10 January 2025, Friday
KSFE Galaxy Chits Banner 2

ഭരണഘടനയുടെ നേരെ പിന്നെയും വെടിയുണ്ടകൾ

എം കെ നാരായണമൂര്‍ത്തി
April 18, 2023 4:30 am

ത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മുൻ അധോലോക നേതാവും മുൻ എംപിയുമായ ആതിഖ് അഹമ്മദിനെയും അദ്ദേഹത്തിന്റെ സഹോദരൻ അഷ്റഫിനെയും മൂന്ന് പേർ ചേർന്ന് വധിച്ച വിവരം ഇന്ത്യയൊട്ടാകെ ചർച്ചയായിരിക്കുകയാണ്. പൊലീസുകാരുടെ കൺമുമ്പിൽ നടന്ന ഈ ഹീനമായ കൊലപാതകങ്ങൾ ഒരു സംസ്ഥാനത്തിന്റെ പൊലീസ് സംവിധാനവും അതിന് നേതൃത്വം നൽകുന്ന ഭരണകൂടവും സ്വീകരിക്കുന്ന നിലപാടുകളെയാണ് തുറന്ന് കാട്ടുന്നത്. ആദിത്യനാഥിന്റെ കാട്ടുനീതി ഇന്ത്യൻ ഭരണഘടനയെയും നമ്മുടെ സുപ്രീം കോടതിയുടെ അനുശാസനങ്ങളെയും കാറ്റിൽ പറത്തുന്നതാണ്.
ഈ കൊലപാതകങ്ങൾ ഭരണതലത്തിൽ ആസൂത്രിതമായതാണെന്നതിന് സുപ്രധാനമായ ചില തെളിവുകളുണ്ട്. ഈ മാസം 13നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പ്രയാഗ്‌രാജ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിടുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥപ്രകാരം കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് തന്നെ പ്രതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇവിടെ അതല്ല സംഭവിച്ചിട്ടുള്ളത്. ഈ മാസം 17വരെ കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് ശേഷമാണ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നത്. കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ, സെക്ഷൻ 54ന്റെ കൃത്യമായ ലംഘനമാണ് പൊലീസ് ഇക്കാര്യത്തിൽ കാണിച്ചിരിക്കുന്നത്. അതുപോലെ പ്രതികളെ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുന്നതും അസമയത്താണ്. അസമയത്ത് കൊണ്ടുപോകാൻ പ്രതികൾ ആവശ്യപ്പെടാത്തിടത്തോളം അത്തരത്തിൽ കൊണ്ടുപോകാൻ പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇനി പ്രതികൾ ആവശ്യപ്പെട്ടുവെന്ന് തന്നെയിരിക്കട്ടെ. ആ സമയത്ത് കൊലയാളികൾ എങ്ങനെ അവിടെയെത്തി? പത്രക്കാരുടെ രൂപത്തിലാണ് എത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ക്രിമിനൽ കേസിലെ പ്രതികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് പത്രക്കാരെ അറിയിക്കുന്ന പതിവ് ഇന്ത്യയിലെവിടെയുമില്ല. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സീനിയർ ഐപിഎസ് ഉദ്യാേഗസ്ഥർ ഉത്തർപ്രദേശ് പൊലീസിന്റെ ഈ പ്രവ‍‍ൃത്തികളെ ദുരൂഹമായാണ് കാണുന്നത്. പൊലീസ് പരിശോധനയ്ക്ക് പ്രതികളെ കൊണ്ടുവരാൻ ആംബുലൻസ് ഉപയോഗിക്കാത്തത് എന്ത് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി ഇതുവരെ ആരും പറഞ്ഞിട്ടില്ല.
പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ചില പഴയ ഹിന്ദി ചിത്രങ്ങളിൽ കാണുന്നതുപോലെ വിലങ്ങും ചങ്ങലയുമണിയിച്ച് നടത്തിയാണ്. സാധാരണ മെഡിക്കൽ പരിശോധനയ്ക്ക് പ്രതികളെ കൊണ്ടുവരുമ്പോൾ വിലങ്ങണിയിച്ചാലും ചങ്ങലയ്ക്കിടാറില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. ഇവിടെ ഒരു വിലങ്ങുപയോഗിച്ചാണ് ഇരുവരേയും ബന്ധിച്ചിരുന്നതെന്ന് അവിടെ നിന്നും വന്ന വീഡിയോകളിൽ കാണാം. ഇത്തരത്തിൽ പ്രതികളുടെ അന്തസിനെ സമൂഹമധ്യത്തിൽ താറടിക്കുന്ന തരത്തിലുള്ള വിലങ്ങുവയ്ക്കലും ചങ്ങലയ്ക്കിടലും 1978ൽ തന്നെ സുപ്രീം കോടതി വിലക്കിയിട്ടുള്ളതാണ്. ഡൽഹി അഡ്മിനിസ്ട്രേഷനും സുനിൽ ബത്ര എന്നയാളുമായി നടന്ന കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചത് ഇങ്ങനെയാണ് “Reck­less hand­cuff­ing and chain­ing in pub­lic degrades, puts to shame fin­er sen­si­bil­i­ties and is a slur on our cul­ture”. മറ്റൊരു കേസിൽ പ്രേം ശങ്കർ ശുക്ലയും ഡൽഹി അഡ്മിനിസ്ട്രേഷനുമായുള്ള കേസിൽ അന്യായമായ കൈയ്യാമം വയ്ക്കലിനെ പറ്റി സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്: “Bind­ing togeth­er either the hands or the feet or both has not mere­ly a pre­ven­tive impact, but also a puni­tive hurt­ful­ness.” ഇത്രയും വ്യക്തതയുള്ള വിധിന്യായങ്ങൾ നിലനിൽക്കേ ഏതു വിധത്തിലാണ് ഉത്തർപ്രദേശ് പൊലീസ് ഈ രണ്ടു പ്രതികളെയും ഒറ്റവിലങ്ങിൽ കൂട്ടിക്കെട്ടിയത്? അവർ തന്നെ ഏർപ്പാടാക്കിയ കൊലയാളികൾക്ക് ചെറുത്തു നിൽപ്പില്ലാതെ വെടിവച്ചു കൊല്ലാൻ ഉത്തർപ്രദേശ് പൊലീസ് അവസരമൊരുക്കുകയായിരുന്നു എന്ന് നിയമവിദഗ്ധർ പറയുന്നതിന്റെ നിയമ പശ്ചാത്തലമിതാണ്.


ഇതുകൂടി വായിക്കൂ: ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ പ്രദേശങ്ങൾ


ഇതിൽ ആതിഖിന്റെ മകൻ കൊല്ലപ്പെട്ടിട്ട് രണ്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഒരു കൊലപാതക കേസിൽ ജയിലിലായിരുന്ന ഈ പ്രതികളെ യാതൊരു സുരക്ഷയുമൊരുക്കാതെയാണ് ഈ മാസം 11ന് ഗുജറാത്തിലെ സബർമതി ജയിലിൽ നിന്നും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നത്. ആ യാത്രയിൽ തന്നെ പത്രക്കാരോട് തന്റെ ജീവൻ അപകടത്തിലാണെന്ന് മുൻ എംപി കൂടിയായ ആതിഖ് പറയുന്നുണ്ട്. അതൊന്നും വകവയ്ക്കാൻ യുപി പൊലീസ് തയ്യാറായിരുന്നില്ല. തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ആതിഖ് കോടതിയെ സമീപിച്ചിരുന്നു. നീതിന്യായ വ്യവസ്ഥാ നിർവഹണത്തിലെ കാലതാമസം കാരണം കേസിൽ വിധി ഇതുവരെയും വന്നിട്ടില്ല. സബർമതി ജയിലിൽ നിന്നും വീഡിയോ കോൺഫറൻസിങ്ങിലൂടെ തന്റെ ഭാഗം കേൾക്കണമെന്ന ആതിഖിന്റെ അപേക്ഷ പ്രയാഗ്‌രാജ് കോടതിയും തള്ളിയിരുന്നു.
എന്തായാലും രാജ്യം മുഴുവനും തത്സമയം കണ്ട ഈ കൊലപാതകങ്ങൾ ആഘോഷിക്കപ്പെടുകയും ചെയ്തു എന്നതാണ് ഏറെ വേദനാജനകം. അതിഹൈന്ദവവാദത്തിന് അടിമപ്പെട്ടുപോയ വികലമനസുകൾ ഈ കൊലപാതകങ്ങളെ ആഘോഷിച്ചത് ഉത്തർപ്രദേശിൽ മാത്രമാണെന്ന് കരുതരുത്. ചില മാധ്യമങ്ങൾ ഈ കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ ആവർത്തിച്ചു കാണിച്ചുകൊണ്ടേയിരുന്നു. ആരുടെ മനസിൽ ഭയം വളർത്താനാണ് ഇവരിത് ചെയ്തത്? യോഗി ആദിത്യനാഥിനെ കോരിത്തരിപ്പിച്ച് അതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം ഉറപ്പിക്കാനുമുള്ള ഹീനതന്ത്രം എന്നതിലുപരി ന്യൂനപക്ഷ വിചാരണകൾക്ക് കോടതി ആവശ്യമില്ലെന്ന സന്ദേശമാണ് ഇവർ ഇന്ത്യൻ ജനതയ്ത് നല്‍കിയത്. ഉത്തർപ്രദേശിലെ ഒരു മന്ത്രി പറഞ്ഞത് ഇത് കർമ്മഫലം ആണെന്നാണ്. വാർത്ത പുറത്തുവന്നയുടൻ ബിജെപി-ആർഎസ്എസ് പ്രവർത്തകർ യുപിയിലും ഗുജറാത്തിലും പടക്കം പൊട്ടിച്ച് ആഘോഷിച്ചത് എന്ത് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്? ഇന്ത്യൻ ഭരണഘടനയെ പിന്നിലൂടെ വെടിവച്ച ശേഷമാണ് ഈ ആഘോഷങ്ങൾ നടത്തുന്നത്. സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകള്‍ക്കിടയിലാണ് ഈ കൃത്യം നടത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.