20 May 2024, Monday

Related news

May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 8, 2024
May 8, 2024

അബുദാബിയിലെ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും

Janayugom Webdesk
നിലമ്പൂർ
October 21, 2022 9:59 pm

പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിന്റ അന്വേഷണം സിബിഐ ഏറ്റെടുത്തു. കുറ്റകൃത്യം അന്വേഷിച്ച നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ ഏബ്രഹാം കേസിന്റെ ഫയൽ ഡിജിപി മുഖേന സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറി.
അബുദാബിയിലെ ഫ്ലാറ്റിൽ 2020 മാർച്ച് അഞ്ചിനാണ് ഹാരിസ്, ഡെൻസി എന്നിവരെ മരിച്ച നിലയിൽ കണ്ടത്. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു. മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ട് വന്നു തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയായിരുന്നു ഹാരിസ്. ഷരീഫ് വധക്കേസിൽ കൂട്ടുപ്രതികളായ ബത്തേരി തങ്ങളകത്ത് നൗഷാദ് തുടങ്ങിയവർ നടത്തിയ വെളിപ്പെടുത്തലുകളാണ് അബുദാബി ഇരട്ടക്കൊലയിലേക്ക് വെളിച്ചം വീശിയത്. ഷൈബിന്റെ നിർദ്ദേശപ്രകാരം അബുദാബിയിലെത്തി കുറ്റകൃത്യം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൃത്രിമത്തെളിവുകൾ സൃഷ്ടിച്ച ശേഷം പ്രതികൾ ഇന്ത്യയിലേക്ക് കടന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് കേസെടുത്തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഹാരിസ്, ഡെൻസി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. ഷാബാ ഷരീഫ് വധക്കേസിൽ റിമാൻഡിലുള്ള നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. അതിനിടെയാണ് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി എ സിയാദ് റഹ്‌മാൻ 23ന് അനുകൂല ഉത്തരവിട്ടു.
ലഹരിമരുന്ന് കേസിൽ ഷൈബിന് അബുദാബിയിൽ പ്രവേശനവിലക്കുണ്ട്. മയക്കുമരുന്ന് കേസിന് പിന്നിൽ ഹാരിസാണെന്ന സംശയവും ഇരുവരും ചേര്‍ന്ന് നടത്തിയ വ്യാപാരം മുഴുവൻ സ്വന്തമാക്കാനുള്ള അത്യാഗ്രഹം എന്നിവ ഇരട്ടക്കൊലയ്ക്ക് ഷൈബിനെ പ്രേരിപ്പിച്ചതായി പൊലീസ് പറയുന്നു. ഹാരിസിന്റെ ഭാര്യയുമായുള്ള ഷൈബിന്റെ അടുപ്പവും ക്രൂരകൃത്യത്തിന് പിന്നിലുണ്ടെന്നതിന് തെളിവ് പൊലീസിന് ലഭിച്ചു. ഷൈബിൻ ഉൾപ്പെടെ പ്രതികൾ ഷരീഫ് വധക്കേസിൽ റിമാൻഡിലാണ്. വൈകാതെ സിബിഐ സംഘം നിലമ്പൂരെത്തി വിവരം ശേഖരിക്കും. ഹാരിസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കും. തുടർന്ന് പ്രതികളുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെ തുടര്‍നടപടികളിലേക്ക് കടക്കും.

Eng­lish Sum­ma­ry: CBI to inves­ti­gate dou­ble mur­der in Abu Dhabi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.