നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ഹർജി ജനുവരി നാലിന് പരിഗണിക്കാന്‍ മാറ്റി.
കേസിൽ ഇതുവരെ 202 സാക്ഷികളെ കോടതി വിസ്തരിച്ചു. അവസാന സാക്ഷി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ആണ്. പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥന്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ആക്രമിക്കപ്പെട്ട നടിയും വിചാരണ നടപടികളിലെ പോരായ്മകൾ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ ഇന്നത്തെ വിസ്താരം നിർത്തിവെക്കുകയായിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ആണ് ഇന്നലെ കോടതിയിൽ ഹാജരായത്. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങൾ ദീലീപിന്റെ ഹര്‍ജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയിൽ ഇരുന്ന് ഇത് ദിലീപ് ഉൾപ്പെടെയുള്ളവർ കണ്ടുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആ ദൃശ്യത്തിലുള്ള കാര്യങ്ങൾ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷൻ ഉയർത്തിയത്.
ദൃശ്യങ്ങൾ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂഷൻ രേഖാമൂലം മറുപടി നൽകിയത്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വിഎൻ അനിൽ കുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരണ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂർണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനർവിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. അതേസമയം, കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
കേസിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽതന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് താൻ പൾസർ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പൾസർ സുനിയെ കണ്ടപ്പോൾ താൻ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാൽ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ENGLISH SUMMARY:Case of assault on actress; Prosecutor resigns
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.