24 November 2024, Sunday
KSFE Galaxy Chits Banner 2

കുരുമുളക് കർഷകരെ കുത്തുപാളയെടുപ്പിക്കാൻ കേന്ദ്രം

ബേബി ആലുവ
കൊച്ചി
October 29, 2024 10:59 pm

കുരുമുളക് ഇറക്കുമതി ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നതിനിടെ, ഇറക്കുമതിക്കാർക്ക് അവരാവശ്യപ്പെട്ട ഇളവുകളും അനുവദിച്ച് കേന്ദ്രം. രാജ്യത്തെ കുരുമുളക് കർഷകരെ കുത്തുപാളയെടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന ആക്ഷേപം ഇതോടെ വിവിധ തലങ്ങളിൽ നിന്നുയർന്നു. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 10,500 ടണ്ണിനടുത്ത് കുരുമുളകാണ് ശ്രീലങ്കയിൽനിന്നു മാത്രം ഇറക്കുമതി ചെയ്തത്. ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രകാരം 2,500 ടൺ നികുതിയില്ലാതെയും പുറമെ എട്ട് ശതമാനം തീരുവയിൽ വൻ തോതിലും ഇറക്കുമതി നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ചരക്ക് വരുന്നതും അവിടെ നിന്നാണ്. ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതിയുണ്ട്. ഇറക്കുമതി നിയന്ത്രണമില്ലാതെ ഉയർന്നതോടെ, കൃഷിക്കാരുടെ ചരക്കിന് വില കുത്തനെയിടിഞ്ഞു. ഉത്സവ സീസണുകളിൽ കുരുമുളകിന്റെ വിലയുയരുക സാധാരണയായി പതിവുണ്ടെങ്കിലും ദീപാവലി എത്തിയിട്ടും വില പ്രതീക്ഷിച്ച പോലെ ഉയർന്നില്ലെന്ന് കർഷകരും വ്യാപരികളും പറയുന്നു. വിപണി നിയന്ത്രിക്കുന്ന ലോബി ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ആഭ്യന്തരവിപണിയിൽ വിറ്റഴിക്കാൻ മത്സരിക്കുന്നതു മൂലമാണ് ഈ സ്ഥിതിയുണ്ടാകുന്നത്. ഇതിനു പുറമെയാണ് കുരുമുളക് കർഷകർക്ക് മറ്റൊരു വെല്ലുവിളിയാകുന്ന തണുപ്പ് കാലത്തിന്റെ വരവ്. ഈ അവസരത്തിൽ കുരുമുളകിൽ ജലാംശത്തോത് ഉയർന്നാൽ പൂപ്പൽ ബാധയുണ്ടാകും. 

പ്രതികൂല സാഹചര്യങ്ങളെല്ലാം ഒന്നിച്ചു വന്നതോടെ, ഉല്പാദനച്ചെലവ് കിട്ടിയില്ലെങ്കിലും കിട്ടുന്ന വിലയ്ക്ക് ചരക്ക് വിറ്റ് കയ്യൊഴിക്കാനുള്ള ഗതികേടിലായി കൃഷിക്കാർ. ഒരു കാലത്ത് കേരളത്തിന്റെ കുരുമുളക് ഹബ് എന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ കർഷകരെയാണ് വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്നത്. 20 വർഷത്തിലേറെയായി വയനാട്ടിൽ ഉല്പാദനം തീരെ കുറഞ്ഞിരിക്കുകയാണ്.
ഇതിനിടെയാണ് ഇറക്കുമതി കുരുമുളക് പുനർ കയറ്റുമതി ചെയ്യുന്നതിനുള്ള സമയ പരിധി, ഇറക്കുമതിക്കാരുടെ താല്പര്യപ്രകാരം ആറുമാസമായി നീട്ടി നൽകാൻ വാണിജ്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് ആറു മാസം വരെ കൈവശം വയ്ക്കാൻ അവർക്കാവും. നിലവിൽ ഈ സമയ പരിധി 120 ദിവസമാണ്. ഇത് കുറവ് ചെയ്യണമെന്ന കർഷകരുടെ ആവശ്യം ഉയരുന്നതിനിടെയാണ് രണ്ട് മാസം കൂട്ടി നൽകിയിരിക്കുന്നത്. കൂടുതൽ വിദേശ ചരക്ക് ആഭ്യന്തര വിപണിയിലേക്ക് കടന്നുവരാൻ ഇടയാക്കുന്ന ഉത്തരവ് ഇറക്കുമതി നയത്തിലെ മുഖ്യ അപാകതയാണെന്നും കൃഷിക്കാർക്ക് വൻ തിരിച്ചടിയാകുമെന്നും ഇന്ത്യൻ പെപ്പർ ആന്റ് സ്പൈസസ് ട്രേഡ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.