ഉക്രെയ്നുനേരെയുള്ള റഷ്യന്‍ ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചിട്ട് അഞ്ചുദിവസമാകുന്നു. ആഴ്ചകള്‍ക്കു മുമ്പേ മേഖലയില്‍ യുദ്ധാന്തരീക്ഷം രൂപപ്പെട്ടിരുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉറ്റബന്ധുക്കളായ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു പുറമേ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ പോലുള്ള കൂട്ടായ്മകളും ദിവസങ്ങള്‍ക്ക് മുമ്പേ റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന് പ്രവചിച്ചിരുന്നതാണ്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയുടെ പ്രലോഭനത്തില്‍പ്പെട്ടുപോയ ഉക്രെയ്‌നും ആക്രമണം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാത്ത ലോകത്തെ ഒരേയൊരു രാജ്യം നമ്മുടെ ഭാരതമാണ്. ഇതോടൊപ്പം വിദേശ കാര്യ വകുപ്പിന്റെ കെടുകാര്യസ്ഥത ബോധ്യപ്പെടുത്തുന്ന സമീപനങ്ങളാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്.
കോവിഡ് കാലത്തും ഇത്തരം നിസംഗവും വേഗക്കുറവുള്ളതുമായ സമീപനം ഉണ്ടായിരുന്നു. എന്നാല്‍ കോവിഡും അതേ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ളതായിരുന്നു. മുഴുവന്‍ രാജ്യങ്ങളും ആകാശ യാത്ര ഉള്‍പ്പെടെ എല്ലാം നിയന്ത്രിച്ചപ്പോള്‍ പല രാജ്യങ്ങളിലായി ലക്ഷക്കണക്കിനുപേരാണ് കുടുങ്ങിപ്പോയത്. എങ്കിലും മറ്റു പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ സുരക്ഷിതരായി അവരുടെ നാടുകളിലെത്തിക്കുവാന്‍ നടത്തിയ ജാഗ്രതയോടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നതു നാം കണ്ടതാണ്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അനിശ്ചിതാവസ്ഥയ്ക്കും ശേഷമായിരുന്നു വിമാനങ്ങള്‍ അയച്ച് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം അക്കാലത്ത് ആരംഭിച്ചത്. 2020 മാര്‍ച്ചിലാണ് നിയന്ത്രണങ്ങള്‍ ഉണ്ടായതെങ്കില്‍ ഒരുമാസത്തിലധികം കഴിഞ്ഞ് മെയ് ആദ്യ വാരത്തിലായിരുന്നു വന്ദേഭാരത് വിമാനങ്ങള്‍ പറന്നു തുടങ്ങിയത്. അതിന് ആഴ്ചകള്‍ക്ക് മുന്നേതന്നെ ഇവിടെ നിന്നുളള മറ്റു രാജ്യക്കാര്‍ തിരികെ പോയതിന്റെ വാര്‍ത്തകളുണ്ടായിരുന്നുവെന്നതുമോര്‍ക്കണം.
കാലഗണന പരിഗണിച്ചാല്‍ അതിനെക്കാള്‍ വലിയ അലംഭാവമാണ് ഇത്തവണ ഉണ്ടായതെന്നാണ് കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുക. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്, കത്തിക്കാളുമ്പോള്‍ ഇവയ്‌ക്കു രണ്ടിനും വ്യവസ്ഥകളില്ല, ഒറ്റക്കാഴ്‌ചയായി പരസ്‌പരം ഉന്നമാകുന്നു എന്ന വാചകങ്ങള്‍ പ്രണയദിനത്തിന്റെ ഓര്‍മകളിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നതെങ്കിലും യുദ്ധത്തിനും അത് ബാധകമാണ്. കത്തിക്കയറുമ്പോള്‍ യുദ്ധത്തിനും വ്യവസ്ഥകളില്ല. അതുകൊണ്ടുതന്നെ ഇതുവരെയുണ്ടായ യുദ്ധങ്ങളുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും മുന്‍കൂട്ടി കണ്ട് മുന്‍കരുതലുകളെടുക്കുകയെന്നത് ദീര്‍ഘവീക്ഷണമുള്ള ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. പരസ്പര യുദ്ധങ്ങളിലേര്‍പ്പെട്ടിട്ടില്ലെങ്കിലും പാകിസ്ഥാന്റെ ആകാശപാത ഇന്ത്യക്ക് അപ്രാപ്യമാണ്. ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ അവസ്ഥയുണ്ടായിട്ടുണ്ട്, നിലനില്ക്കുന്നുമുണ്ട്. നേരത്തെതന്നെ യുദ്ധഭീതിയുണ്ടായിട്ടും ഉക്രെയ്‌നിലുള്ള വിദ്യാര്‍ത്ഥികളെ പോലും തിരികെയെത്തിക്കുന്നതിനുള്ള ആലോചനകളുണ്ടായില്ല. വിമാനങ്ങളെയും ആകാശപാതകളെയും നിയന്ത്രിക്കുകയെന്നത് സമീപകാലത്തെ പതിവാണെന്ന് മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കായില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് ഉക്രെയ്‌നില്‍ കുടുങ്ങിയവരില്‍ മലയാളികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നരകാതന അനുഭവിക്കേണ്ടിവന്നത്. ദുരിതം ഇപ്പോഴും അവസാനിച്ചിട്ടുമില്ല. ഉക്രെയ്‌നില്‍ നിന്ന് വിമാനങ്ങള്‍ ലഭ്യമല്ലെന്ന അവസ്ഥയില്‍ ഭക്ഷണം പോലുമില്ലാതെ കിലോമീറ്ററുകള്‍ നടന്നു താണ്ടിയാണ് പലരും അയല്‍ രാജ്യങ്ങളിലെ അതിര്‍ത്തികളിലും അവിടെനിന്ന് വിമാനത്താവളങ്ങളിലുമെത്തിയത്. യാത്രാക്കൂലി പോലും സ്വന്തമായി വഹിക്കണമെന്നായിരുന്നു ആദ്യനിലപാട്. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ നാട്ടുകാരെ സര്‍ക്കാര്‍ ചെലവില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷമായിരുന്നു കേന്ദ്രം നിലപാട് മാറ്റിയത്. ഇപ്പോഴും നിരവധി പേര്‍ ഉക്രെയ്‌നില്‍തന്നെ കുടുങ്ങിക്കിടക്കുകയുമാണ്.
ഭക്ഷണവും വെള്ളവും ലഭിക്കാതെയും രാജ്യാതിര്‍ത്തികള്‍ കടക്കാനാകാതെയും ആയിരക്കണക്കിനാളുകള്‍ പലയിടങ്ങളില്‍ അരക്ഷിതാവസ്ഥയിലാണ്. ഇന്ത്യയിലെ വിവിധ ഗ്രാമ — നഗരങ്ങളില്‍ അവരെയോര്‍ത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയില്‍ കഴിയുന്നുണ്ട്. കുവൈറ്റ് യുദ്ധകാലത്തും മറ്റും അക്കാലത്തെ സര്‍ക്കാരുകള്‍ എത്ര ജാഗ്രതയോടെയും ആസൂത്രണത്തോടെയുമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത് എന്ന് പഠിക്കുവാനെങ്കിലും കേന്ദ്രം തയാറാകണമായിരുന്നു. ആകെയുള്ളത് ഇത്തരം നടപടികള്‍ക്ക് പ്രത്യേക പേരുകള്‍ നല്കി അതിന്റെ പേരില്‍ ഊറ്റംകൊള്ളുക എന്നതാണ്. കോവിഡ് കാലത്ത് അലംഭാവവും കെടുകാര്യസ്ഥതയും കൊടികുത്തി വാണുവെങ്കിലും വന്ദേഭാരത് ദൗത്യമെന്നായിരുന്നു പേരെങ്കില്‍ ഇപ്പോള്‍ ഗംഗാദൗത്യമെന്ന പേരില്‍ അത് ആവര്‍ത്തിക്കുന്നുണ്ട്. വന്ദേഭാരതിന്റെ കാലത്ത് നമുക്ക് സ്വന്തമായുണ്ടായിരുന്ന വിമാനക്കമ്പനി പിന്നീട് വിറ്റുതുലച്ചു. ഇപ്പോള്‍ ഗംഗാദൗത്യത്തിന്റെ കാലത്ത് സ്വകാര്യ കമ്പനികളുടെ ഔദാര്യം തേടേണ്ട സ്ഥിതിയുണ്ടാക്കിയതും കേന്ദ്ര സര്‍ക്കാരാണ്. അവരാകട്ടെ യുദ്ധകാലത്തെ കൊള്ളയ്ക്കുള്ള അവസരമാക്കുവാന്‍ ശ്രമിച്ചുകൊണ്ട് യാത്രാക്കൂലിയില്‍ ഭീമമായ വര്‍ധന വരുത്തുകയും ചെയ്തു. എല്ലാംകൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അലംഭാവവും തെറ്റായ നയങ്ങളും തന്നെയാണ് ഈ യുദ്ധകാലത്തും മുഴച്ചുനില്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.