശ്വരന്മാരുടെ കൊഴി‌ഞ്ഞുപോക്ക് ഏകദേശം 14 ശതമാനമാണ് വര്‍ധിച്ചത്. കോവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും നിലനിന്നിരുന്നതിനാല്‍ 2021ലെ കണക്കുകള്‍ റിപ്പോര്‍ട്ടിലില്ല. അതേസമയം ഇന്ത്യയില്‍ നിന്ന് പോകുന്നതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാര്‍ ഓരോ വര്‍ഷവും രാജ്യത്തുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കുടിയേറ്റ നിക്ഷേപ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തിയവരുടെ എണ്ണം കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലുണ്ടായ അന്വേഷണത്തേക്കാള്‍ 55 ശതമാനം കൂടുതലാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെ കോടീശ്വരന്മാര്‍ കൂടുതലായി രാജ്യം വിടാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 15,000 പേര്‍ രാജ്യം വിട്ടേക്കും. ഇത് ആകെ പണക്കാരുടെ എണ്ണത്തിന്റെ 15 ശതമാനം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019നേക്കാള്‍ 9500 പേര്‍ അധികമാണിത്. രണ്ടാമത് ചൈനയാണ്. 10,000 ചൈനീസ് കോടീശ്വരന്മാര്‍ ഇക്കാലയളവില്‍ രാജ്യം വിട്ടു. ഇന്ത്യ കഴിഞ്ഞാല്‍ ഹോങ്കോങ് (3000), ഉക്രെയ്ന്‍ (2800) എന്നിങ്ങനെയാണ് കണക്കുകള്‍.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 8,81,251 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡിസംബറില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 30വരെയുള്ള കണക്കാണിത്. 1,33,83,718 ഇന്ത്യക്കാര്‍ വിദേശത്ത് കഴിയുന്നതായി വിദേശകാര്യമന്ത്രാലയം നവംബറില്‍ വ്യക്തമാക്കിയിരുന്നു.

ആകര്‍ഷണം യുഎഇ, ഓസ്ട്രേലിയ

കോടീശ്വരന്മാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് യുഎഇയാണ്. ഓസ്ട്രേലിയയും സിംഗപ്പൂരുമാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍. മെച്ചപ്പെട്ട ജീവിതസാഹചര്യവും നികുതി ഇളവുകളും ഇന്ത്യയേക്കാള്‍ ശക്തമായ പാസ്പോര്‍ട്ടുമാണ് ഇത്തരക്കാരെ ആകര്‍ഷിക്കുന്നത്. ജീവിതസാഹചര്യം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുമെന്ന് ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ ഗവേഷക വിഭാഗം മേധാവി ആന്‍ഡ്രൂ അമോയിസ് പറഞ്ഞു.

പൊതു സാമ്പത്തിക പ്രവചനങ്ങളനുസരിച്ച് ഇന്ത്യ അതിശക്തമായ രാജ്യമാണ്. 2031 ആകുമ്പോഴേക്കും കോടീശ്വരന്മാരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധവുണ്ടാകും. ഇതോടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വിപണിയായി ഇന്ത്യ മാറും. ഇത് രാജ്യത്തെ സാമ്പത്തിക, സാങ്കേതിക, ആരോഗ്യമേഖലകളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Bil­lion­aires are leav­ing the coun­try: 8000 peo­ple will leave India this year alone

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.