രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 44 കേസുകള്‍. ആദായ നികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ്, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവയെ ഉപയോഗപ്പെടുത്തിയായിരുന്നു മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള വേട്ടയാടല്‍. കഴിഞ്ഞദിവസം പുറത്തുവന്ന പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 11 സ്ഥാനം താഴേക്കിറങ്ങി 161-ാമതാണ്. 44ല്‍ ഒമ്പത് കേസുകള്‍ ആദായ നികുതി വകുപ്പും 15 എണ്ണം ഇഡിയും 20 എണ്ണം എന്‍ഐഎയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നേരിടേണ്ടിവരുന്നു. രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയാണ് അന്വേഷണ ഏജന്‍സികള്‍ മുഖ്യമായും ലക്ഷ്യം വച്ചത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ടൈംസ് ഗ്രൂപ്പ് സ്ഥാപനങ്ങള്‍, ബിസിസിഎല്‍, ഇന്ത്യ ടുഡെ ഗ്രൂപ്പ് എന്നി സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം നടന്നു.
അഞ്ചുവര്‍ഷത്തിനിടെ കശ്മിര്‍ ടൈംസ് എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിന് അഞ്ച് തവണ എന്‍ഐഎ നോട്ടീസ് ലഭിച്ചു. നോട്ടീസ് ലഭിച്ചാല്‍ കോടതി നടപടിക്കായി സമയം ചെലവഴിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ പറയുന്നു. 2010 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയില്‍ തീര്‍പ്പായതാണെങ്കിലും 2020 ല്‍ വീണ്ടും അന്വേഷണം നടത്തുകയാണന്നും അനുരാധ പറയുന്നു. കശ്മീര്‍വാലാ, ഗ്രേറ്റര്‍ കശ്മീര്‍ മാധ്യമസ്ഥാപനങ്ങളെയും വേട്ടയാടി. നിരവധി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരില്‍ പലരും ഇപ്പോഴും ജയിലുകളിലാണ്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു.
ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ 850 ദിവസമാണ് ജയിലില്‍ കിടന്നത്. ഉത്തര്‍ പ്രദേശ് പൊലീസ് യുഎപിഎയും ഇഡി കള്ളപ്പണ ഇടപാട് കേസുമാണ് കാപ്പനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോഡി ഡോക്യുമെന്ററിയുടെ പേരില്‍ ബിബിസിക്കെതിരായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബിബിസിക്കെതിരെ സിബിഐയും ഇഡിയും പ്രത്യേക അന്വേഷണം നടത്തുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസിനെ ഉപയോഗിച്ചും മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് പ്രധാനമായും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇഡി കേസുകളില്‍ നാലു മടങ്ങ് വര്‍ധന വന്നിട്ടുണ്ട്. ഇതില്‍ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കളെയും സര്‍ക്കാര്‍ വിമര്‍ശകരെയും ഉന്നമിട്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary; Central investigative agencies continue media hunt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.