21 January 2026, Wednesday

Related news

January 21, 2026
January 8, 2026
November 15, 2025
June 15, 2023
June 7, 2023
March 16, 2023

ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുത്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദ് തമ്പിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
November 15, 2025 8:35 pm

ബിജെപി, ആർഎസ്എസ് പ്രവർത്തകരെ തന്റെ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദ് തമ്പി. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നത്.

ആത്മഹത്യാ കുറിപ്പിന്റെ പൂർണ്ണ രൂപം

ഞാന്‍ ആനന്ദ് കെ തമ്പി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഉള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവര്‍ ഒരു മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

 

ഞാന്‍ എന്റെ 16 വയസ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്. തുടര്‍ന്ന് എംജി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി പഠിക്കുമ്പോള്‍ ഞാന്‍ ആര്‍എസ്എസിനെ മുഖ്യശിക്ഷയും കോളജ് യൂണിയന്റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം ആര്‍എസ്എസിന്റെ പ്രചാരകനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായി കോഴിക്കോട് കുന്നമംഗലം താലൂക്കില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം തിരിച്ചുവന്ന് തിരുവനന്തപുരത്ത് ആര്‍എസ്എസിന്റെ തിരുമല മണ്ഡല്‍, തൃക്കണ്ണാപുരം മണ്ഡല്‍ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ, തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് അങ്ങനെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്‍പര്യം ഞാന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ എനിക്ക് ബിജെപി സ്ഥാനാര്‍ത്ഥി ആകാന്‍ സാധിച്ചില്ല.

 

എന്നാല്‍ ഞാന്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും മാനസികമായ സമ്മര്‍ദ്ദം എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. എന്റ അടുത്ത സുഹൃത്തുക്കള്‍ പോലും എന്നില്‍ നിന്ന് അകന്നു പോവുകയാണ്. ചിലപ്പോള്‍ അത് എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കും. ഈ സാഹചര്യം മുന്നില്‍ കണ്ട് കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു, ഞാന്‍ ഒന്ന് മുകാംബികയില്‍ പോയി കുറച്ചുദിവസം കഴിഞ്ഞിട്ടേ തിരിച്ച് വരികയുള്ളൂ എന്ന്. ഞാന്‍ കരുതിയത് മൂകാംബികയില്‍ പോയി കുറച്ച് ദിവസം ഭജന ഇരിക്കാം എന്നാണ്, പക്ഷേ എന്റെ ഭാര്യ ആതിര എന്നെ പോകാന്‍ അനുവദിച്ചില്ല. ജീവിതത്തില്‍ ഇന്ന് വരെ എന്റെ ഒരു കാര്യത്തിനും പിന്തുണ നല്‍കാതെ എന്നെ പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം മാത്രമേ എന്റെ ഭാര്യയില്‍ നിന്നും എനിക്ക് ഉണ്ടായിട്ടുള്ളൂ. ഞാന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഉള്ള താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അന്നുമുതല്‍ എന്നോട് കടുത്ത ദേഷ്യത്തോടും അമര്‍ഷത്തോടും മാത്രമേ എന്റെ ഭാര്യ എന്നോട് പെരുമാറിയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ആയതിനാല്‍ ഞാനെന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടിയുള്ള തുക എന്റെ ബെഡ്‌റൂമിലുള്ള മേശയുടെ അകത്തുള്ള ഒരു ബോക്‌സിനകത്ത് ഞാന്‍ വച്ചിട്ടുണ്ട്.

 

എന്റെ ബിസിനസുകളില്‍ ഗുരു എന്റര്‍പ്രൈസസില്‍ എനിക്ക് 15 ലക്ഷം രൂപയുടെ ഓവര്‍ട്രാഫ്റ്റ് യൂണിയന്‍ ബാങ്കിലും 12 ലക്ഷം രൂപയുടെ ബിസിനസ് ലോണ്‍ ബജാജ് ഫിനാന്‍സിലും 10 ലക്ഷം രൂപയുടെ ബിസിനസ് ലോണ്‍ ചോളമണ്ഡലം ഫിനാന്‍സിലും ഉണ്ട്. ഇതേ തുടര്‍ന്ന് കൈ വായ്പയായി ഞാന്‍ എന്റെ അച്ഛന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. അതിന് ഞാന്‍ എല്ലാ മാസവും 6,500 രൂപ വച്ച് എന്റെ അച്ഛന് പലിശയും കൊടുക്കുന്നുണ്ട്. നാളിതുവരെ എന്റെ എല്ലാ ലോണിന്റെയും ഇഎംഐകള്‍ വളരെ കൃത്യമായി ഞാന്‍ അടച്ചിട്ടുണ്ട്. ഗുരു അണ്ടര്‍പ്രൈസസ് എന്ന പേരിന്റെ പെയിന്റ് കടയില്‍ ഏകദേശം 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട്. അത് വിറ്റാല്‍ എന്റെ കടം തീര്‍ക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ തന്നെ വഞ്ചിനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ എനിക്ക് 22 ലക്ഷം രൂപ കിട്ടാനുണ്ട്. എന്റെ പേരില്‍ മാത്രം. ആ 22 ലക്ഷം രൂപ കിട്ടിയാല്‍ ബാങ്ക് ലോണ്‍ അടച്ച് തീര്‍ക്കാവുന്നതേയുള്ളൂ.
എന്റെ മരണത്തിനുശേഷം ഈ 22 ലക്ഷം രൂപ എങ്ങനെയെങ്കിലും വീണ്ടെടുത്ത് എന്റെ ലോണ്‍ അടച്ച് തീര്‍ക്കണമെന്ന് എന്റെ ബാധ്യത കൈമാറുന്ന വ്യക്തികളോട് ഞാന്‍ പറയുന്നു. കാരണം ഞാന്‍ ഒരു ബാധ്യതയും ആര്‍ക്കും ഉണ്ടാക്കിവെച്ചിട്ടില്ല. ഇപ്പോള്‍ കിടക്കുന്ന ബാധ്യതകള്‍ തീര്‍ക്കാനുള്ള മുഴുവന്‍ തുകയും ഗുരുപ്രൈസസ് എന്ന് പറഞ്ഞ സ്ഥാപനത്തിലും അതുപോലെതന്നെ വഞ്ചിനാട് കോര്‍പ്പറേറ്റീവ് സൊസൈറ്റിയില്‍ കിടക്കുന്ന എഫ്ഡിയിലും ഉണ്ട്.

 

ഇതിനും പുറമേ 12 ലക്ഷം രൂപ പെയിന്റ് എടുത്ത ഇനത്തില്‍ എനിക്ക് കിട്ടാനുണ്ട്. കടമായി വാങ്ങിക്കൊണ്ടു പോയതാണ് അതില്‍ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍ അറുപതിനായിരത്തി അറുന്നൂറ് തരാന്‍ ഉണ്ട്. പണ്ട് എന്റെ കൈയ്യില്‍ നിന്നും കൈവായ്പ വാങ്ങിയ ഇനത്തില്‍ ബിജെപി കൃഷ്ണകുമാര്‍ ടിപ്പര്‍ എനിക്ക് 12000 രൂപ തരാന്‍ ഉണ്ട്. അങ്ങനെ എനിക്ക് തരാനുള്ള പണത്തിന്റെ മുഴുവന്‍ ലിസ്റ്റ് ഗുരു എന്റര്‍പ്രൈസസിന്റെ വ്യാപാര്‍ സോഫ്റ്റ്വെയറില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഗുരു എന്റര്‍പ്രൈസസിലെ അക്കൗണ്ടന്റ് ആയിട്ടുള്ള കവിത ചേച്ചിക്ക് എനിക്ക് കിട്ടാനുള്ള തുക കൃത്യമായി അറിയാം. ഇനി എന്റെ മറ്റൊരു സ്ഥാപനം ആയിട്ടുള്ള അര്‍ബന്‍ കിച്ചനില്‍ ഞാന്‍ എന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആയിട്ട് 5 ലക്ഷം രൂപ ഇട്ടിട്ടുണ്ട്. ഇതിനുപുറമേ അര്‍ബന്‍ കിച്ചനില്‍ സാമ്പത്തിക പ്രതിസന്ധി വന്ന സമയത്ത് 6 ലക്ഷത്തി ഇരുപതിനായിരം രൂപ ഞാന്‍ പലതവണയായി അര്‍ബന്‍ കിച്ചന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. അതിന്റെ കണക്ക് എല്ലാ പാര്‍ട്ണനും വ്യക്തമായി അറിയാവുന്നതാണ് എന്റെ മരണശേഷം ഈ തുക എന്റെ പാര്‍ട്ണസ് എന്റെ കുടുംബത്തില്‍ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അര്‍ബന്‍ ടച്ച് എന്ന ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്നതിനു വേണ്ടി എന്റെ കയ്യില്‍ നിന്നും ഞാന്‍ 8 ലക്ഷം രൂപ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്തിട്ടുണ്ട. അത് നന്ദുവിന് കൃത്യമായി അറിയാം. ആ തുകയും അല്ലെങ്കില്‍ അര്‍ബന്‍ ടച്ചിന്റെ പാര്‍ട്ണര്‍ഷിപ്പ് എന്റെ മക്കളുടെ പേരില്‍ ആക്കി കൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 

കുടുംബ ഷെയറായി എനിക്ക് തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കള്‍ എന്റെ അച്ഛനും അമ്മയും ഇന്നുവരെ എനിക്ക് നല്‍കിയിട്ടില്ല. ആ ഷെയര്‍ എന്റെ മക്കളുടെ പേരില്‍ എഴുതി കൊടുക്കണം എന്ന് ഞാന്‍ എന്റെ അച്ഛനോട് അമ്മയോടും അപേക്ഷിക്കുകയാണ്. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല. പക്ഷേ ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും ആ ഭൗതികശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ജീവിതത്തില്‍ പറ്റി ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത് അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.
                                                                                                                   ആനന്ദ് കെ തമ്പി

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.