27 July 2024, Saturday
KSFE Galaxy Chits Banner 2

കെജ്‌രിവാള്‍ തൊടുത്തുവിട്ട ചാട്ടൂളി

അബ്ദുൾ ഗഫൂർ
May 13, 2024 4:45 am

50 ദിവസത്തെ ജയിൽ വാസത്തിനുശേഷം ഇടക്കാലജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ‌്‌രിവാൾ തന്റെ ആദ്യദിന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമർശങ്ങളും പ്രസ്താവനകളും ബിജെപിയെ പിടിച്ചുലച്ചിരിക്കുകയാണ്. 2024 ജൂൺ നാലിന് ശേഷം ബിജെപി ഇന്ത്യ ഭരിക്കില്ലെന്ന വിലയിരുത്തലോ ഏകാധിപതികൾ എപ്പോഴൊക്കെ രാജ്യം പിടിച്ചടക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ജനം അവരെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന ചരിത്രവായനയോ അല്ല കെജ‌്‌രിവാളിന്റെ പ്രസംഗത്തെ അഗ്നിസ്ഫുലിംഗങ്ങൾക്ക് സമാനമാക്കുന്നത്. ഇനിയും മോഡി അധികാരത്തിലെത്തിയാൽ പ്രതിപക്ഷ നേതാക്കളെ മുഴുവൻ മോഡി ജയിലിൽ അടയ്ക്കുമെന്ന പ്രവചനവുമല്ല അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍.

ഈ പ്രസ്താവങ്ങൾക്ക് ഓരോന്നിനും അദ്ദേഹം തന്റെ വാദമുഖങ്ങൾ നിരത്തുന്നുണ്ട്. ജൂൺ നാലിന് ശേഷം ബിജെപി ഭരിക്കില്ലെന്ന വാദത്തിന് ഉപോൽബലകമായി ഇത്തവണ അവർക്ക് 230 സീറ്റ് കടക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യ കൂട്ടായ്മ അധികാരത്തിലെത്തുമെന്നുമുള്ള തന്റെ വിലയിരുത്തൽ കെജ‌്‌രിവാൾ വിശദീകരിക്കുന്നു. എഎപി പുതിയ സർക്കാരിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ബിജെപി ഭരണം തുടർന്നാൽ കൂടുതൽ പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ജയിലിൽ അടയ്ക്കുമെന്നതിന് കൂടുതൽ വിശദീകരണത്തിന്റെ ആവശ്യവുമില്ല. എന്നാല്‍ ഇതിനെല്ലാമപ്പുറം കെജ‌്‌രിവാൾ തൊടുത്തുവിട്ട ചാട്ടുളിക്ക് സമാനമായ പരാമർശം നരേന്ദ്ര മോഡി നിശ്ചയിച്ച 75 എന്ന പ്രായപരിധിയാണ്. അതാണ് ബിജെപിയെയും രാജ്യത്തെയും ഇപ്പോൾ പിടിച്ചുലച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഹിന്ദുമതത്തെ ഭിന്നിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ


പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ഇന്ത്യ സഖ്യത്തോട് തുടക്കംമുതൽ ചോദിക്കുന്ന എൻഡിഎയോട് തിരിച്ചുചോദിക്കട്ടെ, വീണ്ടും അധികാരത്തിലെത്തിയാൽ എൻഡിഎയുടെ പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യരൂപേണയുള്ള പ്രസ്താവത്തോടെയാണ് കെജ‌്‌രിവാൾ ബിജെപിയെ ഞെട്ടിക്കുന്ന പരാമർശങ്ങൾ നടത്തിയത്. അടുത്ത സെപ്റ്റംബറിൽ മോഡിക്ക് 75 വയസ് തികയും, അപ്പോൾ ആരെയാകും പ്രധാനമന്ത്രിയാക്കുക എന്ന ചോദ്യമാണ് കെജ‌്‌രിവാൾ ഉന്നയിച്ചത്. അതുകൊണ്ട് ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്ന് പറഞ്ഞ കെജ‌്‌രിവാൾ 75 എന്ന പ്രായപരിധിയുപയോഗിച്ച് നടത്തിയ കടന്നാക്രമണം നരേന്ദ്ര മോഡിയെ മാത്രമല്ല, ബിജെപിയെയും ഇനിയുള്ള ദിവസങ്ങളിൽ വേട്ടയാടിക്കൊണ്ടേയിരിക്കും.

2014ൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് 75 വയസിന് ശേഷം ബിജെപി നേതാക്കൾ ഉന്നത പദവികൾ വഹിക്കരുതെന്ന വ്യവസ്ഥയുണ്ടാക്കിയത്. ഇന്നിപ്പോൾ അപകടം മണത്ത അമിത് ഷാ അങ്ങനെയൊരു വ്യവസ്ഥ ബിജെപിയുടെ ഭരണഘടനയിൽ ഇല്ലെന്ന് വാദിച്ച് തോൽക്കുവാൻ ശ്രമിക്കുന്നുണ്ട്. ഭരണഘടനയിൽ ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചില്ലെന്നത് വാദത്തിന് സമ്മതിച്ചാൽ പോലും മാധ്യമങ്ങളുടെ പഴയകാല കോപ്പികൾ തേടിയെടുത്താൽ അത് വസ്തുതാപരമല്ലെന്ന് വ്യക്തമാകും. 2016 ഓഗസ്റ്റ് 16ന് ദേശീയ മാധ്യമങ്ങൾ ഇതുസംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചതായി കാണാവുന്നതാണ്.

ദ മിന്റ് എന്ന ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ 2014 മേയ് മാസത്തിൽ അധികാരത്തിൽ വന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 75 വയസിനു മുകളിലുള്ള നേതാക്കൾ കേന്ദ്രസംസ്ഥാന സർക്കാരുകളിൽ ഭരണപരമായ പദവികൾ വഹിക്കരുതെന്ന നിർദേശം മന്നോട്ടുവച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. ആ വർഷം നവംബറിൽ 75 വയസ് തികയുന്ന ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ രാജിവച്ചത് അക്കാരണത്താലാണെന്നും വാർത്തയിലുണ്ടായിരുന്നു. പ്രായപരിധിയുടെ പേരിൽ സ്ഥാനം ഒഴിയുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് പട്ടേലെന്നും 76 വയസ് തികഞ്ഞ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുള്ള ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈയിൽ രാജിവച്ചെന്നും വാർത്തയിൽ പറയുന്നു. ബിജെപി നേതാക്കളുടെ പുതിയ വിരമിക്കൽ പ്രായം 75 ആണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്ന മുംബൈയിലെ രാഷ്ട്രീയ വിശകലന വിദഗ്ധൻ ജയ് മ്രുഗിന്റെ പ്രതികരണവും പ്രസ്തുത വാർത്തയിൽ ചേർത്തിട്ടുണ്ട്. യഥാർത്ഥത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിനെ മാറ്റിയത് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകാതെ നോക്കുന്നതിനായിരുന്നു. പക്ഷേ അതിനും കാരണമാക്കിയത് 75 എന്ന പ്രായപരിധി.


ഇതുകൂടി വായിക്കൂ: കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ


75 വയസ് തികയുമ്പോൾ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും 75 വയസോ അതിന് മുകളിലോ ഉള്ള നേതാക്കൾക്ക് ടിക്കറ്റ് കിട്ടുക എളുപ്പമല്ലെന്നും ഹരിയാന മുഖ്യമന്ത്രിയായിരിക്കെ മനോഹർ ലാൽ ഖട്ടർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രസ്താവനയും ഗൂഗിളിൽ ലഭ്യമാണ്.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിലെ രണ്ട് മന്ത്രിമാരെ 75 വയസ് പിന്നിട്ടതിനാൽ ഒഴിവാക്കിയിരുന്നു. ആഭ്യന്തര, വനം വകുപ്പുകൾ വഹിച്ചിരുന്ന ബാബുലാൽ ഗൗറിനെയും സർതാജ് സിങ്ങിനെയുമാണ് 2016ൽ ഒഴിവാക്കിയത്. ഈ രീതി രാജ്യവ്യാപകമായി പിന്തുടരാൻ ബിജെപി തീരുമാനിച്ചതായി പറയുകയും ചെയ്തിരുന്നു. അതേസമയം ഒരു വർഷത്തിനുശേഷം 2017ൽ അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ അത്തരമൊരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു.

75 വയസിന് മുകളിലുള്ളവർക്ക് സ്ഥാനങ്ങൾ നൽകേണ്ടതില്ലെന്ന മോഡിയുടെ തീരുമാനത്തിന് രാഷ്ട്രീയ സ്വയംസേവക് സംഘി (ആർഎസ്എസ്) ന്റെ അനുമതിയുണ്ടെന്നും 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ, ഇതിനായി മാർഗദർശക് മണ്ഡൽ രൂപീകരിക്കാൻ ബിജെപി തീരുമാനിച്ചു എന്നുമുള്ള വാർത്തകളും അക്കാലത്തുണ്ടായിരുന്നു. പ്രായപരിധിയുടെ പേരിൽ മാറിനിൽക്കേണ്ടിവന്ന എൽ കെ അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരായിരുന്നു പ്രസ്തുത സമിതിയിലെ അംഗങ്ങൾ. പ്രായപരിധിയുടെ പേരിൽ മാറ്റിനിർത്തിയവരുടെ പേരുകൾ കുറവായിരുന്നില്ല. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ, രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, മനോഹർലാൽ ഖട്ടർ, സുമിത്ര മഹാജൻ, യെദ്യൂരപ്പ… ആ പട്ടിക നീളുന്നു. ഈ നടപടി ബിജെപിക്കകത്ത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതിന്റെ വാർത്തകളുമുണ്ടായിരുന്നു. പ്രായപരിധി എന്ന ചട്ടം പാർട്ടി അംഗീകരിച്ചതല്ലെന്ന് ബിജെപി പാർലമെന്ററി സമിതി, തെരഞ്ഞെടുപ്പ് സമിതി അംഗമായ സത്യനാരായൺ ജതിയ പറഞ്ഞ കാര്യം 2022 നവംബറിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾ


യഥാര്‍ത്ഥത്തില്‍ തനിക്ക് തടസമാകുന്നവരെയും ഇഷ്ടമില്ലാത്തവരെയും ഒഴിവാക്കുന്നതിനുള്ള ഉപാധിയായാണ് മോഡി ഈ തീരുമാനത്തെ ഉപയോഗിക്കുന്നത്. എങ്കിലും മോഡിയുടെ അതേ തന്ത്രം മറുതന്ത്രമായി പ്രയോഗിച്ച കെജ‌്‌രിവാളിന്റെ, പ്രായപരിധി പ്രയോഗത്തെ മറികടക്കാൻ മോഡിക്ക് വല്ലാതെ വിയർക്കേണ്ടിവരും. ഇന്ത്യ സഖ്യത്തിന്റെ പ്രകടന പത്രികയിൽ ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞാണ് മോഡി എതിരാളികളെ കടന്നാക്രമിക്കുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുള്ളതെങ്കിൽ ബിജെപി പിന്തുടർന്നുപോരുന്ന പ്രായപരിധി എടുത്തിട്ട് ബിജെപിയെ വെട്ടിലാക്കുകയാണ് കെജ‌്‌രിവാൾ ചെയ്തിരിക്കുന്നത്. 75 വയസ് എന്ന പരിധിയില്ലെന്ന് പറഞ്ഞാൽ മാത്രം മറുപടി തൃപ്തികരമാകില്ല. ഇനി അവർക്ക് മോഡി എന്തുകൊണ്ട് 75 വയസ് കഴിഞ്ഞും തുടരുന്നുവെന്ന കാരണം കൂടി വിശദീകരിക്കേണ്ടിവരും. അതിന് എ ബി വാജ്പേയ് 80 വയസുവരെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് എന്ന ദുർബലമായ വാദം അവർക്ക് ഉന്നയിക്കുവാൻ കഴിഞ്ഞെന്നുമിരിക്കും. പക്ഷേ 75 എന്ന പ്രായപരിധിയിൽ തളയ്ക്കപ്പെട്ട് വിസ്മൃതരായ നേതാക്കളുടെയും അനുയായികളുടെയും കലാപം ബിജെപിയെ ഭാവിയിൽ അസ്വസ്ഥപ്പെടുത്താതിരിക്കണമെങ്കിൽ മോഡിക്ക് പാർട്ടിയിലും സ്വേച്ഛാധിപതിയാകേണ്ടിവരും. അത് ബിജെപിയുടെ അന്തഃഛിദ്രത്തിനും വഴിവച്ചേയ്ക്കാം. അത്യന്തം കടുത്ത ശക്തിയാണ് കെജ‌്‌രിവാൾ തൊടുത്ത ആയുധത്തിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.