22 December 2024, Sunday
KSFE Galaxy Chits Banner 2

ചിലിയിലെ ചുവപ്പ്, ചരിത്രത്തിന്റെ വസന്തം

സുരേന്ദ്രന്‍ കുത്തനൂര്‍
December 22, 2021 7:45 am

“നിങ്ങൾ എനിക്കോ എന്റെ എതിരാളിക്കോ വേണ്ടി വോട്ട് ചെയ്തത് പ്രശ്നമല്ല; പ്രധാന കാര്യം നിങ്ങൾ അത് ചെയ്തു എന്നതാണ്. നിങ്ങൾ ഓരോരുത്തരും ഈ രാജ്യത്തോടുള്ള പ്രതിബദ്ധത കാണിച്ചു എന്നതാണ് ” പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗബ്രിയേൽ ബോറിക് ചിലിയൻ ജനതയോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്. ജനാധിപത്യത്തിലെ ഇടപെടലിനെ അത്രയേറെ മാനിക്കുന്ന ബോറികിന്റെ വാക്കുകളും ചിലിയും ഉയരുന്നത് ചരിത്രത്തിന്റെ ചുവന്ന ചക്രവാളത്തിലേക്ക്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീരാളിക്കെെകളിൽ നിന്ന് ഇടതുപക്ഷത്തിന്റെ അമരക്കാരനായ ബോറികിന്റെ കെെകളിലേക്ക് ചിലിയുടെ ഭരണമെത്തുമ്പോൾ ലാറ്റിനമേരിക്കയിലെ ചുവന്ന വസന്തത്തിന്റെ ചക്രവാളം വികസിക്കുകയാണ്. 2021 ൽ തെരഞ്ഞെടുപ്പ് നടന്ന പെറു, നിക്കരാഗ്വ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷം വിജയം കണ്ടു. കൊളംബിയയിലും ബ്രസീലിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ചിലിയിലെ ഫലത്തെ വിലയിരുത്താം. തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് വ്യാപിച്ചുകിടക്കുന്ന ഏകദേശം 19.3 ദശലക്ഷം ജനങ്ങളുള്ള ചിലി, ലോകത്തിലെ ഏറ്റവും മികച്ച ചെമ്പ് ഉല്പാദക രാജ്യമാണ്. ഏറ്റവും വലിയ ലിഥിയം കരുതൽ ശേഖരവും ഇവിടെയുണ്ട്. ചിലിയൻ രാഷ്ട്രീയത്തിൽ അമേരിക്കൻ കോർപറേറ്റുകളുടെ സ്വാധീനം എന്നുമുണ്ടായിരുന്നു. പിനോഷെ ഉഗാർട്ടെയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം 1990 ൽ രാജ്യം ജനാധിപത്യത്തിലേക്ക് മടങ്ങിയ ശേഷവും ഇത് തുടർന്നു. ചിലിയുടെ സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്ന ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ സൈനിക വിപ്ലവത്തിലൂടെ 1973 ൽ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സാൽവദോർ അലൻഡേയെ ആണ് അട്ടിമറിയിലൂടെ പിനോഷെ പുറത്താക്കിയത്. അമേരിക്കയുടെ പിന്തുണയോടെ സൈനിക ഭരണകൂടം സ്ഥാപിച്ച പിനോഷെ 1974 ൽ സ്വയം രാഷ്ട്രപതിയായി അവരോധിച്ചു. 1990 ൽ ജനാധിപത്യം തിരിച്ചുവന്നെങ്കിലും കോർപറേറ്റ് ദാസ്യത്തിൽ നിന്ന് ചിലി മോചിതമായില്ല. പതിനാറു വർഷത്തോളം ചിലി ഭരിച്ച പിനോഷെ നടപ്പാക്കിയ വാണിജ്യ പരിഷ്കാരങ്ങളും അമേരിക്കൻ മാതൃകയിലെ ഉദാരവല്കരണവും ആണ് രാജ്യത്തെ വൻതോതിലുള്ള തൊഴിലില്ലായ്മ, ദാരിദ്ര്യം, വരുമാനത്തിലുണ്ടായ ഇടിവ് എന്നിവയ്ക്ക് കാരണം.

ചിലിയെ കമ്മ്യൂണിസത്തിൽ നിന്നും രക്ഷിക്കുവാൻ എന്ന പേരിൽ പിനോഷെ നടത്തിയ സൈനിക നടപടിയിൽ 3,000 ത്തോളം ഇടതുപക്ഷ അനുകൂലികളും സർക്കാർ വിരുദ്ധരും കൊല്ലപ്പെട്ടു. 30,000 പേർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. രണ്ടു ലക്ഷത്തോളം പേർ പലായനം ചെയ്തു. 2006ൽ പിനാേഷെ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ പത്നി ലൂസിയ ഹിരിയത്ത് ഭരണത്തെ സ്വാധീനിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 16നായിരുന്നു ലൂസിയ ഹിരിയത്ത് അന്തരിച്ചത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ചിലിയിലെ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തിയത് മാധ്യമങ്ങളിൽ നിറഞ്ഞു. ഏകാധിപത്യത്തിനെതിരെയുള്ള ചിലിയുടെ മനസായിരുന്നു ആ പ്രകടനങ്ങൾ. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 55.8 ശതമാനം വോട്ടുകൾ നേടി ഗബ്രിയേൽ ബോറിക് വിജയിച്ചപ്പോൾ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി അന്റോണിയോ കാസ്റ്റിന് 44.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 1990 ൽ ജനാധിപത്യം തിരിച്ചുവന്നതിനുശേഷം ചിലിയിൽ നടന്ന ഏറ്റവും ശക്തമായ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. കാസ്റ്റ് ഒരു ഡൊണാൾഡ് ട്രംപ് അനുകൂലിയാണ്. ചിലിയുടെ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ യുഎസ് പങ്കാളിത്തത്തെ അദ്ദേഹം പരസ്യമായി പിന്തുണച്ചു. സുരക്ഷയുടെയും കുടിയേറ്റത്തിന്റെയും കാര്യത്തിലും അമേരിക്കൻ വാദത്തോടൊപ്പമായിരുന്നുവെന്ന് മാത്രമല്ല, പിനോഷെയുടെ പിന്തുണക്കാരനുമായിരുന്നു. അതിനെതിരെയാണ് സാമൂഹിക അവകാശങ്ങൾ നൽകുന്നതിനും ഉറപ്പുനൽകുന്നതിനും ചിലി ഭരണകൂടം കൂടുതൽ ഉണർന്നുപ്രവർത്തിക്കണമെന്ന ആശയവുമായി ബോറിക് പ്രചരണം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ സ്വകാര്യ പെൻഷൻ സമ്പ്രദായം നിർത്തലാക്കുമെന്നും ‘അതിസമ്പന്നരുടെ’ നികുതി വർധിപ്പിക്കുമെന്നും തദ്ദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതോടെ ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽ നിന്നും കർഷക സംഘടനകളിൽ നിന്നും ബോറിക്കിന് പൂർണ പിന്തുണ ലഭിച്ചു. നവംബർ 21 ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ കാസ്റ്റ് ആയിരുന്നു മുന്നിൽ. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ച് സ്ഥാനാർത്ഥിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് പരിപാടികളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാംഘട്ട പോരാട്ടം. ദരിദ്രർക്ക് അനുകൂലമായ പരിപാടികളിൽ അധിഷ്ഠിതമായ പുതിയ വികസന തന്ത്രത്തിനും കോർപറേറ്റുകൾക്കും സമ്പന്നർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ബോറിക് ആഹ്വാനം ചെയ്തപ്പോൾ, സമ്പദ്‌വ്യവസ്ഥയെ വൻകിടക്കാർക്ക് തുറന്നുകൊടുക്കാൻ കാസ്റ്റ് ശ്രമിച്ചു. ചിലി ആസ്ഥാനമായ യുഎസ് ബഹുരാഷ്ട്ര കമ്പനികൾ കാസ്റ്റിനെ പിന്തുണച്ചു, എന്നാൽ വൻകിട മാധ്യമങ്ങളുടെയും കുത്തകകളുടെയും ശ്രമങ്ങൾ ട്രേഡ് യൂണിയനുകളുടെയും കർഷകരുടെയും ഇടത്തരക്കാരുടെയും ദരിദ്രരുടെയും ഐക്യത്തിനുമുന്നിൽ പരാജയപ്പെട്ടു.


ഇതുകൂടി വായിക്കാം; ചിലിയിലും ഇടതുപക്ഷ പ്രസിഡന്റ്


പുതിയ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ ഇടത് സഖ്യം ഈ കാലയളവിൽ വിപുലമായ പ്രചാരണം നടത്തിയത് വലിയൊരു വിഭാഗം നിഷ്പക്ഷവാദികളെയും ആദ്യ റൗണ്ട് വോട്ടിങിൽ പങ്കെടുക്കാത്തവരെയും ഇടതുപക്ഷത്തേക്ക് കൊണ്ടുവരാൻ സഹായിച്ചു. അമേരിക്കൻ ഭരണകൂടം തങ്ങളുടെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ചിരുന്ന ലാറ്റിനമേരിക്ക അവർക്കുനേരെ പ്രതിഷേധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സമീപകാല ചിത്രം തെളിവാകുന്നു. നവംബറിൽ നാല് രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ചിത്രം മതി ലാറ്റിനമേരിക്കയിൽ അമേരിക്കയുടെ പിടി അയയുകയാണെന്ന് ബോധ്യപ്പെടാൻ. ഹോണ്ടുറാസ് തെരഞ്ഞെടുപ്പിൽ അമേരിക്കയുടെ എതിർപക്ഷത്ത് നിൽക്കുന്ന സിയോമാര കാസ്ട്രോ വിജയിച്ചപ്പോൾ വെനസ്വേലൻ പ്രാദേശിക തെരഞ്ഞെടുപ്പിൽ നിക്കോളസ് മഡൂറോയുടെ സോഷ്യലിസ്റ്റ് പ്രസ്ഥാനം വൻ വിജയം ആവർത്തിച്ചു. നിക്കരാഗ്വയിൽ ഇടതുപക്ഷ സാന്തനീസ്റ്റ പ്രസ്ഥാനം തുടർച്ചയായ നാലാം വിജയം ആവർത്തിക്കുകയും ഡാനിയൽ ഒർടേഗ വീണ്ടും പ്രസിഡന്റാകുകയും ചെയ്തു. ഇപ്പോൾ ചിലിയിലും ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും വിജയിക്കുകയും ചെയ്തു. ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്തുന്ന അട്ടിമറി പ്രവർത്തനങ്ങൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന രാജ്യമാണ് ഹോണ്ടുറാസ്. നിക്കരാഗ്വയിലെ സാന്റിനിസ്റ്റ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക താവളമാക്കിയത് ഹോണ്ടുറാസായിരുന്നു. 2009ൽ മാന്വൽ സെലായയെ അട്ടിമറിച്ചതും അമേരിക്കയായിരുന്നു. സെലായ പൊതുവിദ്യാഭ്യാസം സൗജന്യമാക്കിയും കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിയും അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചും തൊഴിലാളികളുടെ മിനിമം കൂലി വർധിപ്പിച്ചും നിയോലിബറൽ അജണ്ടയിൽനിന്ന് വ്യതിചലിച്ചതും ഹ്യൂഗോ ഷാവേസുമായി അടുത്ത ബന്ധം സ്ഥാപിച്ചതും അമേരിക്കയുടെ നിയോലിബറൽ പദ്ധതിക്ക് ബദലായ അൽബയിൽ അംഗമായതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

തുടർന്ന് പ്രസിഡന്റ് ഒബാമയും സ്റ്റേറ്റ്സ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേർന്ന് സെലായയെ അട്ടിമറിക്കുകയായിരുന്നു. ഇതിനായി പണം ഒഴുക്കിയത് ഹിലരിയാണെന്ന് പിന്നീട് വെളിപ്പെടുകയും ചെയ്തു. അട്ടിമറിക്കപ്പെട്ട സെലായയുടെ ഭാര്യയാണ് 54 ശതമാനം വോട്ട് നേടി ഹോണ്ടുറാസിന്റെ പ്രസിഡന്റായ സിയോമാര കാസ്ട്രോ എന്നത് അമേരിക്കക്കുള്ള ചുട്ട മറുപടിയായി. മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ഇടതുപക്ഷ സാന്റിനിസ്റ്റ ഫ്രണ്ട് ഫോർ നാഷണൽ ലിബറേഷൻ വിജയം ആവർത്തിച്ചു. നവംബർ ഏഴിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡാനിയൽ ഒർടേഗ അഞ്ചാം തവണയും വിജയിച്ചു. 74.99 ശതമാനം വോട്ട് നേടിയാണ് ഒർടേഗ വിജയം ഉറപ്പിച്ചത്. നിക്കരാഗ്വയ്ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കുന്ന റെനാസർ ബില്ലിൽ ഒപ്പിട്ടുകൊണ്ട് ജോ ബൈഡൻ, ഒർടേഗ സർക്കാരിനെ അട്ടിമറിക്കാനുള്ള പരസ്യമായ ആഹ്വാനം നൽകിയതും ശ്രദ്ധേയമാണ്. വെനസ്വേലയിൽ നവംബർ 21നാണ് ഗവർണർസ്ഥാനത്തേക്കും തദ്ദേശഭരണസമിതികളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. 23 പ്രവിശ്യകളിൽ 19 ലും ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയുടെ നേതൃത്വത്തിലുള്ള ഗ്രേറ്റ് പാട്രിയോട്ടിക് പോൾ വിജയിച്ചു. 322 മേയർ സ്ഥാനങ്ങളിൽ 205 എണ്ണത്തിലും ഭരണകക്ഷി വിജയം നേടി. തലസ്ഥാനമായ കാരക്കാസിലും ഇടതുപക്ഷം വിജയക്കൊടി നാട്ടി. 1999ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വന്നതുമുതൽ ഇടതുപക്ഷമാണ് വെനസ്വേല ഭരിക്കുന്നത്. 2021 ന്റെ ആദ്യപാദത്തിൽ പെറുവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പെദ്രോ കാസ്തിയ്യോ എന്ന ഇടതുപക്ഷക്കാരൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ തുടങ്ങിയ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം അമേരിക്കയുടെ പിടിയിൽനിന്ന് ലാറ്റിനമേരിക്ക മുക്തമാവുകയാണെന്ന് വ്യക്തമാക്കുന്നു. അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലുല വിജയിക്കുമെന്നാണ് പ്രവചനം. 60 ശതമാനം ജനങ്ങളും പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിർ ബൊൾസനാരോക്ക് വോട്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കൊളംബിയയിലും അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൊഗോട്ടയിലെ മുൻ മേയറും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയുമായ ഗുസ്താവോ പെട്രോ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിലിയിലുണ്ടായ ചുവന്ന വസന്തം അങ്ങനെ പുതിയചരിത്രത്തിലേക്കുള്ള നാഴികക്കല്ലാണെന്ന് ചരിത്രം രേഖപ്പെടുത്തും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.