23 January 2026, Friday

Related news

January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 12, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026

ക്രിസ്ത്യൻ, മുസ്ലീം വീടുകളിലേക്ക് ബിജെപി; തന്ത്രം പാളുമെന്ന് ആശങ്ക

ബേബി ആലുവ
കൊച്ചി
February 26, 2023 9:33 pm

ലോക് സഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ നരേന്ദ്ര മോഡി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രം വിലപ്പോവില്ലെന്ന് സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗം. ഇവിടത്തെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കിടയിലെ സജീവ ചർച്ച ഉത്തരേന്ത്യയിൽ ഈ വിഭാഗങ്ങൾക്കു നേരെ സംഘ പരിവാർ സംഘടനകൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങൾ നിസാര പ്രാദേശിക വിഷയങ്ങൾ മാത്രമാണെന്ന് ലഘൂകരിച്ച്, മോഡി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലീം വീടുകൾ കയറി ലോക് സഭാ തെരഞ്ഞെടുപ്പിൽ ആ വിഭാഗങ്ങള ഒപ്പം നിർത്താനുള്ള ഭവന സമ്പർക്ക പരിപാടി, സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. 

എന്നാൽ, ഇത് പാഴ് പണിയാണെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങൾ ബിജെപി-യെ വിശ്വാസത്തിലെടുക്കുകയില്ലെന്നും അഭിപ്രായമുള്ള വലിയൊരു വിഭാഗം സംസ്ഥാന നേതൃത്വത്തിൽ തന്നെയുണ്ട്. പ്രത്യേകിച്ച്, സംഘപരിവാർ ആക്രമണ ങ്ങൾക്കെതിരെ ക്രൈസ്തവ സംഘടനകൾ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ. രാജ്യത്ത് ക്രൈസ്തവരും ക്രിസ്തീയ സ്ഥാപനങ്ങളും ആരാധനാലയങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നതിനെതിരെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹിയിൽ വൻ റാലി നടത്തി പ്രതിഷധിച്ചത് സമീപനാളിലാണ്. ക്രിസ്മസ് സമയത്ത് ക്രിസ്ത്യൻ വീടുകൾ തോറും സന്ദർശനം നടത്താനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളത്തിൽ നടപ്പാകാതെ പോയതും പല നേതാക്കളും ചൂണ്ടിക്കാണിക്കുന്നു.

യുപി, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഝാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടുന്നത്. അവരുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 21 സംസ്ഥാനങ്ങളിലായി ക്രൈസ്തവർക്കു നേരെ 597 ഉം പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ 1198 ഉം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്. രാജ്യത്തൊട്ടാകെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള അരക്ഷിത ബോധത്തെക്കുറിച്ചുള്ള ചർച്ച കേരളത്തിലെ സഭകളിലും വിശ്വാസികൾക്കിടയിലും സജീവമാണ്. ഇതിനിടയിൽ ക്രിസ്തീയ ഭവനങ്ങളിലേക്ക് സമ്പർക്ക പരിപാടിയുമായി ചെല്ലുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഭൂരിപക്ഷം സംസ്ഥാന നേതാക്കളുടെയും അഭിപ്രായം.

ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിലും മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്ക് അനുവദിച്ചിരുന്ന പണത്തിൽ കുറവ് വരുത്തിയതിലുമുള്ള അമർഷവും ക്രൈസ്തവ വിഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. യുപിഎസ്സി , എസ്എസ്സി പരീക്ഷകളുടെയും സംസ്ഥാന പിഎസ്സിയുടെയും പ്രിലിമിനറി ഘട്ടം വിജയിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്ക് നൽകി വന്ന സാമ്പത്തിക സഹായത്തിനു വേണ്ടി ഇക്കുറി പണം വകയിരുത്തിയിട്ടുമില്ല.
പശുക്കടത്ത് ആരോപിച്ച് ഇതര സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ മുസ്ലീം മതസ്ഥരും ആശങ്കയിലും ഉത്കണ്ഠയിലുമാണ്. രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് മുസ്ലീം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ വാഹനത്തിലിട്ട് ചുട്ടു കൊന്നത് ഈയിടെയാണ്. ഇതിൽ അറസ്റ്റിലായ അഞ്ചു പേരും ബജ്റംഗ ദൾ പ്രവർത്തകരാണ്.

Eng­lish Sum­ma­ry; BJP to Chris­t­ian and Mus­lim homes; Wor­ried that the strat­e­gy will fail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.