22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
February 16, 2023 4:30 am

ഇന്ത്യൻ പുരാണങ്ങളിൽ മൃഗങ്ങളും മനുഷ്യരുമായുള്ള ആലിംഗനവും രതിയും മറ്റും ആധികാരികരീതിയിൽത്തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. അതിലേറ്റവും രസകരം തവള രാജകുമാരിയുമായുള്ള പരീക്ഷിത്ത് രാജാവിന്റെ ദാമ്പത്യ ജീവിതമാണ്. ഒരേ പേരുള്ള പല കഥാപാത്രങ്ങൾ മഹാഭാരതത്തിലുണ്ടല്ലോ. അയോധ്യ വാണിരുന്ന ഒരു രാജാവാണ് തവളയെ കെട്ടിയ പരീക്ഷിത്ത്. ഒരു സഞ്ചാരത്തിനിടയിലാണ് പരീക്ഷിത്ത് തവളപ്പെണ്ണായ സുശോഭനയെ കണ്ടുമുട്ടുന്നത്. നല്ല പാട്ടുകാരിയാണ് ഈ തവളക്കുട്ടി. അവർ വിവാഹിതരായി. ഒരു കരാർ ഉണ്ടായിരുന്നു; സുശോഭനയെ വെള്ളം കാണിക്കരുത്. രാജാവ് അതീവരഹസ്യമായി സുശോഭനയുമായി മധുവിധു ആഘോഷിച്ചു. ഇത് മനസിലാക്കിയ മന്ത്രി തന്ത്രപൂർവം മറ്റൊരു കേളീഗൃഹം നിർമ്മിച്ചു. അവിടെ ഒരു തടാകം ഉള്ളതായി തോന്നുകയില്ല. കേളീവാസത്തിന്റെ ഒരു ഘട്ടത്തിൽ സുശോഭന വെള്ളം കാണുകയും അതിൽ ഒരു പച്ചത്തവളയായി അപ്രത്യക്ഷയാവുകയും ചെയ്തു. കോപാകുലനായ രാജാവ് സകല തവളകളെയും കൊല്ലാൻ ഉത്തരവിട്ടു. ആയുസ് എന്നു പേരുള്ള തവളരാജാവ് ഹാജരാവുകയും തവളവധ ഉത്തരവ് പിൻവലിച്ചാൽ മകളെ തരാമെന്ന് ഉത്തരവിടുകയും ചെയ്യുന്നു. രാജാവ് സമ്മതിക്കുകയും സുശോഭന വീണ്ടും ശോഭയോടെ ഭാര്യാപദവിയിലെത്തുകയും ചെയ്യുന്നു. കുതിരയുടെ മുഖമുള്ളവരും കുരങ്ങിന്റെ മുഖമുള്ളവരും പുരുഷബീജം ഏറ്റുവാങ്ങിയ മത്സ്യവും തത്തയും എല്ലാം പുരാണത്തിലുണ്ട്. മനുഷ്യരും സർപ്പങ്ങളും തമ്മിലുള്ള ബന്ധങ്ങളും പുരാണത്തിലുണ്ട്. ഇതൊക്കെ സങ്കല്പം അല്ലെന്നും സത്യമാണെന്നും കരുതിയ പ്രാകൃത ജനത ഈ മൃഗങ്ങളെയെല്ലാം ആരാധിക്കാൻ തുടങ്ങി.

ഉറുമ്പിനെയും മത്സ്യത്തെയും പ്ലേഗു പരത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന എലികളെയും ആനകളെയും പന്നിയെയും ആമയെയും സർപ്പങ്ങളെയും കോഴിയെയും മയിലിനെയും ചിലന്തിയെയും എല്ലാം ആരാധിക്കാൻ തുടങ്ങി. അടുത്ത് ചെന്ന് ആരാധിച്ചാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ സിംഹം, പുലി, കടുവ തുടങ്ങിയവയെ ദൈവവാഹനങ്ങളാക്കി ചിത്രപ്പെടുത്തി ആരാധിക്കാൻ തുടങ്ങി. മനുഷ്യന്റെ ജ്ഞാനപരിമിതി കാരണം ദിനോസറുകൾ ഒരു ദൈവത്തിന്റെയും വാഹനമായില്ല. പാവം മനുഷ്യന്റെ ഈ ഭക്തിപ്രവണതയെ മതവും പുരോഹിതവർഗവും മുതലാക്കി. അവരുടെ കീശയും ശരീരവും പുഷ്ടിപ്പെട്ടു. നിരർത്ഥകമായ ഈ പൂജാ പ്രവണതയെ രാഷ്ട്രീയവൽക്കരിച്ചപ്പോഴാണ് പശുവിനെ കെട്ടിപ്പിടിക്കാമെന്ന ഉത്തരവുണ്ടായത്. കേന്ദ്രത്തിലെ യുക്തിരഹിത ഭരണകൂടം ഇച്ഛിച്ചതേയുള്ളൂ മൃഗക്ഷേമബോർഡ് കല്പിച്ചു. അന്താരാഷ്ട്ര പ്രണയദിനത്തിൽ ആലിംഗനം ചെയ്യണമെന്നായിരുന്നു കല്പന. പശുവിനെ കെട്ടിപ്പിടിച്ചാൽ വൈകാരിക സമൃദ്ധിയുണ്ടാവുകയും സന്തോഷം വർധിക്കുകയും ചെയ്യുമത്രേ. ലോകത്തിന്റെ മുന്നിൽ ഭാരതീയർ ലജ്ജിച്ചു തല താഴ്ത്തിയ ഒരു ഉത്തരവായിരുന്നു അത്. ഇത്രയ്ക്ക് പ്രാകൃതരാണോ ഇന്ത്യക്കാർ എന്നോർത്തു ലോകം മൂക്കത്ത് വിരൽ വച്ചു. ആരാടാ എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാൻ വരുന്നതെന്ന് ഒരു കാള ചോദിക്കുന്നതായുള്ള കാർട്ടൂണും സമൂഹമാധ്യമങ്ങളിൽ വൈറലായി.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകാരിയായ പ്ലൂട്ടോണിയം


ലോകത്തിന്റെ പരിഹാസച്ചിരിക്കു മുന്നിൽ തലകുനിക്കേണ്ടിവന്ന ഭരണകൂടം വലിയ വിശദീകരണമൊന്നും കൂടാതെ ആ ഉത്തരവ് പിൻവലിച്ചു. ഭ്രാന്ത് പടർന്ന് പിടിച്ചവരാരെങ്കിലും കെട്ടിപ്പിടിച്ചിട്ടുണ്ടാവുകയും ചെയ്യും. നായ്ക്കളെ കല്യാണം കഴിപ്പിച്ചുകൊണ്ട് ഒരു ഹിന്ദു സംഘടന പ്രതിഷേധിച്ചുകഴിഞ്ഞു. പ്രണയികളെ പട്ടികളായി കണ്ടെന്നാണല്ലോ അതിന്റെ അർത്ഥം. നായ ഭാരതപുരാണത്തിൽ ഒരു മോശം മൃഗമല്ല. യുധിഷ്ഠിരനുമായി നായയ്ക്കുള്ള ബന്ധവും കിടപ്പുമുറിക്ക് മുന്നിലെ ചെരുപ്പിന്റെ കഥയും പ്രസിദ്ധമാണല്ലോ. ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണ്. കെട്ടുകഥകളെ മുൻനിർത്തിയാൽ വോട്ടുകിട്ടുമെന്നു ബോധ്യമായ ഭരണകൂടം ഇതിലപ്പുറവും ഇനി ചെയ്യും. പശുവിന് വോട്ടവകാശം കൊടുത്താൽ പോലും ആരും അത്ഭുതപ്പെടേണ്ടതില്ല. ഭരണമുറപ്പിച്ചു ജന്മനാടിനെ മതഭീകരവാദികൾക്കും കുത്തക മുതലാളിമാർക്കും തീറെഴുതാൻ അത് സഹായിക്കും. ഇനി ഇന്ത്യക്ക് സ്വന്തമായി ഒരു പ്രണയദിനം വേണമെന്നാണ് വാദമെങ്കിൽ അനാർക്കലിയുടെയും ജഹാംഗീറിന്റെയും പ്രണയം ഓർമ്മിപ്പിക്കുന്ന ഒരു ദിവസമോ പ്രണയത്തിന്റെ രക്തസാക്ഷിയായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ഓർമ്മദിനമോ സ്വീകരിക്കാവുന്നതാണല്ലോ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.