16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 15, 2024
October 9, 2024
September 29, 2024
September 17, 2024
September 13, 2024
September 12, 2024
September 6, 2024
August 13, 2024
August 9, 2024

സ്കൂൾ സമയമാറ്റം: അഭിപ്രായ സമന്വയം വേണം

എൻ ശ്രീകുമാർ
September 27, 2022 5:30 am

കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിൽ അക്കാദമികവും ഭരണപരവുമായി കാലോചിത പരിഷ്കരണങ്ങൾ നിർദ്ദേശിക്കുന്നതിന് സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും സമർപ്പിച്ചു കഴിഞ്ഞു. ഒന്നാം ഭാഗം മൂന്ന് വർഷം മുമ്പു തന്നെ സർക്കാരിന് നൽകിയിരുന്നു. നിലവിലുള്ള സ്കൂൾ ഘടനയിൽ വരേണ്ട മാറ്റം, സ്കൂളുകളുടെ ഭരണ ചുമതല, പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ഡറി വരെ വിദ്യാലയങ്ങൾ ഒരു കുടക്കീഴിൽ ഏകീകരിച്ചു നിർത്തൽ, പഞ്ചായത്തുതലം വരെ വിന്യസിക്കുംവിധം വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃക്രമീകരണം, പഠന ഗവേഷണ സ്ഥാപനങ്ങളുടെയും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തൽ തുടങ്ങി പ്രധാനമായും പൊതു വിദ്യാഭ്യാസ മേഖലയുടെ ഭരണപരമായ കാര്യങ്ങളിൽ ഊന്നൽ നൽകുന്ന റിപ്പോർട്ടായിരുന്നു ആദ്യഭാഗം. ഇപ്പോൾ സർക്കാരിന് സമർപ്പിച്ച രണ്ടാം ഭാഗത്തിലാകട്ടെ, പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവിനായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. രണ്ടാം ഭാഗം പൊതുജനങ്ങൾക്കു മുമ്പിൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അതിന്റെ ഉള്ളടക്കം പത്രമാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. അതിൽ സ്കൂൾ സമയമാറ്റം സംബന്ധിച്ച നിർദ്ദേശമാണ് ഇപ്പോൾ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുന്നത്. സ്കൂൾ സമയം രാവിലെ എട്ട് മുതൽ ആരംഭിക്കണം എന്നാണ് നിർദ്ദേശം.

നിലവിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ പ്രവൃത്തി സമയം 10 മുതൽ നാലു വരെയാണ്. ഹയർ സെക്കന്‍ഡറി ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെയും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സമയം രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയുമാണ്. ഇനി മുതൽ സ്കൂൾ പ്രവൃത്തി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകണമെന്നാണ് ഖാദർ കമ്മിറ്റി നിർദ്ദേശിക്കുന്നത്. ഉച്ചയ്ക്കു ശേഷം കലാകായിക പഠനത്തിനും അന്വേഷണാത്മക പ്രവർത്തനങ്ങൾക്കും ലൈബ്രറിയുടെ ഉപയോഗത്തിനും മറ്റും വിദ്യാർത്ഥിക്ക് കൂടുതൽ സമയം കണ്ടെത്താൻ ഇതിലൂടെ സാധിക്കുമെന്ന നിഗമനമാണ് ഖാദർ കമ്മിറ്റിക്കുള്ളത്. അത് ശരിയാണുതാനും. ഉച്ചയ്ക്ക് സ്കൂൾ വിട്ടാൽ മാതാപിതാക്കൾ തൊഴിലിടങ്ങളിലായിരിക്കേ, വിദ്യാർത്ഥികൾ വീടുകളിൽ തിരികെയെത്തി, തനിയെ കഴിയുന്നത് നിലവിലെ സാമൂഹികാന്തരീക്ഷത്തിൽ സുരക്ഷിതമല്ലെന്ന് സമയമാറ്റത്തെ എതിർക്കുന്നതിനുള്ള ഒരു കാരണമായി സൂചിപ്പിച്ചുകണ്ടു. ആശങ്ക ന്യായമാണെങ്കിലും ഒരു മണിക്ക് ശേഷം വിദ്യാർത്ഥികൾ വീടുകളിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചായിക്കൂടാ ചർച്ചകൾ വളരേണ്ടത്. വൈകുന്നേരം വരെ വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ ചെലവഴിക്കട്ടെ. അവർക്ക് മാർഗനിർദ്ദേശം നൽകി അധ്യാപകരും ഉണ്ടാകണം. ഉച്ചയ്ക്കു ശേഷമുള്ള സമയം പഠനത്തെ ക്ലാസ് മുറിക്കകത്തുനിന്ന് മോചിപ്പിച്ച് കുറച്ചുകൂടി വിശാലതയിലേക്ക് നയിക്കാൻ അതിടയാക്കും.


ഇതുകൂടി വായിക്കൂ: ജിഡിപി വളര്‍ച്ചാനിരക്കു വര്‍ധന ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി  


വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യോഗ്യരായ അധ്യാപകരുടെ സാന്നിധ്യത്താൽ പഠന സമയം വർധിച്ചു കിട്ടുകയാകും സമയമാറ്റം മൂലം സംഭവിക്കുന്നത്. രക്ഷിതാക്കൾക്ക് അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാകില്ല. കുട്ടികൾക്ക് നൽകുന്ന ഭക്ഷണ സമയം കൂടി ക്രമീകരിക്കണമെന്നു മാത്രം. യഥാർത്ഥത്തിൽ ഇങ്ങനെ തീരുമാനിച്ചാൽ പ്രവൃത്തിസമയം വർധിക്കുന്നതിൽ ആകുലപ്പെടേണ്ടത് അധ്യാപകരാണ്. പക്ഷേ, അധ്യാപകരുടെ ചുമതലകൾ അവരുമായി ചർച്ചചെയ്ത് വലിയ ഭാരമാകാതെ പുനഃക്രമീകരിക്കാവുന്നതേയുള്ളു. എന്തുകൊണ്ടും ഒട്ടേറെ സാധ്യതകൾ ഉള്ള ഒരു നിർദ്ദേശമാണ് ഖാദർ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളതെന്ന് തീർച്ചയാണ്. സ്കൂൾ സമയമാറ്റം സംബന്ധിച്ച് ഖാദർ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളത് പുതിയ നിർദ്ദേശമെന്ന് പറയാൻ വയ്യ. കഴിഞ്ഞ കുറേക്കാലമായി ഉയർന്നു കേൾക്കുന്നത് തന്നെയാണിത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മനുഷ്യർ മാനസികവും ശാരീരികവും ബൗദ്ധികവുമായി ഏറെ പ്രസരിപ്പോടെ കാണുന്നത് സൂര്യതാപത്തിന്റെ ശക്തി കുറവുള്ള പരമാവധി പുലർകാലത്തിലാണെന്ന് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്കൂൾ സമയമാറ്റത്തെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞുകേട്ടത്. വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്പെട്ടേക്കാവുന്ന സമയമല്ലേ, അവർക്കായി നിശ്ചയിക്കേണ്ടത്.

അതിനാൽ സമയമാറ്റം സംബന്ധിച്ച ഈ നിർദ്ദേശം പൊതുവേ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ആദിവാസി, പിന്നാക്ക മേഖലകളിലെ യാത്രാദുരിതം ഈ തീരുമാനം നടപ്പിലാക്കുന്നതിന് പ്രതിസന്ധിയാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സാധിക്കുന്നതേയുള്ളു. എന്നാൽ, മറ്റ് സാമൂഹിക കാരണങ്ങളെക്കാൾ മതപഠനത്തിന് സ്കൂൾ സമയമാറ്റം തടസമാണെന്ന വാദമാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കായ മദ്രസകളിൽ രാവിലെ 7.30 നും എട്ടിനുമൊക്കെ അധ്യയനം ആരംഭിക്കും. സ്കൂൾ സമയം മാറിയാൽ ഇത് മുടങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇത് പരിഹരിക്കാനാവാത്ത പ്രശ്നമാവേണ്ട കാര്യമില്ല. മതപഠന സമയം വൈകുന്നേരത്തോ, സന്ധ്യ സമയത്തോ നടത്താൻ തീരുമാനിക്കാൻ പ്രയാസമുണ്ടാകുമോ? അധ്യാപകരായ മതപണ്ഡിതർക്കും മറ്റ് ഉത്തരവാദിത്തങ്ങൾ ക്രമീകരിച്ച് പഠിപ്പിക്കാൻ ഈ സമയം സാധിച്ചാൽ നന്നായേനെ. ഈ മേഖലയിലെ അധ്യാപകരുടെ ചെറിയ വേതനവും യാത്രയുമടക്കമുള്ള പ്രശ്നങ്ങൾ ഇതോടനുബന്ധിച്ച് ചർച്ച ചെയ്യേണ്ടതായി വന്നേക്കാം.


ഇതുകൂടി വായിക്കൂ: രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്നവര്‍


സംസ്ഥാന മുഖ്യമന്ത്രി തന്നെ മതനേതാക്കളുമായി ആശയവിനിമയം നടത്തി എല്ലാവരുടെയും അഭിപ്രായ സമവായം ഉണ്ടാക്കാവുന്ന പ്രശ്നം മാത്രമായിരിക്കുമിത്. ഖാദർ കമ്മിഷൻ സ്കൂൾ സമയമാറ്റം മാത്രമല്ല, വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതിനുമുള്ള പ്രായോഗിക സമീപനങ്ങളാണ് നിർദ്ദേശിക്കുന്നത്. മികച്ച പഠനം ഓരോ കുട്ടിയുടെയും അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള നാട്ടിൽ, മുതിർന്നവരുടെ സൗകര്യാനുസരണം തീരുമാനം കൈക്കൊള്ളാൻ ഇടവരരുത്. പഠനത്തിന്റെ കേന്ദ്രം വിദ്യാർത്ഥിയാണെങ്കിൽ അവരുടെ താല്പര്യങ്ങൾക്കാകണം മുൻതൂക്കം നൽകേണ്ടത്. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ എന്തൊക്കെ അനുബന്ധ സംവിധാനങ്ങളും ഭരണ നടപടികളും ആവശ്യമായി വരുമോ, അത് ചെയ്തുനൽകാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതിനാൽ, നിലവിലുള്ള സാമൂഹികാവസ്ഥയെ ഒരു മാറ്റത്തിനും വിധേയമാക്കാൻ അനുവദിക്കില്ലെന്നുള്ള സമീപനം ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണം. നമ്മുടെ കുട്ടികൾ നന്നായി പഠിക്കട്ടെ. അതിന് നമുക്ക് ഒന്നിച്ചു കൈകോർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.