
മരുപ്പൂവ് എന്ന പുസ്തകത്തെക്കുറിച്ച് ബിന്നിയാദ്യം പറയുമ്പോൾ മനസിൽ കൗതുകത്തേക്കാൾ ആശങ്കയായിരുന്നു. പ്രവാസാനുഭവങ്ങളുടെ എഴുത്തു ബോധ്യങ്ങളിൽ എക്കാലത്തേയും ബാദ്ധ്യതയും സാദ്ധ്യതയുമായി ബെന്യാമിന്റെ ആടുജീവിതം നിലനിൽക്കുമ്പോൾ ബിന്നിക്കെന്താണ് മരുപ്പൂവിലൂടെ വ്യത്യസ്ഥമായി പറയാൻ കഴിയുക എന്നത് ഒരു കൗതുകമായി അവശേഷിച്ചു. പക്ഷേ വെറും 96 പേജുകളിലായി ബിന്നി വരഞ്ഞിട്ട ബബലു എന്ന പി കെ അനിൽ കുമാറിന്റെ ദേശ, ദേശാന്തര അനുഭവവ്യഥകളിലൂടെ കടന്നുപോകുമ്പോൾ ഒരിക്കലും ഒരോർമ്മയായി പോലും ആടുജീവിതം കടന്നുവന്നില്ല എന്നിടത്താണ് മരുപ്പൂവ് എന്ന ജീവിതക്കുറിപ്പുകളുടെ സമാഹാരം വിജയിക്കുന്നത്.
മരുപ്പൂവിലെ ബബലു തന്നെ വഴി നടത്തിയ നീരാവിൽ ദേശത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക നിലപാടുതറകളിൽ കാലുറപ്പിച്ച് നിന്ന് തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയെപോലെ വിരുന്നുവന്ന ജീവിതനൈരന്തര്യങ്ങളെ അയാൾക്കു മാത്രം കഴിയുന്ന അക്ഷോഭ്യതയോടെ നേരിടുകയാണ്. അതിഭാവുകത്വത്തിന്റെ വർണനൂലുകളിൽ കെട്ടിപ്പറത്താതെ, അടുക്കു വൃത്തിയോടെ ദൃഢമായി ജീവിതത്തറിയിൽ നെയ്തു തീർത്ത ഇഴകൾ കണക്കേ ഭാഷയും ബിംബങ്ങളും പ്രകൃതിയും പാകത്തിന് സമാസമം ചേർത്താണ് മരുപ്പൂവ് നമ്മിലേക്കെത്തുന്നത്. നന്നായി വിശന്ന വൈകുന്നേരങ്ങളിൽ കഴിച്ച ആവി പറക്കുന്ന പുഴുക്കിനും എരിവുള്ള കാന്താരിച്ചമ്മന്തിക്കും ശേഷം കുടിക്കുന്ന ചൂടുള്ള ചുക്കുകാപ്പി നാവിനു പകരുന്ന എരിവാണ് ബിന്നിയുടെ മരുപ്പൂവ് അവശേഷിപ്പിക്കുന്ന വായനാനുഭവമെന്ന് നിസംശയം പറയാം.
ഈ കൃതിയുടെ മേന്മ എഴുത്തിൽ ആദ്യാവസാനം നിഷ്കർഷിക്കുന്ന കൃതഹസ്തതയാണ്. വേണ്ടാത്ത ഒരു വാക്കോ വരിയോ മരുപ്പൂവിലില്ല. സ്വർണത്തിന് സുഗന്ധം പോലെ എഴുത്തിന് അതിരിടുന്ന ബൈജുദേവിന്റെ വരകൾ ഗംഭീരം. എസ് കെ പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥയിലെ അതിരാണിപ്പാടം പോലെ നീരാവിൽ എന്ന കായൽത്തുണ്ട് മരുഭൂമിയെപ്പോലും പച്ചപ്പണിയിക്കുന്ന കാഴ്ച ഈ കൃതി നമുക്ക് സമ്മാനിക്കുന്നു. ഒരിക്കൽ പോലും കടൽ കടക്കാത്ത ഒരാളിൽ പോലും അനുഭവവേദ്യമാംവണ്ണം മരുഭൂമിയും അവിടുത്തെ ബാർബർഷാപ്പും കടയുമെല്ലാം നമുക്കു മുന്നിൽ അനുപമമായ ദൃശ്യങ്ങളായി തെളിയുകയും മങ്ങാതെ, മായാതെ നില്‍ക്കുകയും ചെയ്യുന്നിടത്ത് ബിന്നിയുടെ എഴുത്ത് ജീവിതം വിജയിക്കുന്നു. ബിന്നി എന്ന സ്വപ്നസഞ്ചാരിക്കുമാത്രം പാകപ്പെടുത്താൻ കഴിയുന്ന ഒന്ന്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച മരുപ്പൂവ് കേവലം ബബലുവിന്റെയും കൂട്ടരുടെയും മാത്രം രാഷ്ട്രീയ, ജീവിതകാനുഭവങ്ങളുടെ കഥയല്ല, നേരേമറിച്ച് മനുഷ്യർ അദൃശ്യമായ മാനവികതയാൽ പരസ്പരം കൊരുത്തിടപ്പെടുന്നു എന്ന നേരറിവാണ്. ലോകത്തെവിടെ പെയ്യുന്ന മഴയും നനയ്ക്കുന്നവരാണ് നല്ല മനുഷ്യർ എന്ന സാർവലൗകിക വീക്ഷണം മരുപ്പൂവിൽ ബിന്നി മുന്നോട്ട് വയ്ക്കുന്നു.
മരുപ്പൂവ്
ബിന്നി യു എം
(ജീവിതം/ അനുഭവം)
സൈകതം ബുക്സ്
വില: ₹ 150
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.