10 January 2025, Friday
KSFE Galaxy Chits Banner 2

കുട്ടിക്കാലം ഔദാര്യമല്ല, അവകാശമാണ്

എൽ സുഗതൻ
August 19, 2023 3:53 pm

പുതിയ ലോകത്തിന്റെ കെട്ടുറപ്പിനുവേണ്ടിയുള്ള അടിസ്ഥാന ചിന്തയായി ‘ബാലാവകാശം’ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം കാലഘട്ടം തിരിച്ചറിയേണ്ടിയിരിക്കുന്നു. 1989ലാണ് ബാലാവകാശ സംരക്ഷണത്തിനുവേണ്ടി ആദ്യമായി ഒരു കൺവെൻഷൻ സംഘടിപ്പിക്കുന്നത്. തുടർന്ന് ഭാഷ, വംശം, ദേശം, ലിംഗം തുടങ്ങിയ വേർതിരിവുകൾ ഒന്നും കണക്കിലെടുക്കാതെ പതിനെട്ട് വയസിനു താഴെയുള്ള ഏതൊരു വ്യക്തിയുടെയും വിദ്യാഭ്യാസം, ആരോഗ്യം, കൂടുംബം, വ്യക്തിത്വം സൗഹൃദം, ദേശീയത, ചിന്ത, വിശ്വാസം, സ്വകാര്യത തുടങ്ങിയവയെല്ലാം അവരുടെ വികാസത്തിന് അനുഗുണമാകുന്നതിനും അത് സംരക്ഷിക്കുന്നതിനുമുള്ള ഉടമ്പടിയിൽ ലോകരാജ്യങ്ങൾ കണ്ണികളായി. 1992ൽ ഈ ഉടമ്പടിയിൽ ഇന്ത്യയും പങ്കാളിയായി. 2005ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മിഷൻ ആക്ട് പ്രകാരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബാലാവകാശ കമ്മിഷനുകൾ രൂപീകരിച്ചു.

കേരളത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ പ്രവർത്തനം ആരംഭിച്ചത് 2013 മുതലാണ്. വെറും പത്തുവർഷം മാത്രം പ്രായമായ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ അവകാശ സംരക്ഷണത്തെ സംബന്ധിച്ചുള്ള പൊതുബോധത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ”A world fit for chil­dren! എന്ന ആശയത്തെ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാനും ‘കുട്ടികളുടെ കേസ് അത്ര ചെറിയ കേസല്ല’ എന്ന് സമൂഹത്തെ ബോധിപ്പിക്കുവാനും ഈ ചെറിയ കാലയളവുകൊണ്ട് കമ്മിഷന് സാധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ നിയമസംവിധാനങ്ങൾ പലപ്പോഴും അവർക്ക് അപ്രാപ്യവും അവ്യക്തവുമാണ്.

കേരളത്തിന്റെ പൊതുവിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിദ്യാലയങ്ങൾ എന്ന ആശയം നിലനിന്നിരുന്നു. ഈ വേർതിരിവ് കുട്ടികളുടെ മാനസികഘടനയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ബാലവാകാശ കമ്മിഷൻ ലിംഗനീതിയും തുല്യനീതിയും സമൂഹത്തിൽ വളർന്നുവരണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. അതിന്റെ ഭാഗമായാണ് 2023–24 അധ്യയന വർഷം മുതൽ കുട്ടികളെല്ലാവരും ഒന്നിച്ചിരുന്ന് പഠിച്ചാൽ മതിയെന്ന നിർദേശം കമ്മിഷൻ നൽകിയത്. പരീക്ഷാകാലങ്ങളിൽ ആരാധനാലയങ്ങളിൽ നിന്നുള്ള ഉച്ചഭാഷിണി ഉപയോഗം മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് “ആരാധനാലയങ്ങളിൽ നിന്നുള്ള ഉച്ചഭാഷിണി ശബ്ദും നിയന്ത്രിക്കണം” എന്നുള്ള കർശന നിർദേശം ബാലാവകാശ കമ്മിഷൻ ആഭ്യന്തരവകുപ്പിന് നൽകിയത്.

സ്കൂളിലെ കലാകായിക പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ശ്രദ്ധേയമായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റും ബാലാവകാശ കമ്മിഷനും, പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ സംഘടിപ്പിച്ച ഒരു സംവാദത്തിൽ കുട്ടികൾ തന്നെ ആരോപിച്ച ഒരു പരാതിയിലാണ് ഈ ഉത്തരവ് വന്നിട്ടുള്ളത്. ആധുനിക കാലത്തെ നിരവധി അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്തു കൊണ്ടാണ് സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും അധികൃതരുടെ അനുമതി ഇല്ലാതെ നടത്തുന്ന പഠന വിനോദയാത്രകളും രാത്രികാല പഠനക്ലാസുകളും നിയമ വിധേയമാക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വേണമെന്നുള്ള ഉത്തരവുണ്ടായത്. പോക്സോ നിയമം ഉൾപ്പെടെയുള്ള ബാലാവകാശ നിയമങ്ങളുടെ ദുരുപയോഗവും കുട്ടികളെ മറയാക്കി അതിക്രമങ്ങൾ നടത്തുന്നതും കൂട്ടികളെ കലഹങ്ങളിൽ ഉൾപ്പെടുത്തി സ്വയം രക്ഷ നേടാൻ ശ്രമിക്കുന്നതും കർശന നിയമനടപടിക്ക് വിധേയമാക്കുവാനുമുള്ള നിർദേശം മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. പൊതുവിദ്യാലയങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിർദേശവും കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഘോഷയാത്രകൾ രാവിലെ പത്തു മണിക്ക് മുൻപേ തീർക്കണം എന്നുള്ളതും ഗൗരവമുള്ളവയാണ്.

നിയമത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ തടയുകയും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം കമ്മിഷന്റെ മൊത്തം പ്രവർത്തനങ്ങൾ കൂട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ഊന്നല്‍ നല്‍കുന്ന ഇടപെടലുകളും നടപ്പാക്കാൻ കഴിഞ്ഞു. കുട്ടികളിൽ സാമൂഹ്യപ്രതിബദ്ധതയും പൗരബോധവും ഉറപ്പുവരുത്തുന്ന കാര്യത്തിലും ക്രിമിനലിസം പോലുള്ള കാര്യങ്ങളിൽ നിന്നും കുട്ടികളെ ചെറുക്കുന്ന കാര്യത്തിലും കമ്മിഷൻ ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. എവിടം വരെ അല്ലെങ്കിൽ എത്രത്തോളമാണ് അധികാരപരിധി എന്ന് ജനത്തിന് തിരിച്ചറിയാൻ കഴിയാതിരുന്ന ഒരു ലീഗൽ സ്ഥാപനമായിരുന്നു ആദ്യ ഘട്ടത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കുട്ടിക്കാലം ആരുടെയും ഔദാര്യമല്ല. അത് കുട്ടികളുടെ അവകാശമാണ് എന്നത് തിരിച്ചറിയാനും കുട്ടികളുടെ സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ആളുകൾ കൂടുതൽ കരുതലെടുക്കാനും ശ്രമിക്കുന്നുണ്ടെങ്കിൽ അതിൽ കമ്മിഷന്റെ സ്വാധീനം ചെറുതല്ല.

Eng­lish Sam­mury: Child­hood is a right, not a boun­ty, L Sugath­an’s Article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.