26 December 2025, Friday

മുതലാളിത്ത വികസനത്തിന് ബദലായ വികസന സങ്കല്പം വേണം

Janayugom Webdesk
സച്ചിദാനന്ദന്‍
November 9, 2025 6:14 am

ന്ന് വിജ്ഞാനസമൂഹ നിർമ്മിതിയിൽ കേരളം നേരിടുന്ന പ്രതിസന്ധിയുടെ പ്രധാനഘടകങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം: ഒന്നാമത്തേത് വർഗീയതയുടെ വളർച്ചയാണ്. വർഗീയതയെന്നാൽ ആത്മീയത നഷ്ടപ്പെട്ട മതബോധമാണ്. ജാതികൾ വിലപേശൽശക്തികളായതോടെ അവയ്ക്ക് സമുദായപരിഷ്കരണബോധം നഷ്ടമായി, ഊന്നൽ സാമ്പത്തിക നേട്ടത്തിൽ മാത്രമായി. ഈ അവസ്ഥയിൽ, ആത്മാവ് കൈമോശം വന്ന ജാതിസംഘടനകളെ ഹിന്ദു വർഗീയതയിലേക്ക് നയിക്കുക നേതാക്കൾക്ക് അനായാസമായി. കാരണം, ‘ഹിന്ദു’ എന്ന കൂടുതൽ വലിയ സ്വത്വത്തിനു കൂടുതൽ രാഷ്ട്രീയശേഷി ഉണ്ടെന്നത് തന്നെ. ഹിന്ദുത്വ ശക്തികളാകട്ടെ ദേശീയതലത്തിൽ കുതന്ത്രങ്ങൾ ഉപയോഗിച്ച് മതലഹളകൾ സൃഷ്ടിച്ചും ബാബറി മസ്ജിദും ഗുജറാത്തും പോലുള്ള ‘സംഭവങ്ങൾ’ വഴിയും ന്യൂനപക്ഷങ്ങളെ അപരവത്കരിച്ചു കൊണ്ട് അതിവേഗം വളരുകയും ചെയ്തു. ഒപ്പം കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരിക്കലും ‘ഹിന്ദുക്കൾ’ എന്ന് വിളിക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടിരുന്ന ആദിവാസിജനവിഭാഗങ്ങളെ ‘ഹിന്ദു’വത്കരിച്ചുകൊണ്ടും ‘പിന്നോക്ക’ വിഭാഗങ്ങൾക്ക് കൃഷ്ണാഷ്ടമിയും (ഇവിടെ ഒരു പാവം അഷ്ടമി-രോഹിണിയേ ഉണ്ടായിരുന്നുള്ളൂ അമ്പലങ്ങളിൽ മാത്രം അത് ഒതുങ്ങി നിന്നു) ഗണേശ ചതുർഥിയും പോലെ വടക്കേ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത നവാചാരങ്ങളിലൂടെ സാമൂഹ്യമാന്യത നൽകിക്കൊണ്ടും, മഹാബലിയുടെ വരവ് ആഘോഷിക്കുന്ന ഓണത്തെ ‘വാമനജയന്തി’ ആക്കിക്കൊണ്ടും പ്രാദേശികവർഗീയലഹളകൾ സൃഷ്ടിച്ചുകൊണ്ടും പ്രസംഗങ്ങളിലും പ്രസ്താവനകളിലും കൂടി മതസൗഹാർദം അസാധ്യമാക്കിക്കൊണ്ടും ഹൈന്ദവരാഷ്ട്രീയം വളർന്നു.

 

ശബരിമല ഇത്തരം ഹിന്ദു വത്കരണത്തിന്റെയും അതിന്റെ ജീവനായ ബ്രാഹ്മണവത്കരണത്തിന്റെയും നല്ല ഉദാഹരണമാണ്. ആദിവാസികളുടെ അവകാശങ്ങൾ നിഷേധിച്ചു എന്ന് മാത്രമല്ല, ഹിന്ദു-മുസ്ലീം മൈത്രിയുടെയും ജാതിയ്ക്കു അതീതമായ ഹ്യൂമനിസ്റ്റ് ആത്മീയതയുടെയും ഒരു കേന്ദ്രത്തെ സ്വന്തം വിദ്വേഷാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പരീക്ഷണകേന്ദ്രമാക്കുകയും ചെയ്യുകയാണ് യാഥാസ്ഥിതികരായ ആചാരവാദികൾ അവിടെ ചെയ്തത്. ഈ അസഹിഷ്ണുതയും അപരവത്കരണവും മുസ്ലീം രാഷ്ട്രീയത്തെയും തീവ്രവാദത്തിലേക്ക് നയിക്കാനേ സഹായിച്ചുള്ളൂ.
ഇതോടൊപ്പം സമത്വപ്രസ്ഥാനം ദുർബലമായത്തോടെ മധ്യവര്‍ഗങ്ങൾ ശക്തരായി. തൊഴിലാളികളിൽ ഒരു വിഭാഗം പോലും മധ്യവർഗരാഷ്ട്രീയത്തിനു അടിമകളായി. സമൂഹത്തിൽ സാമ്പത്തികശ്രേണീക്രമം കരുത്തു നേടി. താഴത്തെ പത്തു ശതമാനം ജനങ്ങൾക്ക് സ്വത്തിന്റെ 1.3 ശതമാനം മാത്രമുള്ളപ്പോൾ, മുകൾത്തട്ടിലെ പത്തു ശതമാനത്തിനു സ്വത്തിന്റെ 42 ശതമാനത്തിൽ നിയന്ത്രണം എന്നതാണ് ഇന്നത്തെ നില.

മധ്യവർഗം ഫാസിസത്തിന്റെ വളർച്ചയ്ക്ക് പറ്റിയ മണ്ണാണെന്നതു തെളിയിക്കപ്പെട്ട സത്യമാണല്ലോ. മധ്യവർഗമൂല്യങ്ങൾ, കപടസദാചാരമൂല്യങ്ങൾ, സങ്കുചിതലോകവീക്ഷണം ഇവയെല്ലാം അങ്ങനെ ആധിപത്യം നേടി. ഒരു വശത്ത് സദാചാര പൊലീസിൽ നിന്ന് ദമ്പതികൾക്കും സഹോദരീ-സഹോദരന്മാർക്കും പോലും രക്ഷയില്ലെന്ന നില, മറുവശത്ത് കുടുംബങ്ങൾക്കകത്തും പുറത്തും സ്ഥാപനങ്ങളിലും വർധിക്കുന്ന, സമീപകാലത്ത് പുറത്തു വരാനാരംഭിച്ചിട്ടുള്ള ലൈംഗികപീഡനം- ഇതാണ് നില.

വികസനം കാര്യമായി നടക്കുന്നുമില്ല, പരിസ്ഥിതി നശിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വൈരുധ്യം. ഇതിൽ ഏറ്റവുമധികം കഷ്ടം സഹിക്കുന്നത് ദരിദ്രരായ സാധാരണക്കാരാണ്, വായുവിലെ വിഷവും കടലിലെ വിഷവും മണലൂറ്റ് മൂലമുണ്ടാകുന്ന വരൾച്ചയും വനനശീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റവുമെല്ലാം ഏറ്റവും ബാധിക്കുന്നത് താഴെ തട്ടിലുള്ള ആദിവാസികളെയും മീൻപിടുത്തക്കാരെയും കർഷകരെയും മറ്റുമാണ്. മണൽ മാഫിയ, വനം മാഫിയ, പാറമാഫിയ – ഇവരെ എതിർത്താൽ ജീവൻ തന്നെ അപകടത്തിലാകാം. അതിരപ്പിള്ളിയിൽ വെള്ളമില്ലാതായാലും ഭാരതപ്പുഴ വറ്റിയാലും സഹ്യപർവതം മുഴുവൻ ഇടിച്ചു തകർത്താലും ഒരു പ്രദേശത്തെ കുഞ്ഞുങ്ങൾ മുഴുവൻ രോഗികളായി ജനിച്ചാലും പ്രളയം കേരളത്തെ മുഴുവൻ വിഴുങ്ങിയാലും തങ്ങൾക്കു ലാഭം മതി എന്നതാണ് പുതിയ മധ്യവർഗസദാചാരം. ഇതാണ് നവലിബറലിസത്തിന്റെയും കാതൽ. ഈ സമീപനത്തിനെതിരെ പരിസ്ഥിതിസന്തുലനം നില നിർത്തുന്ന, മുതലാളിത്ത വികസനത്തിന് ബദലായ, മറ്റൊരു വികസനസങ്കൽപ്പം നാം വളർത്തിയെടുക്കേണ്ടതുണ്ട്. സൈലന്റ് വാലി സമരത്തിന്റെ അണഞ്ഞു കൊണ്ടിരിക്കുന്ന തീ പുനർജ്വലിപ്പിക്കേണ്ടതുണ്ട്.

ആഗോളീകരണം നമ്മുടെ കാലത്തെ ഏറ്റവും വലിയ ഹിംസയാണെന്നു ബോദ്രിയാദ് പറഞ്ഞത് അത് പ്രാദേശിക വിജ്ഞാനത്തെയും സാംസ്കാരികത്തനിമയെയും ഭാഷകളെയും നശിപ്പിക്കുന്നത് കൊണ്ടു കൂടിയാണ്. മലയാള ഭാഷയ്ക്ക് സർക്കാരിന്റെ പിന്തുണയും വിദ്യാഭ്യാസത്തിൽ സ്ഥാനവും ലഭിച്ചിട്ടും ഇന്നും മാന്യത കുറവാണ്. ‘ജനിക്കും നിമിഷം തൊട്ടെൻ / മകൻ ഇംഗ്ലീഷ് പഠിക്കണം / അതിനാൽ എൻ ഭാര്യതൻ പേറ/ ങ്ങിഗ്ലംണ്ടിൽ തന്നെയാക്കി ഞാൻ’ എന്ന് കവി കുഞ്ഞുണ്ണി പറഞ്ഞ പോലെയാണ് കാര്യങ്ങൾ. ഭാഷകൾ മരിക്കുന്നത് ഇങ്ങനെയാണ്: ഓരോ തലമുറയായി അതിനെ പതുക്കെ പതുക്കെ ഉപേക്ഷിക്കുമ്പോൾ, മറ്റു ഭാഷകൾ സ്വന്തം ഭാഷയെക്കാൾ മാന്യമാണ് എന്ന് കരുതപ്പെടുമ്പോൾ, വിദ്യാഭ്യാസം മുതൽ നിയമവ്യവഹാരം വരെ എല്ലാം അന്യഭാഷയിൽ നടത്തപ്പെടുമ്പോൾ, ഭാഷയിൽ ഉള്ള വാക്കുകൾ നഷ്ടപ്പെടുകയും പുതിയ വാക്കുകൾ സൃഷ്ടിക്കപ്പെടാതിരിക്കയും ചെയ്യുമ്പോൾ, സംസ്കാരനാശത്തിന്റെ ഫലമായി പദനാശം സംഭവിക്കുമ്പോൾ, ഭാഷ വികസിച്ച സാഹചര്യങ്ങൾ (എഴുത്ത്, വായന, പ്രവർത്തനം, ഭാഷാസ്നേഹം) ഇല്ലാതാവുമ്പോൾ, വർത്തമാനവിജ്ഞാനത്തിനൊപ്പം ഭാഷ വളരാതാകുമ്പോൾ, ജനത പറിച്ചു നടപ്പെടുമ്പോൾ: ഇവയെല്ലാം ഇന്ന് കേരളത്തിൽ സംഭവിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുമ്പോൾ ഒരു സംസ്കാരവും ലോകവീക്ഷണവും വിജ്ഞാന സമൂഹത്തിന്റെ അടിത്തറയും തന്നെയാണ് അസ്തമിക്കുന്നത്.

ആൺമേധാവിത്തം ഇന്നും കേരളത്തിൽ ശക്തമാണ്. വീട്ടിലും പുറത്തുമുള്ള ശക്തിപ്രകടനങ്ങളായി അത് പ്രത്യക്ഷമാകുന്നു. ബലാത്സംഗം മുതൽ ദുർബലരോടുള്ള പുച്ഛവും ഇതരലൈംഗികതയോടുള്ള എതിർപ്പും മൂന്നാം ലിംഗത്തോടുള്ള അവഹേളനയും ശരിയായ കാരണങ്ങൾ ഇല്ലാത്ത വിവാഹമോചനവും എല്ലാമായി അത് പ്രത്യക്ഷപ്പെടുന്നു. നമ്മുടെ സാഹിത്യത്തിൽ സ്ത്രീസാന്നിധ്യം ശക്തമാണ്, ശക്തരായ നായികമാരും നമുക്കുണ്ട്; എന്നാൽ യഥാർത്ഥ സമൂഹം ഏറെ പിന്നിലാണ്. മാനഭംഗങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുറഞ്ഞതായി സൂചനകളില്ല, കൂടുന്നു എന്ന് വാർത്തകൾ പറയുന്നു. സ്വതന്ത്രമായി, സുഹൃത്തുക്കൾ എന്ന നിലയ്ക്ക്, സ്ത്രീ-പുരുഷന്മാർക്ക് ഇടപെടാൻ കഴിയാത്ത ഒരു സമൂഹം പൊട്ടിത്തെറിയുടെ വക്കിലായിരിക്കും. അല്പം മുമ്പുള്ള സർവേ പ്രകാരം സാക്ഷരകേരളത്തിൽ 13.2 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രതിഫലം പറ്റുന്ന ജോലികൾ ചെയ്യുന്നത്; ദേശീയ ശരാശരിയായ 26 ശതമാനത്തിന്റെ പകുതി മാത്രം.

 

മിസോറാമിൽ പോലും 46 ശതമാനം സ്ത്രീകൾ പ്രതിഫലമുള്ള ജോലികൾ ചെയ്യുന്നുണ്ടെന്നോർക്കുക. കുടുംബശ്രീയും മറ്റു വന്നതിനു ശേഷം സ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്, പക്ഷെ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം ഏറെയാണ്, സ്ത്രീ വരുമാനം നേടുന്നിടത്തും പലപ്പോളും പഴ്സിന്റെ ചരട് പുരുഷന്റെ- അച്ഛന്റെയോ ഭർത്താവിന്റെയോ- കയ്യിലാണ്. പൊതുഇടങ്ങളിലും- തെരുവുകൾ മുതൽ ബസുകളും തീവണ്ടികളും സൈബർ ഇടങ്ങളും വരെ — എല്ലാ വർഗങ്ങളിലും പെട്ട, പ്രശസ്തരും അപ്രശസ്തരുമായ, സ്ത്രീകൾ അവമാനിതരാകുന്നത് പതിവായിട്ടുണ്ട്.

 

ദളിതരുടെയും ആദിവാസികളുടെയും സ്ഥിതിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ കഴിഞ്ഞ അറുപതു വർഷത്തിൽ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞു കൂടാ. ഇപ്പോഴും ചിലപ്പോഴെങ്കിലും ആദിവാസിക്കുട്ടികളുടെ പട്ടിണിമരണത്തിന്റെ വാർത്തകൾ വരുന്നു, വിശപ്പിനു അൽപ്പം ഭക്ഷണം കട്ടതിനു മാനസികമായി വെല്ലുവിളിക്കപ്പെട്ട ഒരു ആദിവാസിയുവാവ് തല്ലിക്കൊല്ലപ്പെടുന്നു. ദളിതരുടെ ആത്മവീര്യം വർധിച്ചിട്ടുണ്ടെങ്കിലും- സാഹിത്യവും അത് അടയാളപ്പെടുത്തിയിട്ടുണ്ട്- ജീവിതാവസ്ഥ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. മുസ്ലീം ന്യൂനപക്ഷത്തിന്റെ നിലയും വ്യത്യസ്തമല്ല. ദാരിദ്ര്യത്തിന്റെ കടലിൽ സമ്പന്നതയുടെ ചില തുരുത്തുകൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ.

നമ്മുടെ ഉന്നത വിദ്യാഭ്യാസം അടിയന്തിരമായും അഴിച്ചു പണിയണം. ഇത് ശാസ്ത്രീയ വീക്ഷണമുള്ള വിഭാഗത്തിനു മാത്രമേ ചെയ്യാൻ കഴിയൂ. മുതലാളിത്തത്തിന്റെ കൂലിക്കാരെയും ആഗോളസാമ്രാജ്യത്തിന്റെ അടിമപ്പണിക്കാരെയും മാത്രം സൃഷ്ടിക്കാൻ പാകപ്പെടുത്തിയതാണ് അത്. സമഗ്ര വ്യക്തിത്വവികസനം അതിനുഒരു ലക്ഷ്യം പോലുമല്ല. അനിയന്ത്രിതമായ സ്വകാര്യവത്കരണം വിദ്യാഭ്യാസത്തെ ഒരു കൂറ്റൻ വ്യവസായമാക്കിയിരിക്കുന്നു. ഇയ്യിടെ കേന്ദ്രം കൊണ്ടു വന്ന പുതിയ വിദ്യാഭ്യാസ ബിൽ അതിന്റെ മുതലാളിത്ത ചായ്‌വ് കൂടുതൽ ശക്തമാക്കുകയും ശരിരിയായ ഗവേഷണം നിരുത്സാഹപ്പെടുത്തുകയും ചോദ്യം ചെയ്യുന്ന തിന്നുള്ള ശേഷി ഇല്ലാതാക്കുകയും മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യ മാത്രം വളർത്താൻ സഹായിക്കുകയും ചെയ്യുന്നതാണ്.

 

പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താതെ സ്വകാര്യവിദ്യാകേന്ദ്രങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടയാൻ ആവില്ല. വർഗ- വർണ ബന്ധങ്ങളെ അദൃശ്യവത്കരിക്കുന്ന സിലബസ്, പങ്കാളിത്തമില്ലാത്ത അധ്യാപനം, ഓർമ്മ മാത്രം പരീക്ഷിക്കുന്ന പരീക്ഷകൾ, പ്രാദേശികഭാഷകൾക്ക് കല്പിക്കുന്ന അയിത്തം, ക്രിയാത്മകനൈതികത സൃഷ്ടിക്കുന്നതിലെ പരാജയം, അളക്കാനും എണ്ണാനും തൂക്കാനും പറ്റാത്ത ഒന്നിനും സ്ഥാനമില്ലാത്ത ജീവിത സമീപനം, സമൂഹത്തിൽ നിന്ന് തീർത്തും വേറിട്ട് നിൽക്കുന്ന ക്ലാസ് മുറി, നാമമാത്രമായ ഗവേഷണം, നിലവാരമുള്ള ജേർണലുകളുടെയും ലൈബ്രറികളുടെയും അഭാവം – ഇവയൊക്കെ ഉന്നത വിദ്യാഭ്യാസത്തെ പ്രഹസനമാക്കിയിരിക്കുന്നു. അധ്യാപകരുടെ ശമ്പളക്കൂടുതൽ വിദ്യാഭ്യാസത്തിനു ഒരു ഗുണവും ചെയ്തതായി കാണുന്നില്ല.

 

മാധ്യമങ്ങളുടെ അപചയം- അവയുടെ വാർത്താ നിർമ്മിതിയിലെ മുൻവിധികൾ, സത്യം അറിയിക്കുന്നതിനേക്കാൾ മറച്ചു വെയ്ക്കാനുള്ള ഉത്സാഹം, പങ്കാളികളിൽ ഒരു പുനർവിചിന്തനവും ഉണ്ടാക്കാത്ത വെറും ചടങ്ങായ ചാനൽചർച്ചകൾ, ജനപ്രിയ പരമ്പരകൾ സൃഷ്ടിക്കുന്ന വിദ്വേഷം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും സ്റ്റീരിയോടൈപ്പിങ്, മൂലധനസേവനം- ഒന്നും ഉല്പാദിപ്പിക്കാതെ ഉപഭോഗത്തിൽ മുഴുകുന്ന കൺസ്യൂമർ സംസ്കാരം വളർത്തുകയും വിജയത്തെ സമ്പത്തു മാത്രമായി ചുരുക്കുകയും ചെയ്യുന്ന അവയുടെ സമീപനത്തിൽ ഇതു പ്രകടമാണ് — നമ്മുടെ സംസ്കാരത്തെ ദുഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. മാധ്യമങ്ങൾ പൊള്ളയായ വിവാദങ്ങളുടെയും കപടമായ ബിംബ- വാർത്താനിർമ്മിതികളുടെയും വേദിയാകാതെ, ജനാധിപത്യസംവാദങ്ങളുടെയും ആധുനിക മൂല്യസംക്രമണത്തിൻറെയും പുരോഗമനാശയ പ്രചാരണങ്ങളുടെയും ജനകീയമായ കലാ-സാഹിത്യാവിഷ്കാരങ്ങളുടെയും പൊതുവേദികൾ ആകേണ്ടതുണ്ട്.

 

ചുരുക്കത്തിൽ നമുക്ക് ഇന്ന് നവോത്ഥാനമൂല്യങ്ങളിൽ നിന്ന് സാമ്പത്തികസമത്വം, നിയമങ്ങളുടെ മതേതരത്വവും സമുദായത്തിലെ മതസൗഹാർദവും, ലിംഗനീതി, ശാസ്ത്രീയമനോഭാവം ഇവയെല്ലാം ഉൾപ്പെട്ട ഭരണഘടനാ മൂല്യങ്ങളിലേക്കു പുരോഗമിക്കേണ്ടതുണ്ട്. പ്രളയത്തെ അതിജീവിക്കാൻ നമ്മെ സഹായിച്ചത് നൂറ്റാണ്ടുകൾ കൊണ്ട് നാം ആർജിച്ച മാനുഷിക മൂല്യങ്ങളാണ്. ഗാന്ധി, അംബേദ്കർ, ശ്രീനാരായണഗുരു തുടങ്ങിയവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവയെ ശക്തിപ്പെടുത്തുകയാണ് നാം ഇന്ന് ചെയ്യേണ്ടത്.

 

മൂല്യബോധമുണ്ടാക്കാത്ത യാന്ത്രികമായ സാങ്കേതികവിജ്ഞാനം സമൂഹത്തെ മുന്നോട്ടു നയിക്കുകയില്ല, നമ്മെ യന്ത്രമനുഷ്യരാക്കുക മാത്രമേയുള്ളൂ. നാം അത്തരം ഒരവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് യുവാൽ നോവാ ഹരാരി, ബ്രൂണോ ലാത്തൂർ, ഡോണാ ഹാരവേ തുടങ്ങി ഒട്ടേറെ ചിന്തകർ താക്കീത് നൽകുന്നു. നാം സയൻസിനെ കേവലം സാങ്കേതിക വിദ്യ- ടെക്നോളജി ‑ആയി കാണുകയും സാങ്കേതികവിദ്യയെ അധികാരവികസനത്തിനും യുദ്ധത്തിനും മുതലാളിത്തചൂഷണത്തിനുമായി ദുരുപയോഗം ചെയ്യുകയും നമ്മുടെ വികസനസങ്കൽപ്പത്തിൽ പരിസ്ഥിതി ഒരു പരിഗണന പോലും അല്ലാതിരിക്കുകയും ചെയ്യുന്നിടത്തോളം, വിജ്ഞാനം വികസിച്ചാലും നമ്മുടെ സമൂഹം യാന്ത്രികവും മനുഷ്യത്വ രഹിതവുമായി തുടരും. ഇപ്പോൾ നാം കൂടുതലായി മനസിലാക്കുന്ന ഒരു കാര്യം നൈതികത എന്നത് വെറും ഒരു ‘ധർമ്മ’ പ്രശ്നം അല്ല, അത് അതിജീവനത്തിന്റെ തന്നെ അനിവാര്യത ആണ് എന്നാണു. നാം ഒരു മഹാജൈവശ്രുംഖലയുടെ ഭാഗമാണെന്നും എല്ലാറ്റിന്റെയും യജമാനരല്ലെന്നും പ്രകൃതിക്ക് മുന്നിൽ ഒരു വൈറസ്സിനും മനുഷ്യനും ഒരേ വിലയെ ഉള്ളൂ എന്നും നമ്മേ ഇന്ന് പ്രകൃതി തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

 

അപ്പോൾ ശാസ്ത്രബോധം എന്നത് ശാസ്ത്രാഹന്തയോ കേവല ശാസ്ത്രവാദമോ (സയന്റിസം) അല്ല, നൈതികത അതിന്റെ ശരിയായ ഒരംശമാണ്. ഹുവാൻ ലൂയിസ് എന്ന സ്പാനിഷ് ചിന്തകൻ നാസിസത്തെക്കുറിച്ചുള്ള ഒരു അപഗ്രഥനത്തിൽ പറയുന്നുണ്ട്, അന്ന് ജർമ്മനിയിലെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഡോക്ടർമാരും ഹിറ്റ്ലറുടെ പദ്ധതികളുമായി സഹകരിച്ചിരുന്നില്ലെങ്കിൽ, അവർ അവരുടെ ജോലിയുടെ സദാചാരം ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ, ഹിറ്റ്ലർക്ക് യഹൂദവംശഹത്യ നടത്താനും അധികാരം നില നിർത്താനും കഴിയില്ലായിരുന്നു എന്ന്. ലോകത്തിലെ എല്ലാ മഹാപാതകങ്ങളിലും – നരഹത്യകൾ, ആയുധനിർമ്മാണം, യുദ്ധങ്ങൾ, അസമസമൂഹനിർമ്മിതികൾ- ശാസ്ത്രം ഒരു സഹകാരി ആയിരുന്നു എന്നത് മറന്നു കൂടാ. അത് ശാസ്ത്രത്തിന്റെ കുഴപ്പമല്ല. എന്നാൽ ശാസ്ത്രം അധികാരത്തിന്റെയും ചൂഷണത്തിന്റെയും ഭ്രൃത്യനും ഗുണ്ടയുമായി മാറുമ്പോൾ അത് മനുഷ്യ വിരുദ്ധമാകുന്നു.

 

അതു കൊണ്ടാണ് ശാസ്ത്രസദാചാരം പ്രധാനമാകുന്നത്. കോവിഡ് മഹാമാരി പോലുള്ള വെല്ലുവിളികൾ നമ്മെ ഒരു വശത്ത് ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുകയും മറുവശത്ത് വിനയം പഠിപ്പിക്കുകയും ചെയ്യുന്നു എന്ന് ചിന്തകർ ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതിശ്രദ്ധ ശാസ്ത്രവിരുദ്ധവും വികസനവിരുദ്ധവും ആണെന്ന് പോലും കരുതുന്ന ധാരാളം മൂഢർ ഇന്നുമുണ്ട് എന്നത് വിസ്മയകരമാണ്. മനുഷ്യവംശത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നത് പരഹത്യയിൽ നിന്ന് രക്ഷിക്കുന്നതുപോലെ തന്നെ ശാസ്ത്രനീതിബോധത്തിന്റെ- ആത്യന്തികമായി ശാസ്ത്രബോധതിന്റെ തന്നെ- പ്രധാന ധർമ്മമാണ്. അതിനാകട്ടെ, നാം പ്രകൃതിയുടെ ജൈവഭാഗമാണെന്ന വിവേകം ഉണ്ടാവുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.