എന്തൊരൂക്കോടെ കുന്നിറക്കം
അടവൊത്തൊരഭ്യാസിപോൽ മെയ് വഴക്കവും!
അച്ഛനുഗ്രപ്രതാപിയാണെന്ന
ഹുങ്കത്രമേലുണ്ടെടുപ്പിൽ; നടപ്പിലും
മാറിലൂക്കൻ കരിങ്കല്ലുമാലയും
മെയ്യിലാകെ കുളിർപതക്കങ്ങളും
വെണ്ണിലാവുൺമയാമുടൽചന്തവും
വെള്ളിയാടയും വെള്ളിച്ചിലങ്കയും
തുള്ളിയാർത്തു ചിരിത്തിളക്കങ്ങളും
ഉള്ളിലൂഷ്മളഭാവദലങ്ങളും
കണ്ണിലാകെ വിരിഞ്ഞ സ്വപ്നങ്ങളും
ജന്മനാടിന്നനാദിവൃത്താന്തവും.
ഏറെ ഉന്മാദിയാണിവളെങ്കിലും
സ്നേഹഗംഗയായ് വന്നു ‘മണാലി‘യിൽ
സ്വച്ഛശാന്തം പടർന്നൊഴുകി തളിർ -
പ്പച്ച വാരി വിരിച്ചാ തടങ്ങളെ
സ്വർഗ്ഗഭൂമിയായ് തീർക്കുന്നു, പിന്നെയാ
മാറിലൂടെ തുഴയെറിഞ്ഞെത്രയോ
ജീവിതങ്ങളെ പോറ്റുന്നു നിത്യവും
പണ്ടുമീമണ്ണിലാധിപത്യത്തിനായ്
വന്നതിക്രമം കാട്ടിയ വൈരിയെ*
വിശ്വരൂപം പുറത്തെടുത്തല്ലേ നീ
പേടിയാക്കി തിരിച്ചയച്ചൂ ബിയാസ്
പെറ്റു വീണോരനാദിയാം നാൾ മുതൽ-
ക്കെന്നുമീ മണ്ണിൻ കാവലാളാകവേ
വച്ചു നീട്ടുന്നിരുകരയാകെയും
ഉറ്റവൾക്കായ് സമൃദ്ധിതൻ കായ്ഫലം!
നല്ലിനിപ്പിൻ കനികളതൊക്കെയും
കണ്ടു കൺകുളിർത്തുള്ളംനിറഞ്ഞവൾ
കർമ്മപാതകൾ താണ്ടുവാൻ ബാക്കിയു-
ണ്ടേറെയെന്ന് തിടുക്കപ്പെടുകയായ്
മട്ടു മാറി പൊടുന്നനെ പർവ്വത -
ച്ചോട്ടിലൂടെ കുതിക്കുന്നു; സത് ലജിൽ
ചെന്നൊടുങ്ങിടും മുൻപിളവേൽക്കുവാൻ
തെല്ലുപോലും സമയമില്ലെന്നപോൽ!
ഇങ്ങനാണ് പുഴ പിറക്കുന്നതും
ചെന്ന് ചെന്ന് സമാധിയാവുന്നതും
തമ്മിലുള്ളിടവേളയിൽ ജീവിതം
നല്ലപോലെ വരച്ചു വയ്ക്കുന്നതും.
********
ബിയാസ് — ഹിമാലയൻ താഴ്‌വരയായ റോഹ്താങ് പാmfൽ നിന്നും മഞ്ഞുരുകി രൂപം കൊള്ളുന്ന നദി.
വൈരി* — അലക്സാണ്ടർ ദി ഗ്രേറ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.