15 November 2024, Friday
KSFE Galaxy Chits Banner 2

കന്യാസ്ത്രീയെ പീഡിപ്പിച്ചക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

Janayugom Webdesk
കോട്ടയം
January 14, 2022 11:10 am

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ജി ഗോപകുമാര്‍ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്.

2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27ന് അവർ കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ് ഹരിശങ്കറിന് പരാതി നൽകി. പിറ്റേദിവസം തന്നെ പൊലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈഎസ്‌പിയായിരുന്ന കെ സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. അന്വേഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

2018 ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിൽ എത്തി. തുടർന്ന് 13ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു.

സെപ്റ്റംബർ 12ന് ഐജിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്ന് ഫ്രാങ്കോയ്ക്ക് നോട്ടീസ് നൽകി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയുടെ ചുമതലകൾ കൈമാറി കൊച്ചിയിലെത്തി ചോദ്യംചെയ്യലിന് വിധേയനായി. മൂന്നുദിവസമാണ് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോയെ തുടർച്ചയായി ചോദ്യംചെയ്തത്. മൂന്നാംദിവസം, 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും ഒരാഴ്ച മുമ്പാണ് വിചാരണ പൂർത്തിയാക്കിയത്. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ് ടോപ്പ് അടക്കമുള്ളവ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന് വേ­ണ്ടി സ­്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അഡ്വ. സുബിൻ കെ വർഗീസ് എന്നിവരും പ്രതി ഭാഗത്തിന് വേണ്ടി അഡ്വ. ബി രാമൻപിള്ള, അഡ്വ. സി എസ് അജയൻ എന്നിവരും ഹാജരായി.

ഇതുപോലൊരു വിധി ആദ്യം: ഹരിശങ്കര്‍

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ കോട്ടയം എസ്‌പി ഹരിശങ്കർ. കേസിൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അംഗീകരിക്കാന്‍ ആകില്ലെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വാധീനമുണ്ടെങ്കിൽ എന്തും നേടാവുന്ന കാലമെന്ന് കന്യാസ്ത്രീകൾ

കുറവിലങ്ങാട്: വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിലുണ്ടായതെന്ന് ഇരയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ പ്രതികരിച്ചു. പൊലീസും പ്രോസിക്യൂട്ടറും നൽകിയ നീതി കോടതിയിൽ നിന്നും ലഭിച്ചില്ല. സിസ്റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരും. മൊഴികൾ എല്ലാം അനുകൂലമായിരുന്നു. പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അപ്പീലിന് പോകുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാം. അങ്ങനെയൊരു കാലമാണ് നമ്മുടെ മുന്നിലുള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരായ കന്യാസ്ത്രീകളെ പോലെയുള്ളവർ എന്തു സംഭവിച്ചാലും കേസിനും പരാതിക്കും പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഈ വിധിയെന്ന് അവർ ചൂണ്ടിക്കാട്ടി.

കേസിന്റെ വാദം കഴിയുന്നതുവരെ അട്ടിമറി നടക്കുന്നതായി ബോധ്യപ്പെട്ടിരുന്നില്ല. അതിനു ശേഷമായിരിക്കാം അട്ടിമറി നടന്നിരിക്കുകയെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.

വിധിയെത്തുമ്പോഴേയ്ക്കും രൂപതയുടെ പ്രസ്താവന

മുൻകൂട്ടി എല്ലാം അറിഞ്ഞതുപോലെയായിരുന്നു ഇന്നലത്തെ കാര്യങ്ങള്‍. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു തൊട്ടുപിന്നാലെ നന്ദി പറഞ്ഞ് ജലന്ധർ രൂപതയുടെ ഔദ്യോഗിക പത്രപ്രസ്താവന. ഡിടിപി ചെയ്ത് പിആര്‍ഒയുടെ ഒപ്പോടുകൂടിയ പ്രസ്താവന കോടതി പരിസരത്ത് നിന്ന മാധ്യമപ്രവർത്തകർക്കാണ് വിതരണം ചെയ്തത്. ഒപ്പം ലഡുവിതരണവും.

രാവിലെ 9.30നു മുമ്പേ ബിഷപ് ഫ്രാങ്കോ സഹോദരൻ ഫിലിപ്പ്, ചാക്കോ എന്നിവർക്കും മറ്റു ബന്ധുക്കൾക്കും ഒപ്പം കോടതിയിൽ എത്തി. രാവിലെ 11 നു തന്നെ ജില്ലാ അഡീഷണല്‍ സെഷൻസ് കോടതിയിൽ നടപടികൾ ആരംഭിച്ചു. ഒറ്റ വരിയിൽ വിധിയെത്തി. കോടതി മുറിക്കുള്ളിൽ വച്ചു തന്നെ ബിഷപ് സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയും ചേർത്തു പിടിച്ചു, കോടതി കോംപ്ലക്സിന് പുറത്ത് ‘പ്രെയ്സ് ദ ലോർഡ്’ വിളികൾ മുഴങ്ങി.

 

ENGLISH SUMMARY;Bishop Fran­co Mulakkal case judge­ment followup
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.