ഫിലിമിൽ നിന്നും ഡിജിറ്റൽ സിനിമയിലേക്കുള്ള മാറ്റം സിനിമയുടെ സാങ്കേതിക മാറ്റമായിരുന്നു. മലയാള സിനിമയും സാങ്കേതികമാറ്റത്തോടൊപ്പം സഞ്ചരിച്ചു. 2006‑ൽ മലയാള സിനിമയിൽ ഡിജിറ്റൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു.
‘മൂന്നാമതൊരാൾ’ ആയിരുന്നു മലയാളത്തിലെ ആദ്യ ഡിജിറ്റൽ സിനിമ.
ഡിജിറ്റൽ സിനിമാ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന സാങ്കേതിക ഉപകരണങ്ങൾ ഇന്നും സിനിമാ ചരിത്രം അറിയുവാനായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഇന്ത്യയിലെ ആദ്യത്തെ ഫിലിം മ്യൂസിയം സ്ഥിതിചെയ്യുന്നത്. സിനിമയ്ക്കു പിന്നിലെ സാങ്കേതികതയുടെ ചരിത്രം പറയാൻ കഴിയുന്ന ഒരേയൊരു സിനിമാ സ്ഥാപനമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. ആദ്യകാല സിനിമാ ചരിത്രം മുതൽ ഇപ്പോൾ വരെയുള്ള സാങ്കേതിക മാറ്റം മനസിലാക്കാൻ കഴിയണമെങ്കിൽ ചിത്രാഞ്ജലി സിനിമാ മ്യൂസിയം കാണുക തന്നെ വേണം.
ഫിലിം പ്രിന്റുകളിൽ നിന്നും റീലുകളിൽ നിന്നും സിനിമയെ മാറ്റിയെടുത്ത പുതിയ കാലത്താണ് നമ്മൾ സിനിമ കാണുന്നത്. 8mm മുതൽ 70mm വരെയുള്ള ഫിലിമുകളിലാണ് സിനിമയും ഡോക്യുമെന്ററിയും അക്കാലത്ത് ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ട് ചെയ്ത് വരുന്ന ഫിലിം നെഗറ്റീവുകൾ ഫിലിം പ്രോസസിങ് മെഷീനിലാണ് ഡെവലപ്പ് ചെയ്തിരുന്നത്. ഫിലിം ലൈൻ മെഷീനിൽ കെമിക്കലുകൾ ഉപയോഗിച്ച് നെഗറ്റീവ് ഡവലപ്പ് ചെയ്യുന്നു. കെമിസ്റ്റുകൾ ഫിലിമിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഡവലപ്പ് ചെയ്യുന്ന ഫിലിമുകൾ ദൃശ്യവിസ്മയത്തോടെ പ്രോസസ് ചെയ്ത് തിയേറ്റർ പ്രിന്റുകൾ ആക്കുന്നു. ഈ പ്രിന്റിൽ നിന്നുമാണ് പ്രോജക്ടർ വഴി തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചിരുന്നത്. ഈ സാങ്കേതിക ഉപകരണങ്ങൾ കാലഹരണപ്പെട്ട് പോകാതെ ചിത്രാഞ്ജലി ഫിലിം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഫിലിം പ്രിന്റുകളും സിനിമാ ചരിത്ര ശേഖരണത്തിൽ കാണാൻ കഴിയും.
സെല്ലുലോയ്ഡ് സിനിമയിൽ ജെ ഡി ഡാനിയേൽ സിനിമ ചിത്രീകരിക്കുമ്പോൾ ഉപയോഗിക്കുന്നതായി കാണിക്കുന്ന ക്യാമറയാണ് മിച്ചൽ ക്യാമറ. ഈ ക്യാമറ ചിത്രാഞ്ജലി സ്റ്റുഡിയോയിലേതാണ്. ഫെയ്ഡ് ഇൻ‑ഫെയ്ഡ് ഔട്ട്, ഡബിൾ റോൾ, ഒരു ദൃശ്യത്തിന് മുകളിൽ മറ്റൊരു ദൃശ്യം കാണിക്കുന്ന സൂപ്പർ ഇംപോസിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ മിച്ചൽ ക്യാമറയിലൂടെ സാധ്യമാക്കിയിരുന്നു. വൈദ്യുതി ഉപയോഗിക്കാതെ കൈ കൊണ്ട് കീ കൊടുത്ത് പ്രവർത്തിക്കുന്ന ബോളക്സ് കാമറ, ആരിഫ്ളക്സ് 16mm കാമറ, 35mm കാമറകൾ മറ്റ് അനേകം ആദ്യകാല സിനിമാ ക്യാമറകളും, ലെൻസുകളും, ഫിൽറ്ററുകളും സിനിമാ മ്യൂസിയം ശേഖരത്തിലുണ്ട്.
സിനിമാ സ്റ്റുഡിയോകളിലെ ഏറ്റവും പഴക്കമേറിയ വേൾഡ് ബക്ക് സൗണ്ട് മിക്സിങ് കൺസോൾ, ഫിലിം എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൻ ബക്ക് എഡിറ്റ് എക്യുപ്മെന്റ്, മൂവിയോള എന്നിവയും കാലഹരണപ്പെടാതെ സൂക്ഷിച്ചിട്ടുള്ള സിനിമാ ചരിത്രശേഷിപ്പുകളാണ്.
എടുത്തു പറയേണ്ടത് മ്യൂസിയത്തിലെ സിനിമാ ചരിത്രശേഖരങ്ങളാണ്. കാലഘട്ടത്തിന്റെ സിനിമാ ചരിത്രം ചിത്രശേഖരണങ്ങളിലൂടെ നമ്മളിലൂടെ കടന്നുപോകുന്നു. ആദ്യത്തെ നായിക പി കെ റോസിയെക്കുറിച്ചുള്ള അറിവുകൾ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി സിനിമയുടെ പോസ്റ്റർ, മലയാളത്തിലെ ആദ്യ വർണ ചിത്രമായ കണ്ടംബെച്ചകോട്ടിന്റെ പോസ്റ്റർ. ആദ്യമായി പിന്നണി ഗാനം ഉപയോഗിച്ച സിനിമ നിർമ്മലയുടെ വിവരശേഖരണം. രാഷ്ട്രപതിയിൽ നിന്നും ആദ്യത്തെ സ്വർണമെഡൽ നേടിയ ചെമ്മീൻ സിനിമയെക്കുറിച്ചുള്ള അറിവുകൾ തുടങ്ങി മലയാള സിനിമയുടെ വളർച്ചയെക്കുറിച്ചുള്ള എല്ലാ വിവരശേഖരണങ്ങളും സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുള്ള നേരറിവും കണ്ടറിയാൻ ചിത്രാഞ്ജലി ഫിലിം മ്യൂസിയം കാണുക തന്നെ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.