ടോള്‍കൊള്ളയിലൂടെ വാഹനയാത്രക്കാരെ പിഴിയുന്ന ദേശീയപാതാ അതോറിറ്റി ഹെെവേകള്‍ക്കരികില്‍ വീടോ വാണിജ്യസ്ഥാപനങ്ങളോ നിര്‍മ്മിക്കുന്നതിനുള്ള അകലം ഏഴര മീറ്ററായി നിര്‍ണയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ സര്‍വീസ് റോഡുകളില്‍ നിന്നു മാത്രമേ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശനം അനുവദിക്കൂ. ദേശീയപാതകളുടെ സര്‍വീസ് റോഡുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളിലേക്ക് വഴിതുറന്നു നല്കണമെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് 2.92 ലക്ഷം രൂപ ഫീസ് നല്കണം. ചെറിയ ഒറ്റമുറിക്കടകളെയും ചെറിയ വീടുകളെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് പ്രവേശനവഴികള്‍ അനുവദിക്കുന്നതിലും നൂലാമാലകളുണ്ട്. ഹെെവേക്ക് ഭൂമി നല്കിയശേഷം ശേഷിക്കുന്ന ഭൂമിയില്‍ ഉപജീവനത്തിനായി ഒരു കട തുടങ്ങുന്നവര്‍ക്കാണ് വന്‍ ഫീസ് ചുമത്തി ജീവിതമാര്‍ഗം അടയ്ക്കുന്നത്. കച്ചവടക്കാര്‍ പ്രവേശനവഴി ലഭിക്കാന്‍ ആദ്യം പതിനായിരം രൂപയും പിന്നീട് പരിശോധനാ ഫീസായി 20,000 രൂപയും അടയ്ക്കണം. അനുമതിപത്രം കിട്ടാന്‍ 2.62 ലക്ഷം രൂപയും ഒടുക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ ദേശീയപാതയുടെ അരകിലോമീറ്ററിനുള്ളിലെ അടിപ്പാതകളുടെയും സിഗ്നലുകളുടെയും പ്ലാനും സ്കെച്ചും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍വീസ് റോഡുകളില്‍ നിന്നല്ലാതെ ദേശീയപാതയില്‍ നിന്ന് നേരിട്ട് കടകളിലേക്കോ വീടുകളിലേക്കോ പ്രവേശനവഴികള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
ഈ ഉത്തരവ് നടപ്പാക്കണമെന്നും കച്ചവടസ്ഥാപനങ്ങളോ വീടോ സര്‍വീസ് റോഡുകള്‍ക്ക് അരികില്‍ തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കാണിച്ച് ദേശീയപാതാ അതോറിറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. അനുമതി വാങ്ങാതെ വീടുകളിലേക്കും കടകളിലേക്കും പ്രവേശന വഴി തുറന്നവര്‍ക്ക് നിശ്ചിത ഫീസ് അടച്ച് അനുമതി വാങ്ങണമെന്ന അറിയിപ്പുകളും നല്കിത്തുടങ്ങി. ഓരോ പ്രദേശത്തുമുള്ള ഏതാനും പേര്‍ക്ക് നോട്ടീസ് നല്കിയാണ് പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളായി നോട്ടീസ് നല്കി ജനങ്ങളുടെ കൂട്ടായ പ്രതിഷേധം ശിഥിലമാക്കാനുള്ള കുതന്ത്രവും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏഴരമീറ്റര്‍ അകലത്തായിരിക്കണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥയും കെെവശമുള്ള ഭൂമിപോലും നിര്‍മ്മാണയോഗ്യമല്ലാതാക്കി തീര്‍ക്കും.
വീടുകള്‍ക്ക് മൂന്ന് മീറ്ററും കച്ചവട സ്ഥാപനങ്ങള്‍ക്ക് ആറ് മീറ്ററും അകലമുണ്ടായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ അട്ടിമറിച്ചാണ് ഏഴരമീറ്റര്‍ എന്ന ഈ പുതിയ ദൂരപരിധിനിര്‍ണയം. നാഷണല്‍ ഹെെവേ 66 ആറുവരിപാത നല്കുന്നതിന് ഭൂമി വിട്ടുനല്കി അരികുകളിലേക്ക് ഒതുങ്ങിക്കൂടിയ പതിനായിരങ്ങളെ ഇനിയും അവരുടെ തുണ്ടുഭൂമികളില്‍ നിന്നു പറിച്ചെറിയാനാണ് കേന്ദ്രത്തിന്റെ ദയാശൂന്യമായ ഈ നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹെെവേക്ക് ഭൂമി നല്കിയ രണ്ടേകാല്‍ ലക്ഷം കുടുംബങ്ങള്‍ക്കുനേരെയാണ് പുതിയ ആക്രമണമെന്നും കണക്കുകളില്‍ നിന്നു വ്യക്തം. അതോറിറ്റിയുടെ അനുമതിപത്രമില്ലാതെ ദേശീയപാതകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണങ്ങള്‍ അരുതെന്ന അതോറിറ്റിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാവുന്നു.
ENGLISH SUMMARY:Center denies freedom of movement; Decentralization to take traders hostage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.