അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ബദലായി ഒന്നു ഒരു മുന്നണി രൂപീകരിക്കുന്നതിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും, പ്രമുഖ വ്യക്തികളും അണിയറയില്‍ നീക്കങ്ങള്‍ നടത്തുമമ്പോള്‍ ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രധാന കക്ഷിയായ ജനതാദള്‍(യു) നേതാവും , ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ‑പിഎസി) സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ച ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു
ഇരുവരും മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജെ ഡി യു ഭാരവാഹിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും നേരിടാന്‍ ഒരു മുന്നണിയെ കുറിച്ച് പ്രശാന്ത് കിഷോര്‍ ജി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കെ, ‘ബി ജെ പിയും ജെ ഡി യുവും തമ്മില്‍ അത്ര രസത്തിലല്ലാത്തതിനാല്‍ ജെ ഡി യുവിന്റെ തന്ത്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പ്രശാന്ത് കിഷോറിന് കഴിയുമെന്ന് മറ്റൊരു നേതാവും പറഞ്ഞു. ബി ജെ പിക്ക് ഒരു സന്ദേശം നല്‍കാനാണ് നിതീഷ് കുമാര്‍ ഈ കൂടിക്കാഴ്ച ഉപയോഗിച്ചതെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വിജയത്തിന് ശേഷം പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രം മെനയുന്നത് പ്രശാന്ത് കിഷോറാണ്. 2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ അധികാരം നിലനിര്‍ത്താന്‍ മഹാസഖ്യത്തെ സഹായിച്ചിരുന്നു. പിന്നീട് നിതീഷ് ബി ജെ പിയ്‌ക്കൊപ്പം സഖ്യം ചേരുകയായിരുന്നു.
ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടായിരുന്നു. എന്‍ ഡി എയില്‍ വലിയ കക്ഷിയായത് ബി ജെ പിയായിരുന്നു. ഇതിന് ശേഷം ജെ ഡി യുവിനെ ഒതുക്കാന്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ശ്രമവുമുണ്ടായിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. ജെ ഡി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രശാന്ത്, നിതീഷുമായി കൂടിക്കാഴ്ച നടത്തിയത്.
2020 ല്‍ പാര്‍ട്ടി വിരുദ്ധ നടപടിയെ തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ ജെ ഡി യുവില്‍ നിന്ന് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രശാന്ത് കിഷോര്‍ രണ്ട് മണിക്കൂറോളം നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സംഭാഷണമാണ് നടന്നതെന്നും ഇരുവരും പ്രതികരിച്ചു. കഴിഞ്ഞ മാസം നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു.
കൊവിഡ് ബാധിച്ച് കിടക്കുമ്പോള്‍, എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിതീഷ് ജി എന്നെ വിളിച്ചിരുന്നു. കൊവിഡ് സമയത്ത്, ഞങ്ങള്‍ ഡല്‍ഹിയില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു, പ്രശാന്ത് കിഷോര്‍ പറഞ്ഞു. യോഗത്തില്‍ നിന്ന് രാഷ്ട്രീയ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ശനിയാഴ്ച ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നിതീഷ് കുമാര്‍ പറഞ്ഞു. എനിക്ക് പ്രശാന്ത് കിഷോറുമായി ഒരു പഴയ ബന്ധമുണ്ട്, കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ വ്യാഖ്യാനം നല്‍കി വായിക്കേണ്ടതില്ല,
അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇരു നേതാക്കളും മാത്രം പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലാണ് നടന്നതെന്ന് ജെ ഡി യു നേതാക്കള്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.ബീഹാറില്‍ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ജെഡിയു പരിധി വിട്ടാല്‍ വിവരമറിയുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെസ്വാള് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബീഹാറില്‍ 76 ലക്ഷം ബിജെപി പ്രവര്‍ത്തകരുണ്ട്. അവരില്‍ നിന്ന് മറുപടി ജെഡിയുവിനുണ്ടാകുമെന്നും സഞ്ജയ് ജെസ്വാള്‍ പറഞ്ഞു. ജെഡിയു പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. നേരത്തെ ജെഡിയുവിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹ പ്രധാനമന്ത്രിക്ക്ക്ക് കത്തയച്ചിരുന്നു.
നാടകകൃത്ത് ദയാ പ്രകാശ് സിന്‍ഹയുടെ പദ്മശ്രീ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ദയാപ്രകാശ് അശോക ചക്രവര്‍ത്തിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും, അതിനാല്‍ പത്മശ്രീ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം. ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് കൂടിയായ രാജീവ് രഞ്ജന്‍ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ജെഡിയുവും തമ്മിലുള്ള ബന്ധം വഷളായത്. നേരത്തെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ വഷളായത്. ഒരേ സഖ്യത്തിലാണ് ഇരുവരും എന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.
കൂടുതല്‍ കരുത്ത് ആര്‍ക്കാണെന്ന് കാണിക്കാന്‍ ഇരുപാര്‍ട്ടികളും തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. നാള്‍ക്കുനാളി ബിജെപിയും-ജെഡിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണ്. ബിജെപിയേയും,കോണ്‍ഗ്രസിനേയും എതിര്‍ക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മ രാജ്യത്ത് ഉടനീളം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെപോലെയാണ് ബിജെപിയും-കോണ്‍ഗ്രസും.ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നതിനുപകരം മൃദുഹിന്ദുത്വനയമാണ് കോണ്‍ഗ്രസും സ്വീകരിച്ചുപോരുന്നത്. കോണ്‍ഗ്രസ് നേതാവ് രാഗുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങളും, പ്രസ്ഥാവനകളും അത്തരത്തില്‍ മാറിയിരിക്കുന്നു.
English Sumamry: BJP alliance tired of Nitish Kumar too; Moves to leave the NDA are active in the ranks
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.