14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
April 3, 2024
April 1, 2024
January 25, 2024
January 5, 2024
January 1, 2024
November 24, 2023
November 13, 2023
October 4, 2023
February 15, 2023

വികസനമേഖലയിലെ വെല്ലുവിളികള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 30, 2024 4:30 am

ന്ത്യ അടക്കമുള്ള വികസ്വരസമ്പദ്‌വ്യവസ്ഥകള്‍, വികസനവുമായി ബന്ധപ്പെട്ട ഏതാനും പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാ‍ണ്. ഇതില്‍ പ്രധാനപ്പെട്ട വെല്ലുവിളി വികസനത്തിന്റെ പാത, ധനശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളതു പോലെ, ഒരു ‘മധ്യ‑വരുമാന കെണി‘യില്‍ അകപ്പെട്ടിരിക്കുന്നു എന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോര്‍ട്ട് ലോകബാങ്ക് 2024 ഓഗസ്റ്റ് ഒന്നാം വാരത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലോകബാങ്കിന്റെ പഠനത്തിന് വിധേയമാക്കപ്പെട്ടത് 108 രാജ്യ സമ്പദ്‌വ്യവസ്ഥകളായിരുന്നു. ഇക്കൂട്ടത്തില്‍, ഇന്ത്യക്കു പുറമെ ചെെന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, വിയറ്റ്നാം തുടങ്ങിയവയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിഭാഗം രാജ്യങ്ങളിലെ ജനങ്ങളുടെ ആളോഹരി വരുമാനം 1,136 ഡോളറിനും 13,845 ഡോളറിനും ഇടയ്ക്കുമാണ്.
ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന ഈ സമ്പദ്‌വ്യവസ്ഥകളെല്ലാം ലക്ഷ്യമിടുന്നത്, വരുന്ന മൂന്ന് ദശകങ്ങള്‍ക്കകം ഉയര്‍ന്ന വരുമാന വിഭാഗക്കാര്‍ക്കൊപ്പം ചെന്നെത്തുക എന്നതാണ്. ലോകബാങ്കാണെങ്കില്‍ അവര്‍ക്കൊരു മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ആഗോള സമ്പദ്‌‌വ്യവസ്ഥയുടെ 40 ശതമാനം വരുന്ന ഈ വിഭാഗം രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കി വരുന്നതെന്നാണ് മുന്നറിയിപ്പിന്റെ അടിസ്ഥാനം.
ലോകബാങ്കിന്റെ കണക്കുകൂട്ടലനുസരിച്ച് 2024നും 2100നും ഇടയ്ക്ക്, ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളിലെ വളര്‍ച്ച മെല്ലെപ്പോക്കിന്റെ പ്രവണതയാണ് സൂചിപ്പിക്കുന്നത്. ധനതത്വശാസ്ത്രത്തില്‍ അക്കാദമിക്ക് ലോകം ഇത്തരം പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന വികസന മാതൃകയെ ‘സ്വാന്‍-സോളോ വികസന മാതൃക’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വികസന മാതൃകയുടെ സവിശേഷത, ഇതില്‍ വികസനത്തിനുള്ള മുഖ്യ ആശ്രയം മൂലധനം കുന്നുകൂട്ടല്‍-ക്യാപ്പിറ്റല്‍ അക്യുമുലേഷന്‍— എന്ന പ്രക്രിയയായിരിക്കും. സമ്പദ്‌വ്യവസ്ഥയുടെ താണവരുമാന ഘട്ടങ്ങളിലും ഇടത്തരംവരുമാന ഘട്ടങ്ങളിലും വികസനത്തിന്റെ പാത ഇതുവഴി ത്വരിതപ്പെടുത്താന്‍ കഴിഞ്ഞിരുന്നതാണ്. എന്നാല്‍, തുടര്‍ന്നിങ്ങോട്ടുള്ള ഘട്ടങ്ങളാകുമ്പോഴേക്ക് മൂലധനത്തില്‍ നിന്നുള്ള നേട്ടം അഥവാ വരുമാനം ക്രമേണ ഇടിഞ്ഞുവരുന്നതായി അനുഭവപ്പെടുന്നു. 

ഓരോ യൂണിറ്റ് മൂലധനത്തില്‍ നിന്നുമുള്ള ലാഭം ഇടിയുന്നതനുസരിച്ച് ഈ ഉല്പാദന ഘടകത്തെ മാത്രം ആശ്രയിക്കുന്നവരുടെ ലാഭത്തിലും സമാനമായ ഇടിവുണ്ടാക്കും. പുതിയ നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ട് ദശകക്കാലത്തിനിടയില്‍ ഈ രാജ്യങ്ങളിലെ ശരാശരി വരുമാന വര്‍ധന മൂന്നിലൊന്നായി ചുരുങ്ങുക കൂടി ചെയ്തു. 2000ല്‍ 5.5 ശതമാനമായിരുന്നത് 2010കളായതോടെ 3.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇതില്‍ നിന്നും പൊടുന്നനെയുള്ളൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇടത്തരംവരുമാന വിഭാഗം രാജ്യങ്ങള്‍ക്കെതിരായി ശക്തമായ പ്രതികൂല സാഹചര്യങ്ങള്‍ ഉടലെടുക്കാതിരിക്കില്ല. ഇതിനുപുറമെ, ഒട്ടും അവഗണിക്കാനാവാത്ത ആഗോള ഭൗമ‑രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിസന്ധികള്‍ വര്‍ധിപ്പിക്കും. വ്യാപാര സംരക്ഷണ നടപടികള്‍, സര്‍ക്കാര്‍ ഇടപെടലുകള്‍ വഴിയുള്ള ബാധ്യതാ നിയന്ത്രണ നടപടികള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയവ സ്ഥിരാനുഭവങ്ങളാകും. ജനസംഖ്യയുടെ പൊതുഘടനയിലും മാറ്റങ്ങള്‍ പ്രകടമാവുകയും യുവാക്കളുടേതുപോലെ തന്നെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്യും. ഇതില്‍ ആദ്യത്തേത് ഒരേ സമയം നേട്ടവും ബാധ്യതയുമാകാം. നേട്ടമാകുന്നത്, കൂടുതല്‍ മനുഷ്യാധ്വാനശക്തിയുടെ സാന്നിധ്യ വര്‍ധനവിലൂടെ. അതൊരു ബാധ്യതയാകുന്നത് യുവജനതയ്ക്കാവശ്യമായ തൊഴിലവസരങ്ങളുടെ അഭാവത്തിലൂടെയാകും. അതേസമയം, വൃദ്ധജനങ്ങളുടെ പെരുപ്പം സമൂഹത്തിന്റെ ബാധ്യതയിലേക്കാണ് നയിക്കുക. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപെന്‍ഷനുകളും സബ്സിഡിയോടുകൂടിയുള്ളതോ, സൗജന്യമായതോ ആയ ധനകാര്യ പിന്തുണ പറയത്തക്ക ഗുണഫലം ലഭ്യമാക്കുകയുമില്ല.
മുകളില്‍ സൂചിപ്പിച്ച ഗുരുതരമായ വെല്ലുവിളികള്‍, മോഡി സര്‍ക്കാര്‍ തുടര്‍ച്ചയായി അവകാശപ്പെട്ടുവരുന്ന വികസന പരിപ്രേക്ഷ്യം- 2047 ആകുന്നതോടെ ഏറ്റവും വലിയ മൂന്ന് ലോക സാമ്പത്തികശക്തികളിലൊന്നായി രൂപാന്തരപ്പെടുമെന്നത് — നേടുക എളുപ്പമാവില്ലെന്ന നിഗമനത്തിലാണ് കൊണ്ടെത്തിക്കുന്നത്. ലോകബാങ്കിന്റെ കണക്കുകൂട്ടലില്‍ 2023ലെ ഇന്ത്യയുടെ ആളോഹരി ജിഡിപി 2,484 ഡോളറാണ്. ഇത് ഇടത്തരംവരുമാന വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളില്‍ ഏറ്റവും താണനിലവാരത്തിലുമാണ്. ഇന്ത്യ അതിവേഗ വളര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ളൊരു വികസ്വര രാജ്യമായിരിക്കാം. എന്നാല്‍, ഇന്നത്തെ സ്ഥിതിയില്‍ യുഎസിന്റെ ആളോഹരി വരുമാന നിലവാരത്തിന്റെ നാലിലൊന്നിലെങ്കിലും എത്തണമെങ്കില്‍ ഇനിയും 75 വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. പ്രതീക്ഷകളും അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എത്രയാണെന്ന് നോക്കുക. നാം എത്ര തന്നെ ആഗ്രഹിച്ചാലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സഖ്യങ്ങളും എത്രതന്നെ ഉച്ചത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയാലും കാലഘട്ടത്തിനും ജനതാല്പര്യത്തിനും അനുസൃതമായ സാമ്പത്തിക പരിഷ്കാരങ്ങളും അവ നടപ്പാക്കുന്നതിനോട് അനുഭാവവും പ്രതിബദ്ധതയും വേണ്ടത്രയുള്ളൊരു ബ്യൂറോക്രസിയുമില്ലെങ്കില്‍ നാം നിന്നിടത്തുതന്നെ നിലകൊള്ളുകയേ ഉള്ളു.
നമുക്കാവശ്യം നിലനില്‍ക്കുന്ന വികസനമാണ്, അതിനനുയോജ്യമായ വികസനദിശയും ദിശാബോധവുമാണ്. കാലഹരണപ്പെട്ട വികസനാശയങ്ങളോ, അവയുടെ സഹായത്തോടെ രൂപപ്പെടുത്തിയ വികസനമാതൃകകളോ ഇനിയും ആശ്രയിക്കുന്നപക്ഷം ഉല്പാദനം ഉയര്‍ത്താനാവില്ല. ജിഡിപി വളര്‍ച്ചയും നേടാനാവില്ല. വികസനമോഡല്‍ അത് ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ മൂശയില്‍ തയ്യാറാക്കിയതായാലും ദേശീയ താല്പര്യങ്ങള്‍ക്കനുഗുണമായിരിക്കണം എന്നുമാത്രമല്ല, അത് ആഗോള സാഹചര്യങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ഇണങ്ങുന്നതുമായിരിക്കണം.

ലോകബാങ്കിന്റെ പുതിയ പഠനം, ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെ പരിഗണനയ്ക്കായി മൂന്നുഘട്ടങ്ങളിലായി വേര്‍തിരിച്ച് പ്രയോഗത്തില്‍ വരുത്താന്‍ അനുയോജ്യമായൊരു സമീപനമാണ് മുന്നോട്ടുവച്ചിരിക്കുന്നത്, നിക്ഷേപം, പ്രചോദനം, നവീകരണം. ഇതുവഴി രൂപപ്പെടുത്തിയ അഥവാ പ്രചോദിതമായ – വളര്‍ച്ചാ തന്ത്രത്തിന്റെ സഹായത്തോടെ മാത്രമേ, സാമ്പത്തികവളര്‍ച്ചയുടെ മുന്നേറ്റത്തിന് പ്രതിബന്ധമായി തുടരുന്ന കുരുക്കില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധ്യമാകൂ. ഈവിധത്തിലൊരു വികസന തന്ത്രത്തിലൂടെ വികസന നേട്ടം കൈവരിക്കാനായ രാജ്യങ്ങളാണ് ചിലി, കൊറിയ, പോളണ്ട് എന്നിവയെന്ന് ലോകബാങ്ക് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ പ്രതീക്ഷിക്കപ്പെട്ടിരുന്നതും ഏറെക്കുറെ സമാനമായ മുന്നേറ്റമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റം വേണമെങ്കില്‍ ഇതല്ലാതെ വേറെ ബദല്‍ സൂത്രവിദ്യകളൊന്നും ഇല്ല.
സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന വികസന മേഖലയായ കൃഷിയും അനുബന്ധ മേഖലകളും ഇനിയും വികസന പരിപ്രേക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. സ്ഥിരമായ വളര്‍ച്ചാ നിരക്കുകള്‍ നിലനിര്‍ത്താന്‍ കഴിയുന്ന കാര്‍ഷിക – ഗ്രാമീണ മേഖലയുടെ ശക്തമായൊരു അടിത്തറയില്ലാതെ നിലനില്‍ക്കുന്ന വികസനം എന്ന ലക്ഷ്യം തീര്‍ത്തും ഒരു മരീചികയായി തുടരുകതന്നെ ചെയ്യും. 2024ലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ കേന്ദ്ര മോഡി ഭരണകൂടത്തിന് ഒരു പരിധിവരെയെങ്കിലും ബോധ്യമായിട്ടുണ്ടാവുക ഇന്ത്യയിലെ കാര്‍ഷിക സമൂഹത്തിന്റെ അസംതൃപ്തിയുടെ പ്രതിഫലനമായിരിക്കും. ബജറ്റില്‍ ഇതു സംബന്ധമായ പരിമിതമായ ഏതാനും പ്രതികരണങ്ങളുമുണ്ട്. ഇതെത്രമാത്രം പ്രയോഗത്തില്‍ വരുമെന്ന് വ്യക്തമല്ല. മറ്റൊരു പ്രധാന വികസന നിര്‍ദേശം വന്‍തോതില്‍ സ്വകാര്യ മേഖലാ നിക്ഷേപ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എംപ്ലോയ്‌മെന്റ് സ്കില്ലിങ് പരിപാടിയിലൂടെ യുവാക്കളെ കൂടുതല്‍ വിദഗ്ധ തൊഴില്‍ മേഖലകളിലേക്ക് പ്രയോജനപ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.

ഇന്ത്യന്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വികസന യത്നങ്ങള്‍ പ്രതീക്ഷിച്ചതോതില്‍ വിജയിക്കണമെങ്കില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യ ഭീഷണിയും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും പെട്രോളിയം മേഖലയില്‍ തന്മൂലമുണ്ടാക്കാനിടയുള്ള വിലവര്‍ധനവിന്റെ പ്രത്യാഘാതങ്ങളും തള്ളിക്കളയുക സാധ്യമാവില്ല. യുഎസ് ഓഹരി വിപണികളിലും അസ്വസ്ഥത നിലവിലുണ്ട്. ഇത്തരമൊരു ആഗോള പശ്ചാത്തലംകൂടി കണക്കിലെടുക്കുമ്പോള്‍ അതിവേഗ വളര്‍ച്ചയുടെ പാത ലക്ഷ്യമാക്കിയുള്ള മൂന്നാം മോഡി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണം ഒരിക്കലും സുഗമമായിരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.