12 September 2024, Thursday
KSFE Galaxy Chits Banner 2

ബജറ്റ് ടൂറിസം; ആനവണ്ടി യാത്ര ഹിറ്റ്

എവിൻ പോൾ
ഇടുക്കി
October 20, 2022 9:05 pm

ടൂറിസം മേഖലക്കും കെഎസ്ആർടിസിക്കും ഊർജ്ജം പകർന്ന് ബജറ്റ് ടൂറിസം. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽ നിന്ന് കുറഞ്ഞ ചെലവിൽ ഒരുക്കിയ ആനവണ്ടി യാത്രയാണ് കെഎസ്ആർടിസിക്ക് പ്രതിസന്ധി ഘട്ടത്തിലും വരുമാനം നൽകുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ട്രിപ്പുകൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സവാരി രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവ്വീസ് നടത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിൽ ബജറ്റ് ടൂറിസം വലിയ രീതിയിൽ മുന്നേറുകയാണ്. നീലക്കുറിഞ്ഞി മലനിരകളിലേക്ക് ഉൾപ്പെടെ സഞ്ചാരികളുടെ ഒഴുക്കുള്ളതിനാൽ വലിയ പ്രതീക്ഷയാണ് കെഎസ്ആർടിസിക്ക് നൽകുന്നത്. 

അവധി ദിവസങ്ങളായ 22 മുതൽ 24 വരെ ജില്ലയിൽ ശാന്തമ്പാറ, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി ചെയിൻ സർവ്വീസുകളും ആരംഭിച്ചിട്ടുള്ളതായി ബഡ്ജറ്റ് ടൂറിസം കോ ഓർഡിനേറ്റർ എൻ ആർ രാജീവ് ജനയുഗത്തോട് പറഞ്ഞു. തൊടുപുഴ, മൂന്നാർ ഡിപ്പോകളിൽ നിന്ന് ബജറ്റ് ടൂറിസത്തിന് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. തൊടുപുഴ ഡിപ്പോയിൽ നിന്ന് മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 21 ഓളം സർവ്വീസുകളിൽ നിന്നായി 6 ലക്ഷം രൂപയോളം വരുമാനം നേടിയിരുന്നു. ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും ബജറ്റ് ടൂറിസം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. 

നിലവിൽ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഉൾപ്പെടെ ഇടുക്കിയിലേക്ക് നിരവധി ട്രിപ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചിട്ടുള്ളത്. കൂത്താട്ടുകുളം, കോതമംഗലം, ചാലക്കുടി ഡിപ്പോകളിൽ നിന്നും ഇടുക്കിയിലേക്ക് ട്രിപ്പുകൾ എത്തുന്നുണ്ട്. ശരാശരി 450 രൂപ മുതൽ 950 രൂപ വരെയാണ് ഒരാൾക്ക് ചെലവാകുന്ന തുക. 

Eng­lish Summary:Budget Tourism in ksrtc
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.