3 May 2024, Friday

Related news

May 2, 2024
April 5, 2024
January 19, 2024
December 6, 2023
October 27, 2023
September 23, 2023
September 17, 2023
September 15, 2023
September 9, 2023
August 31, 2023

ഭൂമിയില്‍ നിന്നുള്ള ഇലക്ട്രോണുകള്‍ ചന്ദ്രനില്‍ വെള്ളമുണ്ടാക്കുന്നു

നിര്‍ണായക കണ്ടെത്തല്‍ ചന്ദ്രയാൻ1 നല്‍കിയ വിവരങ്ങളില്‍ നിന്ന്
Janayugom Webdesk
ബംഗളൂരു
September 15, 2023 9:05 pm
ഭൂമിയില്‍ നിന്നുള്ള ശക്തിയേറിയ ഇലക്ട്രോണുകള്‍ ചന്ദ്രനില്‍ ജലം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍. ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാൻ‑1ല്‍ നിന്നുള്ള റിമോട്ട് സെൻസിങ് വിവരങ്ങള്‍ വിലയിരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഭൂമിയിലെ പ്ലാസ്മ ഷീറ്റ് ചന്ദ്രോപരിതലത്തിലെ പാറകള്‍ പൊട്ടുന്നതിനും പൊടിയുന്നതിനും കാരണമാകുന്നതായും ഹവായ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. നേച്ചര്‍ അസ്ട്രോണമി എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ജലത്തിന്റെ തോത്, ഏതെല്ലാം ഭാഗത്ത് ജലത്തിന്റെ സാന്നിധ്യമുണ്ട് എന്നീ കാര്യങ്ങള്‍ മനസിലാക്കുന്നത് ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി അറിയുന്നതിനും ഭാവി പര്യവേഷണങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. ചന്ദ്രനില്‍ കണ്ടെത്തിയ മഞ്ഞുകട്ടയുടെ ഉത്ഭവം മനസിലാക്കാനും ഈ കണ്ടുപിടിത്തങ്ങള്‍  സഹായകമാകും. പ്രോട്ടോണുകള്‍ പോലുള്ള ശക്തമായ ഊര്‍ജകണികകള്‍ നിറഞ്ഞ സൗരക്കാറ്റ് ചന്ദ്രോപരിതലത്തിലെത്തുന്നതാണ് ജലത്തിന്റെ രൂപീകരണത്തിന് പ്രധാന കാരണമെന്നാണ് സംശയിച്ചിരുന്നത്. ചന്ദ്രൻ ഭൂമിയുടെ മാഗ്നറ്റോ ടെയിലിന് (സൗരക്കാറ്റ് മൂലം ഭൂമിയുടെ കാന്തിക മണ്ഡലം പിന്നിലേക്ക് മാറുന്ന പ്രതിഭാസം) അടുത്തുകൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രോപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഗവേഷകര്‍ വിലയിരുത്തിയത്.
ചന്ദ്രൻ മാഗ്നറ്റോ ടെയിലിന് പുറത്ത് നില്‍ക്കുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സൗരക്കാറ്റ് പതിക്കുന്നതായി കണ്ടെത്തിയെന്നും മാഗ്നറ്റോ ടെയിലില്‍ പ്രോട്ടോണുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ അത്തരത്തില്‍ ജലരൂപീകരണ സാധ്യത ഇല്ലെന്നും കണ്ടെത്തി. ധാതുക്കളുടെ സാന്നിധ്യം കണ്ടെത്താനുള്ള മൂണ്‍ മിനറോളജി മാപ്പര്‍ ഇൻസ്ട്രുമെന്റ്, ഇമേജിങ് സ്പെക്ട്രോമീറ്റര്‍ എന്നിവയിലൂടെ 2008 മുതല്‍ 2009 വരെ ചന്ദ്രയാൻ 1 ശേഖരിച്ച റിമോട്ട് സെൻസിങ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തലെന്ന് ശാസ്ത്രജ്ഞനായ ഷുആയ് ലീ പറഞ്ഞു.
ചന്ദ്രന്‍ പ്ലാസ്മാ ഷീറ്റ് ഉള്‍പ്പെടുന്ന ഭൂമിയുടെ മാഗ്നറ്റോ ടെയില്‍ താണ്ടിപ്പോകുമ്പോഴുള്ള ജല രൂപീകരണവും വിലയിരുത്തി. ഭൂമിയുടെ  മാഗ്നറ്റോ ടെയിലില്‍ ജലം രൂപീകൃതമാകുന്ന സമയവും ചന്ദ്രൻ മാഗ്നറ്റോ ടെയിലിന് പുറത്തുള്ള സമയവും തുല്യമാണെന്നും കണ്ടെത്തി. ഇതിനര്‍ത്ഥം പ്രോട്ടോണുകളുമായി ബന്ധമില്ലാത്ത മറ്റ് കാരണങ്ങള്‍ ജല രൂപീകരണത്തിന് കാരണമാകുന്നു എന്നാണ്.
ചന്ദ്രന്റെ ധ്രുവങ്ങളെപ്പറ്റിയുള്ള പഠനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെയും ഈ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്ന പല കാര്യങ്ങളും ഇനിയും കണ്ടെത്താനുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. 2008 ലാണ് ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ചന്ദ്രയാൻ1 വിക്ഷേപിച്ചത്. അടുത്തിടെ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദുര്‍ഘട മേഖലയായ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഒരു ചാന്ദ്രദിനത്തിലെ ഗവേഷണങ്ങള്‍ക്ക് ശേഷം പ്രഗ്യാന്‍ റോവര്‍ നിദ്രയിലാണ്. അടുത്ത ചാന്ദ്രദിനത്തില്‍ സൂര്യനുദിക്കുന്നതോടെ പ്രഗ്യാന്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.
Eng­lish Sum­ma­ry: Chandrayaan‑1 data shows how Earth helped Moon get its water
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.