18 November 2024, Monday
KSFE Galaxy Chits Banner 2

ചെസ് ഭ്രാന്തനായ വിപ്ലവകാരി

എം എ ബേബി
June 14, 2023 4:30 am

യുവതയുടെ നിത്യാവേശം എന്ന പ്രതീകപദവി ചെഗുവേരക്കുള്ളതാണ്. കായികലോകത്തെ വിവാദനായകനായ ഫുട്ബോള്‍ മാന്ത്രികന്‍ മറഡോണ തന്റെ ശരീരത്തില്‍ ‘ചെ‘യുടെ മുഖം പച്ചകുത്തിയത് പ്രസിദ്ധം. കല്‍ക്കത്തയില്‍ ജ്യോതിബസുവിനെ സന്ദര്‍ശിക്കാനെത്തിയ മറഡോണയെ അവിടെവച്ചു കണ്ടുമുട്ടിയപ്പോള്‍ ക്യൂബയില്‍ നിന്ന് ഈ ലേഖകന് സമ്മാനം കിട്ടിയ റിസ്റ്റ് വാച്ചിലെ ചെഗുവേരയുടെ ചിത്രം കണ്ട് മെസിയുടെ ഗോഡ്ഫാദര്‍ ആവേശം കൊണ്ട രംഗം മറക്കാവതല്ല. കായികക്ഷമത കൂടി കണക്കിലെടുത്ത് പല സ്പോര്‍ട്സ് ഇനങ്ങളിലും ചെ തല്പരനായിരുന്നു. എന്നാല്‍ ചെസ് ആയിരുന്നു ചെ ഒരു പാഷനായി സ്വീകരിച്ചത്. ബുദ്ധിപരമായ കണക്കുകൂട്ടലുകള്‍ക്ക് മൂര്‍ച്ച പകരാന്‍ ചെസിനു കഴിയുമെന്നതുകൊണ്ട് കൂടിയാകാം ആ സവിശേഷ താല്പര്യം. ചെയുടെ രക്തത്തില്‍ ലയിച്ച മുഖ്യ താല്പര്യങ്ങള്‍ ഇവയാണ്: അനീതിക്കെതിരായ അചഞ്ചലമായ സമരങ്ങള്‍, നിരന്തര വായന, കുട്ടികളോടൊത്തുള്ള ഉല്ലാസം, ചെസ്, എഴുത്ത്, പ്രസംഗം, സഞ്ചാരം. ഇവ രാഷ്ട്രീയ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി സംഭവിക്കുന്നതാണല്ലോ. ചെറു ബാലനായിരിക്കെത്തന്നെ ഏണസ്റ്റോ സര്‍ന ഗുവേര ചെസില്‍ താല്പര്യം കാട്ടിയിരുന്നു. വൈദ്യവിദ്യാര്‍ത്ഥിയായിരിക്കെ ചെസിന്റെ സിദ്ധാന്തവും പ്രയോഗവും ശ്രദ്ധാപൂര്‍വം പഠിക്കാനും അദ്ദേഹം മിനക്കെട്ടു. കൂട്ടുകാര്‍ക്കിടയില്‍ രൂപപ്പെട്ട ‘ചെ’ എന്ന വിളിപ്പേര് ഭാവിയില്‍ താന്‍ അറിയപ്പെടുന്ന ഓമനപ്പേരായതില്‍ യാദൃച്ഛികമായ ഒരു കാവ്യനീതി കാണാം.

ഒരാള്‍ക്ക് ചെസ് എന്ന് ഉച്ചരിക്കണമെങ്കില്‍ ‘ചെ’ എന്ന് പറഞ്ഞുതുടങ്ങാതെ സാധ്യമല്ല! വര്‍ഗവിഭജിതമായ മനുഷ്യസമൂഹം രൂപം കൊണ്ടതിനുശേഷമുള്ള നമ്മുടെ ചരിത്രം വര്‍ഗസമരങ്ങളുടേതാണ് എന്ന് കാറല്‍മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ഒന്നേമുക്കാല്‍ നൂറ്റാണ്ടു മുമ്പാണ് ശാസ്ത്രീയമായി വിശദീകരിച്ചത്. വ്യത്യസ്ത രൂപത്തില്‍ ഈ വര്‍ഗസമരം നടക്കും എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ചെസുകളി പ്രതീകാത്മകമായി ഒരു ബൗദ്ധിക‑സായുധ സമരമാണ്. കാലാള്‍പ്പടയും കുതിരപ്പടയും ഭരണാധികാരികളും കോട്ടകൊത്തളങ്ങളും എല്ലാം അതില്‍ രണ്ടുഭാഗത്തായി അണിനിരക്കുന്നു. ഓരോ കളിയും ആദ്യത്തെ ഏതാനും നീക്കങ്ങള്‍ കഴിഞ്ഞാല്‍ അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത തികച്ചും പുതുപുത്തന്‍ ഏറ്റുമുട്ടല്‍ രൂപങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇതൊക്കെ മനസിലാക്കിയ ‘ചെ‘യ്ക്ക് മനുഷ്യ വിമോചനപ്പോരാട്ട ഘട്ടങ്ങളില്‍ ഉപകരിക്കുന്ന സമരതന്ത്രങ്ങളും അടവുകളും ചെസ് മത്സരത്തിലെ പാഠങ്ങളോട് ബന്ധപ്പെടുത്തി വിശകലനം ചെയ്യാമെന്ന് തോന്നിയതില്‍ അതിശയമില്ല. ഒരു രാജ്യത്തെ, ഒരു ഭൂഖണ്ഡത്തെ, നമ്മുടെ ലോകത്തെത്തന്നെ ഒരു ചതുരംഗക്കളമായും വിവിധ വര്‍ഗങ്ങളെ അതിലെ കരുക്കളായും കാണാവുന്നതാണ്. ഗറില്ലാ പോരാട്ടത്തിലും ബഹുജനസമരത്തിലും തെരഞ്ഞെടുപ്പു മത്സരത്തിലും ചെസിലെ കരുനീക്കങ്ങള്‍ക്ക് സമാനമായ സാഹചര്യം ഉരുത്തിരിയാം.


ഇതുകൂടി വായിക്കൂ:കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളിൽ നിന്ന് പഠിക്കുന്നു, അവരോടൊപ്പം പോരാടുന്നു


എതിരാളിയുടെ ഒട്ടേറെ കരുനീക്ക സാധ്യതകള്‍ മനസില്‍ കണക്കുകൂട്ടിക്കൊണ്ടാണല്ലോ മികച്ച ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ആക്രമണ പ്രതിരോധ നീക്കങ്ങള്‍ രൂപപ്പെടുത്തുക. ഏതു രൂപത്തിലുള്ള ബഹുജനസമരത്തിലും ഇതേ കരുതലും കണക്കുകൂട്ടലും ആവശ്യമാണ്. 1959ല്‍ അതിസാഹസികമായ ആഭ്യന്തര സമരത്തിലൂടെയാണ് ഫിദലും റൗളും കാമില്ലോയും ചെയും അസംഖ്യം ഉശിരന്‍ യുവപോരാളികളും ചേര്‍ന്ന് ബാറ്റിസ്റ്റായുടെ സാമ്രാജ്യത്വാനുകൂല ഫാസിസ്റ്റ് വാഴ്ചയില്‍ നിന്ന് ക്യൂബയെ മോചിപ്പിച്ചത്. വെറും 80 മൈല്‍ അകലത്ത് സര്‍വവിനാശകശേഷിയുള്ള ആണവായുധങ്ങളുമായി ആഗോള ഭീമന്‍ അമേരിക്ക ചെറുക്യൂബയെ വിഴുങ്ങാന്‍ തയാറായി നില്‍ക്കുന്ന യാഥാര്‍ത്ഥ്യം ക്യൂബയുടെ വിപ്ലവ നേതൃത്വം തിരിച്ചറിഞ്ഞു. സാമ്രാജ്യത്വത്തിന് തങ്ങളുടെ പ്രഹരശേഷി ഇഷ്ടാനുസരണം ഏതെങ്കിലും ചിലയിടങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തവിധം അനേകം സാമ്രാജ്യത്വവിരുദ്ധ വിമോചന സമരസ്ഥലങ്ങള്‍ രൂപപ്പെടുത്തുക എന്ന തന്ത്രം മുഖ്യമായും ഫിദലും ചെയും ചേര്‍ന്ന് വികസിപ്പിക്കുവാന്‍ മുതിര്‍ന്നത് ചതുരംഗക്കളത്തിലെ സമരതന്ത്രങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കുമോ? “ഒരു വിയറ്റ്നാം, രണ്ടു വിയറ്റ്നാം, അനേകം വിയറ്റ്നാമുകള്‍” എന്ന ചെഗുവേരയുടെ മുദ്രാവാക്യവും ആഹ്വാനവും പ്രസിദ്ധമാണ്. കൊളോണിയല്‍ അധിനിവേശത്തിനുകീഴില്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും അസ്വാതന്ത്ര്യത്തിനും ഇരകളായ രാജ്യങ്ങളുടെ ചുരുണ്ട മുഷ്ടിപോലെയുള്ള ഉണര്‍ച്ചയുടെ നാളുകളായി 1960കളും 70കളും 80കളും മാറിയത് അങ്ങനെയായിരുന്നു.

ഏഷ്യയും ആഫ്രിക്കയും ലാറ്റിനമേരിക്കയും സാമ്രാജ്യത്വാനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞ് നിവര്‍ന്നുനില്‍ക്കാന്‍ തുടങ്ങിയ കാലം. ചെയുടെ നേതൃത്വത്തില്‍ ‘ട്രൈ കോണ്ടിനെന്റല്‍’ (മുന്നു ഭൂഖണ്ഡങ്ങള്‍) വിമോചനസമരത്തിന്റെ പര്യായമായ പ്രസ്ഥാനവും പ്രസിദ്ധീകരണവുമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അതിന്റെ കൂട്ടാളികള്‍ക്കും പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ എവിടെ കേന്ദ്രീകരിക്കണമെന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ ഈ കരുനീക്കം സഹായകമായി. ചെസിലെ ആക്രമണ പ്രതിരോധ പാഠങ്ങളും ചെഗുവേരക്ക് ഇത്തരം സമരമുറകള്‍ രൂപപ്പെടുത്താന്‍ സഹായം പകര്‍ന്നിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ലോകത്തെ വലിയൊരു ചെസ് കളമായാവണം ചെ കണ്ടിട്ടുണ്ടാവുക. ചെസ് കരുക്കള്‍ക്ക് ഏത് കളത്തിലേക്കും സഞ്ചരിക്കാമല്ലോ; ചില വ്യവസ്ഥകള്‍ക്ക് വിധേയമായി. (കറുപ്പും വെളുപ്പും ബിഷപ്പുമാര്‍ക്ക് ആദ്യാവസാനം ആ നിറമുള്ള കളത്തില്‍ മാത്രമേ സഞ്ചാര സ്വാതന്ത്ര്യമുള്ളു എന്നതു മറക്കുന്നില്ല!). ചെ, ലോകത്തെ തന്റെ സമരക്കളമായി കണ്ടു. വിയറ്റ്നാമിനെ സമരാവേശ പ്രതീകമായി സ്വീകരിച്ചു. ആഫ്രിക്കയില്‍ — അന്നത്തെ കോംഗോയില്‍ — നേരിട്ട് സമരപങ്കാളിയായി. അര്‍ജന്റീനയില്‍ ജനിച്ച് ലാറ്റിനമേരിക്കയിലാകെ മോട്ടോര്‍ സൈക്കിള്‍ സവാരി ചെയ്ത് മണ്ണും മനുഷ്യരും എന്താണെന്ന് അറിഞ്ഞു. (മഹാത്മാഗാന്ധി തീവണ്ടിയില്‍ ഇന്ത്യയെ കണ്ടെത്താന്‍ യാത്ര ചെയ്തത് ചെ മനസിലാക്കിയിട്ടുണ്ട്.) ഒടുവില്‍ ക്യൂബന്‍ വിമോചനസമരത്തില്‍ പങ്കെടുത്ത് ആ നാടിന്റെ ദത്തുപുത്രനായി ചെഗുവേര. എന്നാല്‍ അത് അവിടെ നിന്നില്ല. ക്യൂബയുമായുള്ള ഔപചാരിക ബന്ധങ്ങള്‍, വിങ്ങുന്ന ഹൃദയസ്പന്ദനങ്ങളോടെ വിച്ഛേദിച്ച് പുതിയ സമര സ്ഥലങ്ങള്‍ തേടി ശ്രീബുദ്ധനെപ്പോലെ മുന്നോട്ടുനീങ്ങി.


ഇതുകൂടി വായിക്കൂ: ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മ


ചെസില്‍ തന്റെ സമരതന്ത്രം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചില മുഖ്യകരുക്കള്‍ തന്നെ എതിരാളിക്ക് വേണമെങ്കില്‍ വെട്ടി എടുക്കാനായി വിട്ടുകൊടുക്കുന്ന (സാക്രിഫൈസ്) ഒരു അടവുണ്ട്. ബൊളീവിയന്‍ സമരമുഖത്ത് സംഭവിച്ചത് അപ്രകാരവും വിലയിരുത്താമോ? അതില്‍ സാമ്രാജ്യത്തിന്റെ നിഷ്ഠുരതയുണ്ട് എന്നതിനപ്പുറമുള്ള കാര്യമാണിത്. ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം മുന്നോട്ടുവയ്ക്കുന്ന ആധിപത്യപരവും ചൂഷണാധിഷ്ഠിതവുമായ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന വിശാല ഇടതുപക്ഷ പുരോഗമന ശക്തികള്‍ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചും അല്ലാതെയും ഉജ്ജ്വലമായ മുന്നേറ്റങ്ങള്‍ നടത്തുന്ന ഭൂഖണ്ഡമായി ലാറ്റിനമേരിക്ക മാറിയിരിക്കുന്നു. അതിനു പിന്നില്‍ ക്യൂബന്‍ വിപ്ലവവും ‘ചെ‘യുടെ രക്തസാക്ഷിത്വവും വറ്റാത്ത പ്രചോദനങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് ചെയുടെ 95-ാം ജന്മദിനമായ ജൂണ്‍ 14ന് ലോകത്തിലെ പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും കുട്ടികളുടെ ചെസ് മത്സരം സംഘടിപ്പിക്കുവാന്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതി മുന്‍കൈയെടുക്കുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍മാരുമായി പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചെ, സ്വന്തമായി ഒരു നവീന ചെസുകളി കണ്ടുപിടിച്ചിട്ടുണ്ടെന്നതും കൗതുകകരമാണ്. ‘ചെക്കുവേര’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കളി ഇന്ത്യന്‍ ചതുരംഗത്തിന്റെ ചില ഘടകങ്ങളും കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘ചെക്കുവേര’ എന്നു പേരുള്ള ശക്തിയുള്ള ഒരു കരു അധികമുണ്ടെന്നതാണ് ‘ചെ’ ജന്മം നല്‍കിയ നവീന ചെസിന്റെ സുപ്രധാന വ്യത്യാസം. പുതിയ തലമുറയെ ചെക്കുവേര കൂടി പരിശീലിപ്പിക്കുന്ന കാര്യവും നമുക്ക് ആലോചിക്കാവുന്നതാണ്. വ്യവസ്ഥകള്‍ ചെക്കുമേറ്റു ചെയ്യപ്പെടുന്ന കാലംവരെ അനശ്വര രക്തസാക്ഷി ചെ പോരാട്ടനിലങ്ങള്‍ക്ക് നിത്യാവേശമായി ചൂട്ടും വെളിച്ചവും പകര്‍ന്നുകൊണ്ടേയിരിക്കും. നവലോക സൃഷ്ടിയുടെ നാളുകളിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.