17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 2, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
March 12, 2025
February 26, 2025
February 15, 2025

ബിഎസ്എൻഎൽ 4ജി പാതിവഴിയിൽ മുടന്തുന്നു

തടസമായി സ്വദേശി സാങ്കേതിക വിദ്യ
സ്വന്തം ലേഖകൻ
കൊച്ചി
November 17, 2022 10:05 pm

രാജ്യം 5ജിയിലേക്ക് മാറിത്തുടങ്ങുമ്പോഴും 4ജിയിലേക്കുള്ള യാത്ര പാതിവഴിയിൽ അനിശ്ചിതത്വത്തിലായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഈ വർഷം നവംബറിൽ 4ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം എങ്ങുമെത്താതെ ജലരേഖയായി ഒതുങ്ങുകയാണ്. സ്വദേശി സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം വിനയായി മാറുകയായിരുന്നു. വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യകമ്പനികൾ 5 ജി യിലേക്ക് കടക്കുമ്പോൾ ബിഎസ്എൻഎൽ പാതിവഴിയിൽ മുടന്തുകയാണ്.

ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ വർഷം നവംബറിൽ 4ജിയിലേക്ക് മാറുകയും അടുത്ത വർഷം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും ഒക്ടോബർ ആറിനാണ് കമ്പനി പ്രഖ്യാപിച്ചത്. ടെൽകോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) പി കെ പുർവാറായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതുവരെയും ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ ലഭ്യമായിട്ടില്ല. ഓഗസ്റ്റ് 15 ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതിരുന്നതോടെയാണ് ബിഎസ്എൻഎൽ 4ജി പാതിവഴിയിലായത്. തുടർന്ന് ആഭ്യന്തര സാങ്കേതിക വിദ്യ വികസിപ്പിക്കുവാനും നവംബറിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാക്കാനുമായി ടിസിഎസുമായി ധാരണയിലെത്തിയിരുന്നു. 

പ്രഖ്യാപിച്ച തീയതി പിന്നിട്ടിട്ടും സാങ്കേതികമായി സേവനം ലഭ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ഘട്ടം മാത്രമാണ് ബിഎസ്എൻഎൽ പിന്നിട്ടിട്ടുള്ളതെന്ന് ബി എസ് എന്‍ എല്ലിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.സേവനം തടസമില്ലാതെ മുന്നോട്ടു പോകുന്നതിന് ഉദ്യോഗസ്ഥർ കയ്യിൽ നിന്നും പണം മുടക്കുന്ന അവസ്ഥയാണുള്ളത്.2021ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രൂഫ് ഓഫ് കൺസപ്റ്റ് (സാങ്കേതികമായി സേവനം ലഭ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ഘട്ടം) ഇപ്പോൾ മാത്രമാണ് പൂർത്തിയാക്കിയത്. അടുത്ത ഘട്ടം സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമുണ്ടാവുകയാണ് വേണ്ടത്. അതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് പറയുന്നുവെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

മറ്റ് സ്വകാര്യ സ്ഥാപനങ്ങളെല്ലാം ഉപയോഗിക്കുന്ന വിദേശ സാങ്കേതിക വിദ്യ ബിഎസ്എൻഎല്ലും ഉപയോഗിക്കുകയാണെങ്കിൽ നിലവിൽ 4ജി, 5ജി സേവനങ്ങൾ നൽകാനുള്ള സാഹചര്യമുണ്ടായേനെയെന്നു ജീവനക്കാർ പറയുന്നു. എന്നാൽ തദ്ദേശീയമായ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചതോടെയാണ് 4 ജിയിലേക്കുള്ള മാറ്റം വൈകിപ്പിച്ചത്. തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സാങ്കേതിക തടസങ്ങൾ കാരണമാണ് ബിഎസ്എൻ എല്ലിന് 4 ജി, 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കാത്തത്. സർക്കാർ ഇത് മനപൂർവം വൈകിക്കുകയാണെന്നും ബിഎസ്എൻഎല്ലിന് 4 ജി നിഷേധിക്കുകയാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.

18 മാസങ്ങൾക്കുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ ടവറുകള്‍ രാജ്യത്ത് സ്ഥാപിക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ടിസിഎസും സി-ഡോട്ടുമായി ചേർന്നാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഒരുക്കുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 4 ജി സേവനം നൽകുന്നതിനായി ആദ്യഘട്ടത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട 6000 ടവറുകൾ പോലും ഈ സമയത്തിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1.25 ലക്ഷം ടവറുകൾ സ്ഥാപിക്കണമെങ്കിൽ വളരെയധികം സമയമെടുക്കും ഈ കാലയളവിൽ സ്വകര്യ കമ്പനികൾ വളരെയധികം മുന്നോട്ടുപോകുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:BSNL 4G fal­ters midway
You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.