22 December 2024, Sunday
KSFE Galaxy Chits Banner 2

കേന്ദ്രത്തിനുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രം

കാനം രാജേന്ദ്രന്‍
January 13, 2022 6:00 am

സംസ്ഥാനങ്ങളുടെ വൻതോതിലുള്ള ചിലവ് ബാധ്യത വഹിക്കേണ്ടി വരുമെന്നുള്ളതുകൊണ്ടും സംസ്ഥാനത്തിന്റെ നികുതി വരുമാന സ്രോതസ് കേന്ദ്രത്തിനേക്കാൾ കുറയുമെന്നുള്ളതുകൊണ്ടും സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതിനുവേണ്ടി ആ­ർട്ടിക്കിൾ 280(3)ഡി പ്രകാരം വർഷത്തിലൊരിക്കൽ ധനകാര്യ കമ്മിഷനുകളെ നിശ്ചയിക്കാൻ ഭരണഘടന ഉറപ്പ് നൽകുന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ കാണാൻ കഴിയാത്ത വിധത്തിലുള്ള വിവേചനപരമായ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കയാണ് പതിനഞ്ചാം ധനകാര്യ കമ്മിഷൻ. ധനകാര്യ ശുപാർശ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിലൂടെ കേരളത്തിന് 1.9 ശതമാനം വിഹിതമേ ലഭിക്കൂ. മുൻകാലങ്ങളിൽ 2.5 ശതമാനമായിരുന്നു വിഹിതം. 2021 ലെ ബജറ്റിൽ അത് 0.61 ശതമാനമായി കുറഞ്ഞിരിക്കുന്നു. 15-ാം ധനകാര്യ കമ്മിഷൻ ശുപാർശയനുസരിച്ച് കേന്ദ്ര നികുതി വിഹിതം 42 ശതമാനമാക്കണമെന്നുള്ള ഭരണഘടന ബാധ്യതയിൽ നിന്ന് ഒഴിയാനാകാത്തതിനാൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ (സിഎസ്എസ്‌) വെട്ടിച്ചുരുക്കി, അവ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള നടപടിക്കാണ് മോഡി സർക്കാർ മുതിർന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയുടേതിന് ലഭിക്കുന്ന ഫണ്ട് കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകും വിനിയോഗിക്കപ്പെടുന്നത്. മൊത്തം കേന്ദ്ര ബജറ്റിന്റെ 11 ശതമാനമാണ് സിഎസ്എസിന് ലഭിക്കുന്നത്. 30 ഓളം പദ്ധതികളാണ് സിഎസ്എസിനു കീഴിൽ. യാതൊരു മാനദണ്ഡമോ വ്യവസ്ഥകളോ ഇല്ലാതെ കേന്ദ്രം നിഷ്ക്കർഷിക്കുന്ന കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഏകീകൃത സ്വഭാവമൊന്നുമിതിനില്ല. ഉദാഹരണത്തിന് സ്വച്ഭാരതത്തിന് 60:40 ആണെങ്കിൽ എംഎൻആർഇജി സംസ്ഥാനം 25 ശതമാനം നൽകിയാൽ മതി. മൊത്തം 3.4 ലക്ഷം കോടിയാണ് സിഎസ്എസിൽ നീക്കിവച്ചിട്ടുള്ളത്. സിഎസ്എസിന്റെ നടപ്പു പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതം ലഭിക്കുന്നതാകട്ടെ മൊത്തം ചിലവിന്റെ സ്റ്റേറ്റ്മെന്റും സംസ്ഥാനങ്ങളിലുള്ള എ ജി മുഖാന്തിരം കേന്ദ്ര മന്ത്രാലയത്തിനു ലഭിച്ചതിനുശേഷം മാത്രമാണ്. ഇത് സംസ്ഥാനങ്ങളില്‍ പദ്ധതി നടത്തിപ്പിനു തടസം സൃഷ്ടിക്കുന്നു. പദ്ധതിയുടെ നടപ്പ് സാമ്പത്തിക ചിലവ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഒഡിഷ സംസ്ഥാനം അവരുടെ ഡിപ്പാർട്ടുമെന്റുകൾക്ക് നൽകിയിരിക്കുന്ന നിർദേശം കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് അഡ്വാൻസായി തുക നൽകേണ്ടതില്ലെന്നാണ്. സംസ്ഥാനങ്ങൾ വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രം മൂലധന ചിലവിൽ പൊടുന്നനെ വെട്ടിച്ചുരുക്കൽ വരുത്തുന്നത്. അതോടെ സംസ്ഥാനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാകും. ഇത് സംസ്ഥാനങ്ങളുടെ ബജറ്റിനെ പ്രതിസന്ധിയിലാക്കുന്നു. വികസന പ്രവർത്തനങ്ങൾ ഫണ്ടില്ലാത്ത കാരണം വഴിമുട്ടിപ്പോകുകയും സംസ്ഥാനം ഇതിനാവശ്യമായ തുക കണ്ടുപിടിക്കേണ്ട സാഹചര്യം സംജാതമാകുകയും ചെയ്യുന്നു. സിഎസ്എസിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുക്കാതെയും നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുയോജ്യമാകാത്തതരത്തിലുമാണ്. നിശ്ചിത സമയത്തിനുള്ളിൽ കേന്ദ്രത്തിന്റെ ഗ്രാന്റുകൾ സംസ്ഥാനത്തിന് ലഭിക്കുകയുമില്ല. കേരളത്തിന് 15-ാം ധനകാര്യ കമ്മിഷൻ വകയിരുത്തിയ സെക്ടർ സ്പെസിഫിക് ഗ്രാന്റായ 2412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റായ 1100 കോടി രൂപയും ഇതുവരെ കേരളത്തിന് ലഭിച്ചിട്ടില്ല.


ഇതുകൂടി വായിക്കാം; നെഹ്രുവിന്റെ അയോധ്യയും മോഡിയുടെ കാശിയും


മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഇപ്പോൾ തന്നെ 500 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. കോവിഡ് മഹാമാരി കാലത്ത് വേതന കുടിശിക വരുത്തുന്നതിലെ വീഴ്ച മനുഷ്യത്വരഹിതമായതുകൊണ്ട് സംസ്ഥാനം ഈ തുക തൊഴിലാളികൾക്ക് നൽകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര നിലപാട് ഒട്ടും അനുകൂലമല്ല. എംഎൻആർഇജി കേന്ദ്രവിഹിതം 2014–15 ൽ സംസ്ഥാനത്തിന് 158 കോടി രൂപയായിരുന്നത് 2016–17 ൽ 71 കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. 2011 മുതൽ 2014 വരെ പ്രതിവർഷം 1000 കോടിക്കുമുകളിൽ കേരളത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ഗ്രാന്റ് ലഭിച്ചിരുന്നു. മോഡി സർക്കാർ ഭരണസാരഥ്യം ഏറ്റെടുത്തപ്പോൾ അതിൽ 35 ശതമാനം കുറവ് ഉണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആളോഹരി കൈമാറ്റ വിതരണം (പെർക്യാപ്പിറ്റ ട്രാൻസ്ഫർ) ശരാശരി 133 ആണ്. ബിജെപി ഭരിക്കുന്ന കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 1567 ആണ്. വിവേചനത്തിനിതിൽപ്പരം വേറെ എന്തുവേണം ഉദാഹരിക്കാൻ. യുപിഎ സർക്കാർ ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ ഫണ്ട് 413.43 കോടിയിൽ നിന്നും 206 കോടിയായി സംസ്ഥാനത്തിന്റെ വിഹിതത്തിൽ കുറവുണ്ടായി. ഓഖി ഉൾപ്പെടെയുള്ള കേരളത്തെ നടുക്കിയ പ്രളയ ദുരന്തങ്ങളിലും കേന്ദ്രം കാണിച്ച അവഗണന ആവർത്തിക്കേണ്ടതില്ല. 2018 ൽ വലിയ പ്രളയ ദുരന്തത്തിൽ കേന്ദ്രം നൽകിയത് 2904.85 കോടി രൂപയാണ് നൽകിയത്. 2019 ലെ പ്രളയത്തിൽ 31,000 കോടി നഷ്ടമുണ്ടായപ്പോൾ കേന്ദ്രം മാനദണ്ഡം അനുസരിച്ച് കണക്കാക്കിയ നഷ്ടം 2108.88 ആണ്. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് ചില്ലിക്കാശുപോലും കേന്ദ്രത്തിൽ നിന്നും ലഭിച്ചില്ല. പ്രളയത്തെ തുടർന്ന് 700 കോടിയുടെ വിദേശ സഹായം ലഭിക്കുമായിരുന്നത് തടസപ്പെടുത്തിയത് കേന്ദ്രമാണ്. ഓഖിയെ തുടർന്ന് കേരളം ആവശ്യപ്പെട്ട 7000 കോടിയുടെ തീരദേശ സംരക്ഷണ പാക്കേജ് അനുവദിക്കാനും കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ 20,000 കോടി കേരളം പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി മുഖേന പ്രത്യേക സഹായം ഒന്നും നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചില്ല. സംസ്ഥാനം വഴി നൽകേണ്ട ഭക്ഷ്യ ധാന്യങ്ങൾ അതും രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി കേന്ദ്രം നേരിട്ട് പ്രധാനമന്ത്രി ഗരീബി കല്യാണ യോജന എന്ന പേരിൽ നൽകുകയായിരുന്നു. നികുതി വരുമാനം വർധിക്കാതിരുന്നതിലെ പ്രശ്നങ്ങൾ, ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം, നോട്ട് നിരോധനം, പ്രളയം, കോവിഡ് ഇതൊക്കെ കാരണം സർക്കാരിന് റവന്യു വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. ചെലവുകളൊന്നും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ അത് വർധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ ചിലവ്, സാമൂഹ്യ സുരക്ഷാ രംഗത്തെ ചിലവ് വർധന ഇതൊക്കെ സംസ്ഥാനം മികച്ച സാമ്പത്തിക മാനേജ്മെന്റോട് കൂടി കൈകാര്യം ചെയ്യുകയായിരുന്നു. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര ഗ്രാന്റായി സംസ്ഥാനത്തിന് 2020–21 ൽ 9824 കോടി മാത്രമാണ് ലഭിച്ചത്. മുൻവർഷം 16000 കോടി രൂപയായിരുന്നുവെന്നോർക്കുക. ഈയൊരു സന്നിഗ്ധാവസ്ഥയിലും കേരളത്തിന് അർഹതപ്പെട്ടതും ബജറ്ററി പ്രൊവിഷൻ കൊടുത്തിട്ടുള്ളതുമായ ഫണ്ടുകൾ കേന്ദ്രം അനുവദിക്കുന്നില്ല. പാർപ്പിട പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിക്കേണ്ട 1692.08 കോടി രൂപയിൽ 759.44 കോടി രൂപ കുടിശികയാണ്. നികുതി വിഹിതത്തിന്റെ കാര്യത്തിലും വിവേചനമാണ് കേരളത്തോടുള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 2.59 വരും കേരളത്തിലെ ജനസംഖ്യ. 2000 ആരംഭത്തിൽ ഇത് 3.05 ശതമാനമായിരുന്നു. 14-ാം ധനകാര്യ കമ്മിഷൻ കാലയളവിൽ കേരളത്തിനു ലഭിച്ച നികുതി വിഹിതം 2.5 ശതമാനമായിരുന്നത് 2021–26ന് (15-ാം ധനകമ്മിഷൻ) 1.92 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ജിഎസ്‌ടി വിഹിതം നൽകാൻ തയാറാകാതിരുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി വരെ പോകേണ്ടി വന്നു കുടിശിക ലഭിക്കാൻ. സംസ്ഥാനങ്ങളുടെ വരുമാനത്തിലും കേന്ദ്രത്തിന്റെ വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കേന്ദ്രം സെസിന്റെ വർധനവിലൂടെയും സർചാർജ് വർധനവിലൂടെയും തങ്ങളുടെ ബാധ്യത ജനങ്ങളിൽ കെട്ടി ഏൽപ്പിക്കുന്നു. ഇതിന്റെ വിഹിതമാകട്ടെ സംസ്ഥാനങ്ങൾക്ക് നല്കേണ്ട ബാധ്യത കേന്ദ്രത്തിനില്ല.


ഇതുകൂടി വായിക്കാം; കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്


സെസും സർചാർജും ഇനത്തിൽ 77 ശതമാനം കേന്ദ്രം വർധിപ്പിച്ചു. അതായത് 4.5 ലക്ഷം കോടിയാണ് ഈ ഇനത്തിൽ 2020–21 ൽ കേന്ദ്രത്തിന് ലഭിച്ചത്. ഇതിന്റെ മൂന്നിലൊന്നും പെട്രോൾ, ഡീസൽ ഇനത്തിൽ നിന്നാണ്. കേന്ദ്രത്തിന് വിദേശ വായ്പ എടുക്കേണ്ടതുള്ളതുകൊണ്ട് സംസ്ഥാനത്തിന്റെ വായ്പാ പരിധി അഞ്ച് ശതമാനമായി ഉയർത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഭരണഘടന ആർട്ടിക്കിൾ 293(3) സംസ്ഥാന ഗവണ്മെന്റ് വായ്പ എടുത്തതിന് കേന്ദ്ര ഗവണ്മെന്റിന്റെ അനുവാദം ആവശ്യമാണ്. ഈ നിയമം ഉപയോഗിച്ച് പല പദ്ധതികൾക്കും വായ്പ അനുവദിക്കാൻ കേന്ദ്രം തയാറാകുന്നില്ല. സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ തുക വായ്പ ലഭ്യമാകുന്നതിന് തടസം നിൽക്കുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ ഏറ്റവും വലിയ അവഗണന നേരിടുന്നത് റയിൽവേയാണ്. വർഷംതോറും ചടങ്ങെന്ന നിലയിൽ പ്രഖ്യാപിക്കപ്പെടുന്ന നിർദ്ദിഷ്ട റയിൽവേ പദ്ധതികളൊന്നും പിന്നീട് വെളിച്ചം കാണില്ല. റയിൽവെ സോണിനുവേണ്ടിയുള്ള കേരളത്തിന്റെ ആവശ്യം, പാലക്കാട് റയിൽവേ കോച്ച് ഫാക്ടറി, ദക്ഷിണ റയിൽവേയുടെ തിരുവനന്തപുരം ആസ്ഥാനമായ റിക്രൂട്ട്മെന്റ് ബോർഡ്, ശബരി റയിൽപാത തുടങ്ങിയ കേരളത്തിന്റെ ദീർഘകാലാവശ്യങ്ങൾ എല്ലാം ഇനിയും എത്രയോ അകലെയാണ്. ഏറ്റവുമവസാനം സിൽവർലൈൻ പദ്ധതിക്കുള്ള നിയമപരമായ അനുമതി തടഞ്ഞിരിക്കുകയാണ് കേന്ദ്രം. റയിൽവേയുടെ പ്രഖ്യാപിത മെഡിക്കൽകോളജ് വിസ്മൃതിയിലാണ്ടു കഴിഞ്ഞു. കേരളത്തിനൊരു എയിംസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കോഴിക്കോട് കിനാലൂരിൽ ലഭ്യമായ ഭൂമി നൽകാമെന്ന കേരളത്തിന്റെ നിർദേശവും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. 22 പുതിയ എയിംസുകളാണ് ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. അതൊക്കെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ്. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളും കേന്ദ്ര മന്ത്രാലയത്തിന്റെ ഫയലുകളിൽ ഉറങ്ങുകയാണ്. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് ഭാരതമാല ഫേസ് 1, മാലിന്യ സംസ്കരണ പദ്ധതി, ഇൻഫോ പാർക്കുകളുടെ നവീകരണം തുടങ്ങി കേരളത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികൾക്കെല്ലാം മനഃപൂർവം പുറംതിരിഞ്ഞ് നിൽക്കുകയാണ് കേന്ദ്ര ഭരണകൂടം. കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള അവഗണനയ്ക്കെതിരെ, ഫെഡറൽ സംവിധാനത്തോട് കാട്ടുന്ന തികഞ്ഞ നിഷേധത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മറ്റ് സംസ്ഥാനങ്ങളിലെ എംപിമാർ ഒറ്റക്കെട്ടായി ലോക്‌സഭയിലും കേന്ദ്ര ഗവണ്മെന്റിനു മുമ്പിലും അണിനിരക്കുമ്പോൾ നിർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്ന നയം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് സമാനമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് സ്വന്തം സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാർ ആ സംസ്ഥാനത്തിന്റെ വികസന പദ്ധതിക്കെതിരെ ഒപ്പുശേഖരണം നടത്തി ബിജെപി ഗവണ്മെന്റിന് മുമ്പാകെ സമർപ്പിക്കുന്നത്. അതും കോൺഗ്രസും സഖ്യകക്ഷികളാണെന്നോർക്കുക. ഇതിന്റെ രാഷ്ട്രീയ മാനങ്ങൾ അറിയാഞ്ഞിട്ടാണോ ഇത്തരം ഒരു നടപടി. ഒരു പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോഡി മനസുകൊണ്ട് ഊറി ചിരിക്കുകയായിരിക്കും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ഒരു തന്ത്രവും പയറ്റാതെ തന്നെ ബിജെപി യുടെ കെണിയിൽ കോൺഗ്രസ് വീഴുക എന്ന അഭൂതപൂർവമായ സംഭവം ഒരു പക്ഷേ മോഡി സർക്കാരിന്റെ വേറിട്ട അനുഭവമായിരിക്കാം. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വരാൻപോകുന്ന തലമുറയ്ക്കുവേണ്ടിയുള്ള നവകേരള സൃഷ്ടിക്ക് ആവശ്യമായ വിഭവങ്ങൾ ലഭിച്ചേ മതിയാകൂ. മാനവശേഷി വികസന സൂചികയിൽ ഒന്നാമത് നിൽക്കുമ്പോൾ ആഭ്യന്തര ഉല്പാദനത്തിന്റെ കാര്യത്തിൽ നമ്മുടെ പിന്നാക്കാവസ്ഥയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വൈരുധ്യം. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും പശ്ചാത്തല വികസനത്തിനും നമ്മുടെ സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട ആവശ്യങ്ങളും അവകാശങ്ങളും ഔദാര്യമല്ല. ഭരണഘടനാദത്തമായ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതു വാങ്ങിച്ചെടുക്കുക എന്നത് കേരളത്തിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണ്. അതിനായി പ്രക്ഷോഭമെങ്കിൽ പ്രക്ഷോഭം. അതുകൊണ്ടാണ് സിപിഐ കേന്ദ്ര അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ക്യാമ്പയിനുമായി മുന്നോട്ടു പോകുന്നത്. ഈ പ്രക്ഷോഭത്തിൽ ഒരുമിച്ചണിചേരുക.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.