നുണകൾ ആവർത്തിച്ച് സത്യമാണെന്ന് തോന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് തന്ത്രങ്ങളിൽ പ്രധാനമാണ്. ഗീബൽസ് എന്ന പേരിൽ കുപ്രസിദ്ധനായ പോൾ ജോസഫ് ഗീബൽസ് ആയിരുന്നു ഹിറ്റ്ലറുടെ കാലത്ത് ഈ കൃത്യം ഭംഗിയായി നിർവഹിച്ചിരുന്നത്. പ്രസ്തുത തന്ത്രത്തിന്റെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണാധികാരികൾതന്നെ നുണകൾ പ്രചരിപ്പിച്ച് വസ്തുതയാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നു എന്നതാണ് ആധുനിക ഫാസിസത്തിന്റെ പ്രത്യേകത. ഇന്ത്യയിൽ അത് ഗോദി മീഡിയകൾ മാത്രമല്ല നിർവഹിക്കുന്നത്, വിലയ്ക്കെടുക്കപ്പെട്ട പ്രചാരകവൃന്ദവുമല്ല, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെ ഭരണാധികാരികൾതന്നെ നിർലജ്ജം ആ ജോലി നിർവഹിക്കുന്നു.
2019ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയിൽ അതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നുവന്നത്. പൗരത്വം നിർണയിക്കുന്നതിനെ മതാധിഷ്ഠിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സാമുദായിക ധ്രുവീകരണമാണ് നിയമഭേദഗതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്നും തിരിച്ചറിഞ്ഞവരാണ് പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ചത്. അത് രാജ്യത്തിന്റെ മതേതര ഘടന നിലനിർത്തണമെന്ന ആവശ്യത്തിൽ അടിയുറച്ചതായിരുന്നു. അതുകൊണ്ടാണ് മതപരമായ വിവേചനം നേരിടുന്ന എല്ലാ മതങ്ങളിൽപ്പെട്ട കുടിയേറ്റക്കാരെയും പൗരത്വം നല്‍കുന്നതിന് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. എന്നാൽ അടിസ്ഥാനപരമായ ഈ നിലപാടിനെ കാണാതെയും അതിന് മറുപടി പറയാതെയും നുണകൾ പടച്ചുവിടുന്നതിനാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ശ്രമിച്ചതെന്ന് കാണാനാകും.
ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നതുകൊണ്ട്, പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മുസ്ലിങ്ങൾ മതപരമായ വിവേചനം നേരിടേണ്ടിവരുന്നില്ലെന്നിരിക്കെ, ആ രാജ്യങ്ങളിലെ മുസ്ലിം പൗരൻമാർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാണോ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത് എന്ന മറുചോദ്യമുന്നയിക്കുകയാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർ അന്ന് ചെയ്തത്. ആ രാജ്യങ്ങളിലെ 30 കോടി ജനങ്ങൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നാണോ പറയുന്നതെന്ന യുക്തിക്ക് നിരക്കാത്ത ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
നേരത്തെ സൂചിപ്പിച്ച, ഇന്ത്യൻ ഭരണഘടന പൗരത്വത്തിന് മാനദണ്ഡമായി മതത്തെ നിർവചിച്ചിട്ടില്ലെന്ന യഥാർത്ഥ വസ്തുതയെ മറച്ചുപിടിച്ച് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന മറുചോദ്യത്തിലൂടെ അതിനെ നേരിടാനുള്ള ദുർബലമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങളാണെങ്കിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വിവേചനം നേരിടുന്ന മുസ്ലിം അവാന്തര വിഭാഗങ്ങളുണ്ട് എന്ന വസ്തുതയും മന്ത്രിമാരുൾപ്പെടെ ബോധപൂർവം മൂടിവയ്ക്കുകയും ചെയ്യുന്നു.
ഈ വിധത്തിൽ നുണകളെക്കൊണ്ട് വസ്തുതകളെ മറച്ചുപിടിച്ചാണ് ഫാസിസ്റ്റുകൾ എല്ലാ കാലത്തും തങ്ങളുടെ ജനവിരുദ്ധവും പിന്തിരിപ്പനും പ്രാകൃതവും ദുഷ്ടലാക്കോടെയുമുള്ള നയങ്ങളും പരിപാടികളും നടപ്പിലാക്കിപ്പോന്നിരുന്നത്.
ബിജെപി അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്നത്. അതിന്റെ അടിസ്ഥാനത്തിൽ 2019ലെ നിയമ ഭേദഗതിയെയും ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചട്ടങ്ങൾ പുറപ്പെടുവിച്ചതിനെയും ന്യായീകരിക്കേണ്ടത് ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര മന്ത്രിമാരുടെയും ബാധ്യതയാണ്. എന്നാൽ അവിടെയും പെരുംനുണകളുടെ ഘോഷയാത്രയാണ് നടത്തുന്നത്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായി ചട്ടങ്ങൾ പുറപ്പെടുവിച്ചതിനെ ന്യായീകരിച്ച് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖം. രാജ്യത്തെ പ്രമുഖ ഓൺലൈൻ, ദൃശ്യ, അച്ചടി മാധ്യമങ്ങളെല്ലാം പ്രസ്തുത അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാഴ്സികളും ക്രിസ്ത്യാനികളും സിഎഎയ്ക്ക് യോഗ്യരാണ്, എന്നാൽ മുസ്ലിങ്ങൾ അല്ല, എന്തുകൊണ്ട് എന്ന ചോദ്യത്തിന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം ഉത്തരം നൽകുന്നത്. എന്തുകൊണ്ട് മുസ്ലിങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നതിന് വിശദീകരണം നൽകുന്നില്ല.
ഇന്ത്യയിൽ ജനിച്ചിട്ടില്ലാത്ത മതവിഭാഗങ്ങളായ പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും പോലും പൗരത്വം തേടാൻ നിയമം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമ്മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഒഴിഞ്ഞുമാറൽ. ആധുനിക അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യ എന്ന ആശയമാണ് അഖണ്ഡ ഭാരതമെന്ന് വിശദീകരിക്കുന്ന അദ്ദേഹം പിന്നീട് പറയുന്നതാണ് കല്ലുവച്ച നുണ.
വിഭജന സമയത്ത് പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നുവെന്നും ഇപ്പോൾ അത് 3.7 ശതമാനമായി കുറഞ്ഞുവെന്നും ബാക്കിയുള്ളവർ എവിടെ പോയെന്നും ചോദിച്ച് അദ്ദേഹം തന്നെ നൽകുന്ന ഉത്തരം, ഇത്രയും പേർ ഇവിടെ വന്നില്ല. നിർബന്ധിത മതപരിവർത്തനം നടന്നു, അവരെ അപമാനിച്ചു, രണ്ടാംതരം പൗരന്മാരായി കണക്കാക്കി എന്നൊക്കെയാണ്.
1951ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നുവെന്നും 2011ൽ ഇത് 10 ശതമാനമായി കുറഞ്ഞുവെന്നും അവർ എവിടെ പോയെന്നും തുടർന്ന് അദ്ദേഹം ചോദിക്കുന്നു. ഒറ്റകേൾവിയില്‍ അതിന്റെ യുക്തിയിൽ സംശയം തോന്നില്ലെങ്കിലും ആഴത്തിൽ പരിശോധിക്കുമ്പോഴാണ് പൊള്ളത്തരം വ്യക്തമാകുന്നത്.
വിഭജന സമയത്ത്, അതായത് 1947ൽ പാക് ജനസംഖ്യയിലെ 23 ശതമാനം ഹിന്ദുക്കളായിരുന്നുവെന്ന അദ്ദേഹത്തിന്റെ വാദം യാഥാർത്ഥ്യമാണെന്നതിന് നിദാനമായ കണക്കുകളില്ല. ഇന്ത്യ ടുഡെ 2019ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് 1951ൽ മുസ്ലിം ഇതര ജനസംഖ്യ 3.44 ശതമാനമാണെന്നാണ്. 1998ൽ അത് 3.70 ശതമാനമായി ഉയർന്നുവെന്നും. ഇനി വാദത്തിന് അമിത് ഷായുടെ 23 ശതമാനമെന്നത് സമ്മതിച്ചാൽ പോലും പാക് ജനസംഖ്യയിൽ ഹിന്ദുക്കളുടെ മൊത്തം എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് കാണാവുന്നതാണ്. 1951ലെ പാക് ജനസംഖ്യ നാലു കോടിയിൽ താഴെ മാത്രമായിരുന്നു. അതിന്റെ 3.44 ശതമാനം കണക്കാക്കിയാൽ 17 ലക്ഷത്തോളമാണ് വരിക. ഇനി അമിത് ഷാ പറയുന്ന 23 ശതമാനത്തിന്റെ കണക്കനുസരിച്ചാണെങ്കിൽ അത് 92 ലക്ഷം വരും. അമിത് ഷാ പറയുന്നത് 2011ൽ ഹിന്ദു ജനസംഖ്യ 3.7 ശതമാനമായെന്നാണ്. അതേസമയം നേരത്തെ സൂചിപ്പിച്ച ഇന്ത്യ ടുഡേ ലേഖനത്തിൽ അത് നാല് ശതമാനത്തിന് മുകളിലാണ്. ഏതായാലും ഇപ്പോഴത്തെ പാകിസ്ഥാനിലെ ജനസംഖ്യ 24.25 കോടിയായി ഉയർന്നിട്ടുണ്ട്. അതിന്റെ 3.7 ശതമാനമെന്നത് ഒരു കോടിയോളമാണ്. 1951ലെ യഥാർത്ഥ ജനസംഖ്യാ കണക്കനുസരിച്ച് 16 ലക്ഷത്തിൽ നിന്ന് 90 ലക്ഷമായി ഉയർന്നു. ഇനി യാതൊരു പിൻബലവുമില്ലാതെ അമിത് ഷാ പറയുന്ന കണക്കനുസരിച്ചാണെങ്കിൽ പോലും 90 ലക്ഷത്തിനടുത്ത് തന്നെയാണ് ഹിന്ദു ജനസംഖ്യ. ജനസംഖ്യാ നിയന്ത്രണം സ്വയം നടപ്പിലാക്കിയ സമുദായങ്ങളിൽ ലോകത്ത് എല്ലായിടത്തും ജനസംഖ്യയിൽ കുറവുണ്ടായി എന്ന വസ്തുതയും ഇവിടെയോർക്കണം.
ഇതുതന്നെയാണ് ബംഗ്ലാദേശിന്റെ കണക്ക് പരിശോധിച്ചാലും വ്യക്തമാകുക. 1951ൽ ബംഗ്ലാദേശിലെ ജനസംഖ്യ 4.3 കോടിയാണ്. 2020ൽ അത് 16 കോടിയോളമായി. അമിത് ഷാ പറയുന്നതനുസരിച്ച് 1951ൽ ബംഗ്ലാദേശിലെ ജനസംഖ്യയിൽ 22 ശതമാനം ഹിന്ദുക്കളാണെന്ന് കണക്കാക്കിയാൽ 94 ലക്ഷത്തോളം പേർ വരും. അമിത് ഷാ പറയുന്ന 10 ശതമാനമെന്ന ഇപ്പോഴത്തെ കണക്ക് 2020ലെ 16 കോടി ജനസംഖ്യയുമായി താരതമ്യം ചെയ്താൽ അത് ഒന്നരക്കോടിയിലധികമാകുകയും ചെയ്യും. ശതമാനത്തിന്റെ കണക്ക് നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് അവർ ശ്രമിക്കുന്നതെന്ന് വ്യക്തം. യഥാർത്ഥത്തിൽ ഹിന്ദു ജനസംഖ്യയിൽ വർധനയുണ്ടായെന്നാണ് കാണാനാവുക. ഇത്തരം വസ്തുതകൾ നിലനിൽക്കെയാണ് നുണകളുടെ കോട്ടകെട്ടി തങ്ങളുടെ ദുർബലമായ വാദങ്ങളെ ന്യായീകരിക്കുവാൻ അമിത് ഷായെപ്പോലുള്ളവർ വൃഥാ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.