സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ സെൻസസ് റിപ്പോർട്ട്. ഏപ്രിൽ 10 മുതൽ മേയ് 25 വരെ വയനാട്ടിലെ കാടുകളിൽ നടന്ന കടുവകളുടെ കണക്കെടുപ്പിലെയും മേയ് 17 മുതൽ 19 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പുതിയ കണക്ക് പ്രകാരം കഴിഞ്ഞ സെൻസസിൽ ഉള്ളതിനേക്കാൾ എണ്ണം ഇക്കുറി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത്. 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് സെൻസസിൽ കണ്ടെത്തിയതെങ്കിലും ഇതിൽ 69 എണ്ണം വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും എട്ട് എണ്ണം നോർത്ത് വയനാട് ഡിവിഷനിൽ നിന്നും ഏഴ് എണ്ണം സൗത്ത് വയനാട് ഡിവിഷനിൽ നിന്നുമാണ്. ഇതിൽ 29 ആൺ കടുവകളെയും 47 പെൺ കടുവകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് . 2018 ൽ നടത്തിയ കണക്കെടുപ്പിൽ 120 ആയിരുന്നു കടുവകളുടെ എണ്ണം. അഞ്ച് വർഷത്തിനിടെ കേരളത്തിൽ കടുവകളുടെ എണ്ണം കുറഞ്ഞു. എന്നാൽ വയനാട്ടിലെ കാട് കർണാടക വനാതിർത്തി പങ്കിടുന്നതിനാൽ കണക്കിൽ മാറ്റം വരുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
മേയ് മാസത്തിൽ ബ്ലോക്ക് കൗണ്ട് രീതിയിൽ നടത്തിയ കാട്ടാന കണക്കെടുപ്പിൽ 1,920 കാട്ടാനകളുണ്ടെന്നാണ് കണ്ടെത്തല്‍ . എന്നാൽ ഡങ്ങ് കൗണ്ട് ( ആനപിണ്ഡത്തിന്റെ കണക്കെടുപ്പിൽ ) രീതികളിലൂടെ 2,386 ആനകളെ കണ്ടെത്തി. രണ്ടു വ്യത്യസ്ത രീതിയിലൂടെ നടന്ന കണക്കെടുപ്പായതിനാൽ സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920 നും 2386 നും ഇടയിലുള്ള സംഖ്യ ആയിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം . 2017 ൽ കണക്കെടുത്തപ്പോൾ ബ്ലോക്ക് കൗണ്ട് രീതിയിൽ 3,322 ആനകളും ഡങ്ങ് കൗണ്ടിംഗിൽ 5,706 കാട്ടാനകളെയുമാണ് കണ്ടെത്തിയത്. കാട്ടാനകളുടെ എണ്ണവും നിലവിൽ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംസ്ഥാന അതിർത്തികൾ കടന്ന് ആനകൾ കർണ്ണാടകയിൽ എത്തിയിരിക്കാനുള്ള സാധ്യതയും ഉണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ലെന്നും എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ. പ്രകൃതി സംരക്ഷണത്തിൽ നിന്നും സർക്കാരിന് മുഖം തിരിഞ്ഞു നിൽക്കാനാവില്ല. 100 ശതമാനം കൃത്യതയുള്ള റിപ്പോർട്ട് ഒരിക്കലും കിട്ടില്ല. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടിയാണ്. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ല. മനുഷ്യ — വന്യജീവി സംഘർഷത്തിന് പിന്നിൽ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചതു കൊണ്ടാണെന്നും ഇതിനാലാണ് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നതെന്നുമുള്ള ചിലരുടെ വാദം , നിലവിലെ സെൻസസ് കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരംമുറിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോപോകുന്നുവെന്നും ഏറെ മൂല്യമുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയതെന്നും ഇവയുടെ മൂല്യം കണക്കാക്കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വനം വകുപ്പ് നടപ്പിലാക്കിയ കടുവ ‚ആന സെൻസസ് റിപ്പോർട്ട് മന്ത്രി മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസിന് നൽകി പ്രകാശനം ചെയ്‌തു . ചീഫ് വൈൽഡ് ലൈഡ് വാർഡൻ ഗംഗാ സിങ്, ടെക്നിക്കൽ അസിസ്റ്റന്റ് ശില്പ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Census report that there has been a decrease in the number of wild animals in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.