17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 27, 2024
October 26, 2024
October 25, 2024
October 22, 2024

സി കെ ചന്ദ്രപ്പന്‍ സ്മരണ പുതുക്കി

web desk
തിരുവനന്തപുരം
March 22, 2022 8:15 pm

വിപ്ലവ കേരളത്തിന്റെ പ്രിയ പുത്രനായിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മരണ പുതുക്കി. സി കെയുടെ പത്താം ചരമ വാര്‍ഷികദിനമായിരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകളിലും പൊതുകേന്ദ്രങ്ങളിലും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചും ചന്ദ്രപ്പന്റെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ സമുചിതം ആചരിച്ചത്.

എം എന്‍ സ്മാരകത്തില്‍ ചന്ദ്രപ്പന്റെ ചിത്രത്തില്‍ മന്ത്രി അഡ്വ. കെ രാജന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

സിപിഐ സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ ചന്ദ്രപ്പന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ അഡ്വ. കെ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ചന്ദ്രപ്പനെന്ന് രാജന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്ത് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുത്തു. ചന്ദ്രപ്പനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം രാജ്യം ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് രാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. പി സന്തോഷ്‌കുമാര്‍, വിപി ഉണ്ണികൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍, മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, ഡെപ്യൂട്ടി മേയര്‍ പികെ രാജു, നവയുഗം പത്രാധിപര്‍ ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേര്‍ത്തലയില്‍ സി കെ ചന്ദ്രപ്പന്‍, കെ ആര്‍ സ്വാമിനാഥന്‍ സ്മരണ

ആലപ്പുഴയില്‍ സി കെ ചന്ദ്രപ്പന്റെയും കെ ആര്‍ സ്വാമിനാഥന്റെയും സ്മരണ പുതുത്തി. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിൽ വന്നപ്പോൾ ജനങ്ങളെ മറന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ. രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ജീവൻ കൊടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് നീറുന്ന ജനകീയ പ്രശ്നങ്ങള്‍ക്കും നിയമപരമായ അംഗീകാരം ലഭിക്കാനായി പാർലമെന്റിൽ പോരാടിയ ആളാണ് സി കെ ചന്ദ്രപ്പൻ. 18-ാം വയസ്സിലെ വോട്ടവകാശം, യുവാക്കൾക്ക് തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം തുടങ്ങിയ ആവശ്യങ്ങൾ ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് ചന്ദ്രപ്പനായിരുന്നു.

ചേർത്തലയിൽ സി കെ ചന്ദ്രപ്പൻ, കെ ആർ സ്വാമിനാഥൻ അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

ഏത് പാർട്ടിക്കാരും ഒരു പോലെ അംഗീകരിച്ച സി കെ ചന്ദ്രപ്പൻ ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെയാകണമെന്ന് മാതൃക കാട്ടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുക്കും ചിട്ടയുമുള്ള പ്രസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിൽ ചന്ദ്രപ്പൻ നൽകിയ സംഭാവന ചെറുതല്ല. സാധാരണക്കാരുടെ പക്ഷത്ത് എന്നും നിലയുറപ്പിച്ച അദ്ദേഹത്തിന് രാഷ്ട്രീയ കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് പ്രകാശൻ അധ്യക്ഷനായി.

 

ചന്ദ്രപ്പൻ അനശ്വരനായ കമ്മ്യൂണിസ്റ്റ്: അഡ്വ. കെ പ്രകാശ് ബാബു

വെഞ്ഞാറമൂട്: സി കെ ചന്ദ്രപ്പൻ അനശ്വരനായ കമ്മ്യൂണിസ്റ്റ് ആണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു. സി കെ ചന്ദ്രപ്പന്റെ പത്താം ചരമവാർഷിക ദിനത്തിൽ വെഞ്ഞാറമൂട് സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരത്തിൽ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്അം‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണൻ, കള്ളിക്കാട് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ എം റൈസ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു

 

വെഞ്ഞാറമൂട് സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരത്തിൽ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു സംസാരിക്കുന്നു

 

സി കെ ചന്ദ്രപ്പന്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്

സി കെ ചന്ദ്രപ്പന്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സി കെ ചന്ദ്രപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി, യുവജന പ്രവർത്തന കാലഘട്ടം മുതൽ സി കെ ചന്ദ്രപ്പൻ ഉജ്ജ്വലനായ പ്രക്ഷോഭകാരിയായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പതിനെട്ട് വയസിൽ വോട്ടവകാശവും തൊഴിൽ രഹിതർക്ക് തൊഴിലില്ലായ്മ വേതനവും വേണമെന്നാവശ്യപ്പെട്ട് ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചു. ഇതിനുവേണ്ടി പാർലമെന്റേറിയൻ എന്ന നിലയിൽ നടത്തിയ പോരാട്ടവും ഒരിക്കലും മറക്കാനാവില്ല. ത്യാഗപൂർണമായ ജീവിതത്തിനിടയിലും മൂല്യാധിഷിത രാഷ്ട്രീയത്തിന് പ്രാധാന്യം കൽപിച്ചിരുന്ന നേതാവായിരുന്നു സി കെ എന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് സി കെ ചന്ദ്രപ്പന്‍ അനുസ്മരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും സങ്കീർണ്ണമായ ദേശീയ രാഷ്‌ടീയ സാഹചര്യത്തിൽ ഇടതുപക്ഷത്തെ കൂടുതൽ കരുത്താർജ്ജിപ്പിക്കുന്നതിൽ വ്യക്തമായ കാഴ്ചപ്പാടും, നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന ശൈലിയുമായിരുന്നു സഖാവ് സി കെയുടേത്. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയവും കൃത്യമായി പഠിച്ച് സ്വകാര്യബില്ലിലൂടെ ഭരണകൂടത്തെ ഓർമ്മപെടുത്താനും നടപടി എടുപ്പിക്കുന്നതിനും ചന്ദ്രപ്പൻ എന്ന മികച്ച പാർലമെന്റേറിയൻ കാണിച്ചിട്ടുള്ള മാതൃക ജനാധിപത്യ പ്രക്രിയയിൽ എന്നും അനുസ്മരിക്കപ്പെടുന്നതാണ്. ജാതി, മത, വർഗീയ, രാഷ്രീയ നയങ്ങളിലൂടെ രാജ്യത്തെ തകർക്കാനുള്ള ഫാസിസ്റ്റു ഭരണകൂട ഭീകരതയെ മറികടക്കാനുള്ള പോരാട്ടങ്ങൾക്ക് സി കെ ചന്ദ്രപ്പൻറെ ആശയവും പ്രവർത്തന പാടവവും നമുക്ക് കരുത്തുപകരുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.

കലൂർ കെ മുരളി സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. “വിറ്റഴിക്കപ്പെടുന്ന ഇന്ത്യ” എന്ന വിഷയത്തിൽ പ്രഫ കെ അരവിന്ദാക്ഷൻ, ഭരണഘടനയും പാർലമെന്റും എന്ന വിഷയത്തിൽ അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ പ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ എൻ സുഗതൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, ഐഎഎൽ ജനറൽ സെക്രട്ടറി സി ബി സ്വാമിനാഥൻ, പി പി ഗീത, ആർ സുരേഷ്, എ എം ഷിഹാസ് തുടങ്ങിയവർ സംസാരിച്ചു. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. പി എ അസീസ് സ്വാഗതവും വർക്കിങ് പ്രസിഡന്റ് അഡ്വ. ജി മോട്ടിലാൽ നന്ദിയും പറഞ്ഞു.

സി കെ ചന്ദ്രപ്പൻ അനുസ്മരണവും മികച്ച കർഷകരെ ആദരിക്കലും കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പാലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

 

കിസാന്‍സഭ സി കെ അനുസ്മരണം നടത്തി

കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സി കെ ചന്ദ്രപ്പൻ ചരമവാര്‍ഷികദിനം ആചരിച്ചു. പാലക്കാട് നടന്ന പരിപാടിയില്‍ മികച്ച കർഷകരെ ആദരിച്ചു. ജില്ലയിലെ മികച്ച സമ്മിശ്ര കർഷക സംരംഭകൻ കെ എം ജോണി അട്ടപ്പാടി, മികച്ച ജൈവപരിപാലകൻ എൻ അരവിന്ദൻ പൊമ്പ്ര, മികച്ച നെൽകർഷകൻ വേണുഗോപാൽ തൃത്താല, മികച്ച ജെെവ നെൽകർഷകൻ എം സി കൃഷ്ണൻകുട്ടി, ഒറ്റപ്പാലം, കർഷകശ്രീ അവാർഡ് ജേതാക്കളായ സ്വപ്ന ജെയിംസ്, പി ഭുവനേശ്വരി, മാതൃകാ പച്ചക്കറി കർഷകൻ ഫിലിപ്പ് ചാക്കോ ലക്കിടി, പ്രവാസി ക്ഷീരകർഷകരും ഇരട്ടകളുമായ നൗഫൽ-അഫ്സൽ സഹോദരന്മാർ മൂന്നേക്കർ, മലയോര മേഖലാ മികച്ച സമ്മിശ്ര കർഷകൻ മാതൻ വെറ്റിലച്ചോല ട്രെെബൽ കോളനി, മികച്ച കൃഷി അസിസ്റ്റന്റ് എസ് കെ ബിനു, ഷോളയൂർ തെക്കേ ചാവടിയൂർ ഊരുകൂട്ടായ്മ, വടക്കഞ്ചേരി ജെെവ പാടശേഖരസമിതി കൃഷി ഓഫീസർ ടി ടി അരുൺ തുടങ്ങിയവരെയാണ് ആദരിച്ചത്.

കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി, ജില്ലാ എക്സി അംഗം സുമലതാ മോഹൻദാസ്, കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറി വിജയകുമാർ, കെ എം മോഹനൻ, പി അശോകൻ, എം എൻ കരുണാകരൻ, ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എ എസ് ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ സ്വാഗതം പറഞ്ഞു.

Eng­lish sum­ma­ry: 10 year mem­o­ries of Com­mu­nist leader C K Chandrappan

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.