സിൽവർലൈൻ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെയും റയിൽവേ മന്ത്രാലയത്തിന്റെയും തത്വത്തിലുള്ള അനുമതിയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ഉള്ളതുകൊണ്ടുതന്നെയാണ് പദ്ധതി നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതൊക്കെ ബോധ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാക്കളും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരും കേരള വികസനത്തെ തടയാനുള്ള കുപ്രചരണമാണ് നടത്തിവരുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019 ഡിസംബർ 17ന് റയിൽവേ ബോർഡ് പ്രോജക്ട്സ് വിഭാഗം ഡയറക്ടർ ഡി കെ മിശ്ര സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ തത്വത്തിലുള്ള അംഗീകാരം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ 2021 ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കി. നിർവഹണ ഏജൻസിക്കോ സംസ്ഥാന സർക്കാരിനോ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി ചേർന്ന് സംയുക്ത നിക്ഷേപം അടക്കമുള്ള പദ്ധതി രൂപകല്പനയും ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നും ഉറപ്പുലഭിച്ചിട്ടുണ്ട്.
സാമ്പത്തികകാര്യ വകുപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി ചർച്ചകളുടെയും തീരുമാനത്തിന്റെ യും അടിസ്ഥാനത്തിലാണ് ഈ കത്തെഴുതിയിട്ടുള്ളത്. ഈ അംഗീകാരങ്ങളുടെ ഉറപ്പിൽതന്നെയാണ് പദ്ധതി തുടർനടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. എന്നിട്ടും പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. ബിജെപി നേതാക്കൾ ഉന്നയിക്കുന്ന അതേ ന്യായംതന്നെ കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ച എല്ലാ കാര്യങ്ങളും ജനങ്ങളുമായി പങ്കുവച്ചാണ് മുന്നോട്ടുപോകുന്നത്. പദ്ധതിയ്ക്ക് അന്തിമ അനുമതി ലഭിച്ചുവെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ടില്ല. അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങളടക്കം ആരംഭിക്കാൻ മറ്റൊരു തടസവുമില്ലെന്നും മന്ത്രി പറഞ്ഞു.
വന്ദേ ഭാരത് പദ്ധതി കേരളത്തിൽ വിജയകരമായി നടപ്പാക്കുന്നതിൽ ബിജെപി നേതാക്കൾക്കുതന്നെ സംശയമുണ്ട്. അതാണ് ഇ ശ്രീധരന്റെ അഭിപ്രായമായി പുറത്തുവന്നത്. എന്നാൽ, കോൺഗ്രസ് നേതാക്കൾക്ക് പദ്ധതി വിജയത്തിന്റെ കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് പറയുന്നത്. രാജ്യത്താകെ ഇത്തരം വികസന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന് ചെയ്യേണ്ട ന്യായമായ കാര്യങ്ങളുണ്ട്. അതിൽ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിന് ഭൂഷണമല്ല. സിൽവർ ലൈൻ പദ്ധതി ആവശ്യമാണെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പദ്ധതിയുടെ കാര്യത്തിൽ വിശദ പരിശോധനയും വിലയിരുത്തലും വേണമെന്നതിൽ ആർക്കും തർക്കമില്ലെന്നും മന്ത്രി പറഞ്ഞു.
ENGLISH SUMMARY:Centre’s in-principle approval of Silver Line: Finance Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.