രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്നത് പലതവണ തെളിയിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവില്‍ രാജ്യത്ത് വിവിധ കാരണങ്ങളാല്‍ അരിയുല്പാദനം കുറയുമെന്ന വിലയിരുത്തലുകള്‍ നിലനില്ക്കേ കയറ്റുമതിക്ക് അനുമതി നല്കിയതുള്‍പ്പെടെ എത്രയോ മണ്ടന്‍ തീരുമാനങ്ങള്‍ നരേന്ദ്രമോഡിയില്‍ നിന്നുണ്ടായി. ലോകത്തിന് അന്നം നല്കുമെന്ന് നെഞ്ചുവിരിച്ച് അഹങ്കരിച്ച്, ഗോതമ്പ് കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോഡിക്ക് അല്പ ദിവസങ്ങള്‍ക്കകം തീരുമാനം മാറ്റേണ്ടിവന്നതും നാം അടുത്ത കാലത്താണ് കണ്ടത്. വെറുതെ മേനി നടിക്കാനായി ആസൂത്രണമില്ലാതെയും വിവര സമാഹരണം നടത്താതെയും കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പലതാണ്. ഇവിടെ ആവശ്യത്തിനില്ലാതിരിക്കേ ഗോതമ്പ് കയറ്റുമതി ചെയ്തപ്പോള്‍ വിലക്കയറ്റമുണ്ടായി. ഗോതമ്പിന് ഒരുവര്‍ഷം മുമ്പുള്ള വിലയുടെ 20 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്. ഗോതമ്പുല്പന്നങ്ങളുടെ കയറ്റുമതി പോലും പിന്നീട് നിരോധിക്കേണ്ടിവന്നു. ഇത് ഫ്ലോര്‍മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26 രൂപയുണ്ടായിരുന്ന ഒരു കിലോ ഗോതമ്പിന് 31 രൂപയിലധികമായി. ഗോതമ്പ് പൊടിയുടെ വിലയില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. വില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവയ്പ് വ്യാപകമായെന്നും ആരോപണമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണം നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുദാന്‍ശു പാണ്ഡെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം പ്രതിവിധിയാകുമെന്ന് കരുതാന്‍ സാധിക്കില്ല. ഗോതമ്പിന്റെ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സംഭരണ ശാലയായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) യില്‍ മതിയായ ഗോതമ്പ് സംഭരണമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ ഒന്നുറപ്പാണ്, വിപണിയില്‍ ക്ഷാമമുണ്ടാക്കുകയോ പൂഴ്ത്തിവയ്പുണ്ടാകുകയോ ചെയ്തതിനാല്‍ രാജ്യത്ത് ഗോതമ്പ് വില ഉയരുന്ന പ്രവണത തുടരുകയാണ്. മുന്‍ധാരണകളില്ലായ്മയും അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ട് നടപടികള്‍ കൈക്കൊള്ളുന്നതില്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും മൂലം ഇത്തരം നിരവധി പ്രശ്നങ്ങളാണ് നാം നേരിടുന്നത്. അതിലൊന്നുമാത്രമാണ് ഗോതമ്പ് വിലക്കയറ്റം. കേന്ദ്രം സൃഷ്ടിച്ചതാണ് അതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധി നേരിടുന്നതിന് ഇപ്പോള്‍തന്നെ കേന്ദ്രത്തില്‍ നിന്ന് നടപടിയുണ്ടാകണമെന്ന ആവശ്യമുയരുന്നത്. അത് അരിക്കുണ്ടാകാനിടയുള്ള ക്ഷാമവും വിലക്കയറ്റവും തടയുന്നതിനുള്ളതാണ്. അരി കയറ്റുമതിക്കും കേന്ദ്രം നിര്‍ബാധം അനുമതി നല്കി വരികയായിരുന്നു. അവിടെയും ലോകം പട്ടിണി കിടക്കരുതെന്ന മേനി പറച്ചിലിന്റെ പിന്നണിയുണ്ടായിരുന്നു.
എന്നാല്‍ വളരെ പെട്ടെന്നുതന്നെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എങ്കിലും ഖാരിഫ് വിളവെടുപ്പു ഘട്ടത്തില്‍ ഉണ്ടായേക്കുമെന്ന് ആശങ്കപ്പെടുന്ന ഉല്പാദനക്കുറവും വില വര്‍ധനയും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ മാസം ആദ്യം നുറുക്കരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍തന്നെ ഖാരിഫ് വിളവെടുപ്പ് നടക്കുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അരിയുടെ ഉല്പാദനക്കുറവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നുമുതല്‍ 1.2 കോടി ടണ്‍വരെ ആയിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്. നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിലുണ്ടായ കുറവ്, കനത്ത മഴയും വേനലും, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ നെല്‍കൃഷിയെ ബാധിച്ചിരിക്കുന്ന രോഗം തുടങ്ങിയവയാണ് ഉല്പാദനക്കുറവിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 417.93 ലക്ഷം ഹെക്ടറില്‍ ഉല്പാദനമുണ്ടായിടത്ത് ഇക്കുറി 399.03 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി.
രാജ്യത്തെ നെല്ലുല്പാദനത്തിന്റെ 80 ശതമാനവും ഖാരിഫ് വിളവെടുപ്പ് കാലത്ത് ലഭിക്കുന്നവയാണ്. 2021–22 ല്‍ ആദ്യ വിളവെടുപ്പില്‍ 130.29 ദശലക്ഷം ടണ്ണിന്റെ അരി ഉല്പാദനമാണ് ഇന്ത്യയിലുണ്ടായത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 124.37 ആയിരുന്നു. ഈ വര്‍ഷം ഉല്പാദനം കുറയുന്നത് ദൗര്‍ലഭ്യതയ്ക്കും വിലക്കയറ്റത്തിനും ഇടയാക്കുകയും ചെയ്യും. ചില്ലറ വില്പന വിലക്കയറ്റം മുന്‍മാസങ്ങളെ അപേക്ഷിച്ച് കൂടിക്കൊണ്ടിരിക്കുകയുമാണ്. എന്തായാലും അരി കൂടുതലായി ഉപയോഗിക്കുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഉല്പാദനക്കുറവ് ദോഷകരമായി ബാധിക്കാനിടയുണ്ട്. ആവശ്യമുള്ള അരിയുടെ നാലിലൊന്നുപോലും ഇവിടെ ഉണ്ടാക്കുന്നില്ല. ഓരോ വര്‍ഷവും ഉല്പാദനവര്‍ധനയ്ക്കുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെങ്കിലും ജനസാന്ദ്രത കൂടിയതുകാരണം കൃഷിയിടത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. 2013–14 വര്‍ഷം 1.99 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായത് 1.90 ലക്ഷം ഹെക്ടറായി കുറയുകയാണുണ്ടായത്. ഉല്പാദനക്ഷമതയില്‍ വര്‍ധന വരുത്താന്‍ സാധിക്കുന്നതുമില്ല. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മാസങ്ങളില്‍ അരിക്കുണ്ടാകുന്ന വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.