28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 27, 2024
November 13, 2024
October 30, 2024
September 28, 2024
September 21, 2024
September 20, 2024
July 27, 2022
May 19, 2022
March 10, 2022
January 31, 2022

വിപണിയിലെ കേമനായി കാന്താരി

വിഷ്ണു എസ് പി
September 28, 2024 9:24 am

മുളകുകളിൽ വച്ച് ഏറ്റവും കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും മുന്നിൽ കാന്താരി തന്നെ. 600 മുതല്‍ 800 രൂപവരെയാണ് ഇപ്പോൾ കാന്താരിക്ക് വിപണിയിൽ വില. എന്നാൽ വ്യവസായികാടിസ്ഥാനത്തിൽ അധികം ഉല്പാദനം ഇല്ലാത്തതും വിപണിയിൽ നല്ല ഡിമാന്റുള്ളതുമായ താരമാണ് കാന്താരി മുളക്. മറ്റ് മുളകുകളുടെ കാര്യത്തിലും വാണിജ്യ കൃഷി കേരളത്തിൽ കുറവ് തന്നെ. കാന്താരി മുളക് പൊട്ടിച്ചതും ഉള്ളിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത മുളക്ചമ്മന്തി ഇഷ്ടപ്പെടാത്തവരാരും തന്നെയില്ല. വിറ്റമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള കാന്താരി മുളകിന് മലയാളികളുടെ ഭക്ഷണക്രമത്തിലുള്ള സ്ഥാനം വളരെ വലുതാണ്. എന്നാൽ അസിഡിറ്റി പോലെ ഉദര രോഗമുള്ളവർ മുളകിന്റെ ഉപയോഗം മിതപ്പെടുത്തേണ്ടതുമാണ്.

 

അധികമായാൽ അമൃതം വിഷമെന്നപോലെ മിതമായ തോതിലുള്ള മുളകിന്റെ ഉപയോഗം നമുക്ക് ആവശ്യവുമാണ്. ബക്യാപ്സിക്കം ഫ്രൂട്ടി സെൻസ്ബ എന്നറിയപ്പെടുന്ന കാന്താരി വീട്ടുവളപ്പിൽ യഥേഷ്ടം വളർത്തിയെടുക്കാവുന്ന ഒരു ആദായവിള കൂടിയാണ്. കീടരോഗബാധയും കുറവാണ്. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്കെതിരെ ഒരു ഔഷധമായും കാന്താരി മുളക് ഉപയോഗിച്ച് വരുന്നു. രണ്ട്, മൂന്ന് വർഷം വരെ വിളവ് തരുന്ന ഇവ ഒരു ഇടവിളയായും കൃഷി ചെയ്യാം. റബ്ബർ തോട്ടങ്ങളിൽ ആദ്യവർഷങ്ങളിൽ ഒരു അനുയോജ്യ ഇടവിളയാണ് കാന്താരി മുളക്. അച്ചാർ ഉണ്ടാക്കുന്നതിനും കാന്താരി ഉത്തമമാണ്. ഉണക്കി കവറിലാക്കിയ കാന്താരി ധാരാളമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉണക്കി ദീർഘകാലം സൂക്ഷിക്കാം എന്നുള്ളത് ഇതിന്റെ മറ്റൊരു മേന്മയാണ്. ഒരു ചെടിയിൽ നിന്നും വർഷം ശരാശരി 22.5 കി. ഗ്രാം വരെ വിളവ് ലഭിക്കും. വലിപ്പം കുറഞ്ഞ പച്ച കാന്താരിക്കാണ് പ്രത്യേക ഗുണമേന്മ സവിശേഷതകളുള്ളത്.

 

ഇനങ്ങൾ പലവിധം

 

സമൃദ്ധി മഞ്ഞ കലർന്ന വെള്ളനിറമുള്ള കാന്താരി (കാർഷിക സർവകലാശാല ഇനം). ഇതുകൂടാതെ നീല കാന്താരി, വെള്ളകാന്താരി എന്നിങ്ങനെ പല നിറത്തിലുള്ള അലങ്കാര മുളകിനങ്ങളും ഉണ്ട്. (ഇവ യഥാർത്ഥ കാന്താരിയുടെ ഇനങ്ങളല്ല എന്നു മാത്രം)

കാന്താരി കൂടാതെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉപയോഗിക്കുന്ന മറ്റു ചില മുളകിനങ്ങൾ പരിചയപ്പെടാം

പച്ചമുളക്

 

ബക്യാപ്സിക്കം ആനംബ എന്നറിയപ്പെടുന്ന പച്ചമുളക് ഹോട്ട് പെപ്പർ എന്നും അറിയപ്പെടുന്നു. കേരളത്തിൽ പച്ചമുളകിനായി വളർത്തുന്ന ഇവ മറ്റു സംസ്ഥാനങ്ങളിൽ ഉണക്ക (ചുവന്ന) മുളക് ഉണ്ടാക്കുവാനാണ് വിപുലമായി കൃഷി ചെയ്യുന്നത്. ഉണക്കമുളകിന്റെ ആവശ്യത്തിനായി, പ്രത്യേകിച്ച് മുളകുപൊടി നിർമ്മാണത്തിന് ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷിവകുപ്പിന്റെ ഇടപെടലിൽ കേരളത്തിൽ അടുത്തിടെ ചില്ലി ഗ്രാമം പോലുള്ള പദ്ധതി പ്രകാരം പച്ചമുളക് കൃഷി ചെയ്യുന്നുമുണ്ട്. മായം കലരാത്ത മുളകുപൊടി ലഭ്യമാക്കാം എന്നതിലുപരി നല്ലൊരു വരുമാനമാർഗം കൂടിയാണ് ഇത്തരം സംരംഭകത്വങ്ങൾ. കശ്മീരി മുളകുപൊടിയും, സാധാ മുളകുപൊടിയും ഇത്തരത്തിൽ നമ്മുടെ നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകത്വങ്ങൾ ഇതിന് മാതൃകകളാണ്.

പ്രധാന ഇനങ്ങൾ- ഉജ്വല, അനുഗ്രഹ ബാക്ടീരിയൽ വാട്ടത്തിനു പ്രതിരോധശേഷിയുള്ള ഇനങ്ങൾ (കേരള കാർഷിക സർവകലാശാല ഇനങ്ങൾ)
ഹൈബ്രിഡ് ഇനങ്ങൾ- സർപൻ (കശ്മീരി മുളകുപൊടിക്ക് പറ്റിയ ഇനം), ആർമർ, സിയറ, റോയൽ ബുള്ളറ്റ്, ബെൽ പെപ്പർ ( മൈസൂർ മുളക് ). വലിപ്പം കൂടി എരിവു കുറഞ്ഞ ഇനങ്ങളാണിവ. സാലഡിലും മറ്റു കറികളിലും ഉപയോഗിക്കുന്ന ഇവ സലാഡ് പപ്രിക എന്ന പേരിലാണറിയപ്പെടുക. അല്പം തണുത്ത കാലാവസ്ഥയാണിതിനു പ്രിയം.

പ്രധാന ഇനങ്ങൾ — ഇന്ദിര (പച്ചനിറം), ബോംബെ (മഞ്ഞനിറം) എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്. ഇവ കൂടാതെ നീളം കുറഞ്ഞ എരിവുള്ള കായ്കളുള്ള ക്യാപ്സിക്കം ചൈനൻസി വിഭാഗത്തിൽപ്പെട്ട മുളകും വിപുലമായി കൃഷി ചെയ്യുന്നുണ്ട്. മാലി മുളക് എന്നും ഇവ അറിയപ്പെടുന്നു. കാർഷിക സർവകലാശാലയിൽ നിന്നുള്ള വെള്ളായണി തേജസ് ഈ ഇനത്തിൽപ്പെട്ട മുളകാണ്.

     വാണിജ്യ പ്രാധാന്യം

വാണിജ്യാടിസ്ഥാനത്തിൽ മുളക് കൃഷി നല്ലൊരു ആദായ മാർഗമാണ്. സ്വന്തമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും വാണിജ്യാടിസ്ഥാനത്തിൽ മുളക് കൃഷി കേരളത്തിൽ നല്ലൊരു സംരംഭം തന്നെയാണ്. മുളക് വാറ്റിയെടുക്കുന്ന സത്തിനും (ഒളിയോ റെസിൻ) കാപ്സൈസിൻ എന്ന ആൽക്കലോയ്ഡിനും നല്ല വിദേശ വിപണിയാണുള്ളത്. ഇത്തരം മൂല്യവർധിത സംരംഭകത്വങ്ങൾ തുടങ്ങുന്നതിന് കൃഷിവകുപ്പ് ഇപ്പോൾ സഹായവും നൽകുന്നുണ്ട്.

    കൃഷി രീതി

മേയ്, ഓഗസ്റ്റ്, സെപ്റ്റംബർ, ഡിസംബർ ആണ് പ്രധാന സീസണുകൾ. ഒന്നരമാസം പ്രായമായ തൈകൾ പറിച്ചുനട്ടാണ് സാധാരണ മുളക് കൃഷി ചെയ്യുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണിൽ നിലമൊരുക്കി കുമ്മായം ചേർത്ത് 10 ദിവസം ഇട്ടശേഷം തൈകൾ നടാം. ഒന്നര അടി അകലത്തിൽ എടുത്ത ചാലുകളിലോ മഴക്കാലത്താണെങ്കിൽ വരമ്പുകളിലോ ഇവ നടാം. 45 സെന്റിമീറ്റ‍റാണ് ചെടികളുടെ അകലം വേണ്ടത്. ഒരു സെന്റിലെ കൃഷിക്ക് 650 ഗ്രാം യൂറിയ, 850 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 180 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രാസവളമായി ആവശ്യമാണ്. ഇതിൽ പകുതിഭാഗം യൂറിയ, പൊട്ടാഷ് എന്നിവയും മുഴുവൻ സൂപ്പർ ഫോസ്ഫേറ്റും തൈകൾ നടുമ്പോഴും ബാക്കിയുള്ള വളം രണ്ടുതവണകളായി തൈകൾ നട്ട് 20–25 ദിവസം കഴിഞ്ഞും, ഒരു മാസം കഴിഞ്ഞും നൽകാം. ജൈവവളമായി പുളിപ്പിച്ച സത്ത് പത്തു ദിവസത്തിലൊരിക്കൽ ഇലകളിൽ തളിച്ചാൽ പെട്ടെന്ന് കായ്ഫലവും നല്ല വിളവും ലഭിക്കും.

സസ്യസംരക്ഷണ മാർഗങ്ങൾ

നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണം ഉണ്ടാകുന്ന ഇല ചുരുളലും ഇല കുരുടിപ്പുമാണ് മുളകിലെ പ്രധാന പ്രശ്നം. സംയോജിത കീട നിയന്ത്രണ മാർഗങ്ങൾ ഇതിനെതിരെ അവലംബിച്ചാൽ പൂർണനിയന്ത്രണം സാധ്യമാക്കാം. വേപ്പധിഷ്ഠിത കീടനാശിനികൾ, വെർട്ടിസീലിയം എന്നിവ പ്രതിരോധ മാർഗമെന്ന നിലയിൽ ചെറുപ്രായത്തിൽ തന്നെ ആഴ്ചയിലൊരിക്കൽ മാറിമാറി ഉപയോഗിക്കേണ്ടതാണ്. തോട്ടത്തിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും ജമന്തി, മേരി ഗോൾഡ് പോലുള്ള പൂക്കൾ ഇടവിളയായി കൃഷി ചെയ്തും ഇത്തരം കീടങ്ങളെ തുരത്താവുന്നതാണ്.

രോഗപ്രതിരോധത്തിന് ഗ്രാഫ്റ്റ് തൈകൾ

വഴുതന വർഗ വിളയായ മുളകിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ബാക്ടീരിയൽ വാട്ട രോഗം. അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ ഗ്രാഫ്റ്റ് ചെയ്ത് ഈ രോഗത്തിൽ നിന്നും നിയന്ത്രണം സാധ്യമാക്കാം. ഗ്രാഫ്റ്റഡ് തൈകളുടെ ഉല്പാദനം തന്നെ ഒരു സംരംഭമായി ചെയ്യുന്ന കർഷകരും ഇന്നുണ്ട്. പച്ചക്കറി തൈകൾക്ക് ഗ്രാഫ്റ്റിങ് ക്ലിപ്പുകൾ മുതൽ ഗ്രാഫ്റ്റിങ് യന്ത്രങ്ങൾ വരെ ഇന്ന് വിപണിയിൽ ലഭിക്കും. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യയിൽ പരിശീലനവും കർഷകർക്ക് നൽകുന്നുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.