21 January 2026, Wednesday

Related news

January 18, 2026
January 11, 2026
January 9, 2026
January 3, 2026
December 28, 2025
December 21, 2025
December 19, 2025
December 18, 2025
December 14, 2025
December 11, 2025

കുട്ടികളുടെ സാഹിത്യോത്സവത്തിന് വര്‍ണാഭമായ തുടക്കം; വായനയ്ക്ക് ഈ വര്‍ഷം മുതല്‍ പത്ത് മാര്‍ക്ക് നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക
തിരുവനന്തപുരം
September 18, 2025 10:03 pm

പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വായനയ്ക്ക് ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് വീതം വായനയ്ക്ക് നല്‍കുമെന്നും ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ ‘അക്ഷരക്കൂട്ട് ‘- കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിലവാരം ഉയര്‍ത്തുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മലയാളം അക്ഷരമാല ഒരു പുസ്തകത്തിലും ഇല്ലായിരുന്നു. അക്ഷരമാല അല്ലാതെ തന്നെ കുട്ടികള്‍ പഠിക്കുമെന്നാണ് പുതിയ കണ്ടുപിടിത്തം. എന്നാല്‍ തനിക്ക് ആ കണ്ടുപിടിത്തത്തോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ അധികാരം ഉപയോഗിച്ചുകൊണ്ട് എല്ലാ പുസ്തകത്തിലും അക്ഷരമാല ആദ്യ പേജില്‍ തന്നെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ എല്ലാ പാഠപുസ്തകത്തിലും അക്ഷരമാല ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

കുട്ടികളുടെ പുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സൗജന്യമായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക. ഒരു വര്‍ഷം കുട്ടികളുടെ ഒരു സമിതിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഇരുന്നൂറ് പുസ്തകങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുക. അടുത്ത വര്‍ഷം നടക്കുന്ന സാഹിത്യോത്സവത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടി എഴുത്തുകാരെക്കൂടി ക്ഷണിക്കും. ‘അക്ഷരക്കൂട്ട്’ ഇനി എല്ലാ വർഷവും നടത്തുമെന്നും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. താമരക്കുളം വി വി എച്ച് എസ് എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭാവികാ ലക്ഷ്മി സ്വാഗതം പറഞ്ഞു. കാസർകോട് ചീമേനി ജി എച്ച് എസ് വിദ്യാർത്ഥി ദേവാനന്ദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമായി. കിളികളെയും കാറ്റിനെയുമടക്കം സ്വാഗതമാശംസിച്ച ഭാവികയെ നിറഞ്ഞ കൈകളോടെയാണ് സദസ് സ്വീകരിച്ചത്. മാനവിക മൂല്യങ്ങളെ ഉയർത്തി എഴുത്തും വായനയും വിദ്യാർത്ഥികളിലെത്താൻ സാഹിത്യോത്സവം സഹായിക്കുമെന്ന് അധ്യക്ഷന്‍ ദേവാനന്ദ് പറഞ്ഞു. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്‌നോളജിയുടെ (എസ്ഐഇടി) നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്ന്, ജവഹർ ബാലഭവൻ, മൺവിള എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് സാഹിത്യോത്സവം. കുട്ടികൾ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം, സാഹിത്യ ശില്പശാലകൾ, പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 140ൽ അധികം വിദ്യാർത്ഥികളാണ് ഇന്ന് അവസാനിക്കുന്ന സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകുന്നത്.
ചടങ്ങിൽ എഴുത്തുകാരായ പ്രഭാവർമ, ജോർജ് ഓണക്കൂർ, ഡോ. കെ വാസുകി, എൻ എസ് കെ ഉമേഷ്, രതീഷ് കാളിയാടൻ, ബി അബുരാജ്, ഡോ. പി പ്രമോദ്, പ്രൊഫ. എ ജി ഒലീന, ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.