3 May 2024, Friday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ബിജെപി എംഎൽഎ എസ്‍പിയിൽ; യുപിയിൽ ആദിത്യനാഥിന് കാലിടറുന്നു

Janayugom Webdesk
ലഖ്നൗ
December 12, 2021 9:44 pm

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയായി സിറ്റിങ് എംഎല്‍എ പാര്‍ട്ടിവിട്ടു. സന്ത് കബീർ നഗറിലെ ഖലീലാബാദിൽ നിന്നുള്ള ബിജെപി എംഎൽഎ ദിഗ്‍വിജയ് നരേൻ ചൗബേയാണ് ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സാന്റ് കബീർ നഗർ ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണ് അദ്ദേഹം. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവുമാണ്. മണ്ഡലം പിടിക്കാനും പൂർവാഞ്ചലിൽ തരംഗമാകാനും ചൗബേയിലൂടെ സാധിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ജനസ്വാധീനം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആദിത്യനാഥിന്റെ ബിജെപിക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയായി മാറിയിരിക്കുകയാണ് ചൗബേയുടെ മാറ്റം. സീതാപുരിലെ ബിജെപി എംഎൽഎ രാകേഷ് രാതോർ ഒക്ടോബർ അവസാനം സമാജ്‍വാദി പാർട്ടിയിലേക്ക് ചേക്കറിയിരുന്നു.

ബഹുജൻ സമാജ് പാർട്ടിയിൽ നിന്നുള്ള മൂന്ന് ബ്രാഹ്മണ നേതാക്കളും മേഖലയിലെ ബിജെപി എംഎൽഎയോടൊപ്പം എസ്‍പിയിൽ ചേർന്നതോടെ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോരാട്ടം കൂടുതൽ കടുക്കുമെന്നുറപ്പായി. ബിഎസ്‌പി നേതാക്കളായ വിനയ് ശങ്കർ തിവാരി, കുശാൽ തിവാരി, ഗണേഷ് ശങ്കർ പാണ്ഡെ എന്നിവരെ എസ്‍പി നേതാവ് അഖിലേഷ് യാദവ് ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചു. മുതിര്‍ന്ന നേതാവായ ഹരിശങ്കർ തിവാരിയുടെ മക്കളായ വിനയ് ശങ്കർ തിവാരി ചില്ലുപാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കുശാൽ സാന്റ് കബീർ നഗറിൽ നിന്നുള്ള മുൻ എംപിയുമാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ജയിലിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പൊതുപ്രവർത്തകനാണ് ഹരിശങ്കർ തിവാരി. 1985ൽ ചില്ലുപാറിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 23 വർഷം നിയമസഭാംഗമായി തുടർന്നു. യുപിയിലെ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ അറിയപ്പെടുന്ന മുഖമായ ഹരിശങ്കറും ഉടൻ എസ്‍പിയിൽ ചേരുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്.

ബിഎസ്‌പി സർക്കാരിന്റെ കാലത്ത് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്നു ഗണേഷ് ശങ്കർ പാണ്ഡെ. വിനയ്, കുശാൽ, ഗണേഷ് എന്നിവരെ പുറത്താക്കിയതായി കഴിഞ്ഞയാഴ്ച ബിഎസ്‌പി അറിയിച്ചിരുന്നു. ഈ നേതാക്കളുടെ കൂറുമാറ്റം ബിജെപിക്കും ബിഎസ്‌പിക്കും തിരിച്ചടിയാണ്. ബിജെപിയുടെ ശക്തിയായ ബ്രാഹ്മണ വോട്ടുകളുടെ ഏകീകരണമാണ് എസ്‍പി പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ ലഖ്നൗവിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ ആറ് ബിഎസ്‌പി എംഎൽഎമാർ എസ്‍പിയിൽ ചേർന്നിരുന്നു. ഹർഗോവിന്ദ് ഭാർഗവ്, മുജ്തബ സിദ്ദിഖി, ഹക്കിം ലാൽ ബിന്ദ്, അസ്‌ലം റെയ്നി, സുഷമ പട്ടേൽ, അസ്‌ലം ചൗധരി എന്നിവരാണ് അന്ന് ബിഎസ്‍പി വിട്ടത്. 403 സീറ്റുകളുള്ള നിയമസഭയിൽ നിലവില്‍ 312 സീറ്റുകൾ ബിജെപി നേടിയപ്പോൾ സമാജ്‍വാദി പാർട്ടി 47 സീറ്റുകളാണ് നേടിയത്. ബിഎസ്‌പി 19 സീറ്റുകൾ നേടിയപ്പോള്‍ കോൺഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകൾ മാത്രം.

eng­lish sum­ma­ry; BJP MLA in SP; Adityanath steps foot in UP

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.