7 December 2025, Sunday

Related news

September 25, 2025
May 19, 2025
September 25, 2024
September 4, 2024
September 1, 2024
December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023

സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം: മുഖ്യമന്ത്രി

Janayugom Webdesk
നെടുമ്പാശേരി
May 19, 2025 10:00 pm

ലാഭം സ്വകാര്യവല്‍ക്കരിക്കുകയല്ല സാമൂഹ്യവല്‍ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023–24ൽ രാജ്യത്ത് 37.5 കോടി പേർ വിമാനയാത്രചെയ്തു. ഇതിൽ 27.5 കോടി പേർ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് ഇക്കാര്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2040 ആകുമ്പോൾ ഇന്ത്യയിൽ പ്രതിവർഷം 100 കോടി വിമാനയാത്രക്കാരുണ്ടാകുമെന്നാണ് അനുമാനം. ഇത്രയും വലിയ വളർച്ച ഉൾക്കൊള്ളത്തക്കവിധം നമ്മുടെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാകേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 

വിമാനയാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളുടെ ആസ്തിയും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഘട്ടമാണിത്. കൊച്ചി വിമാനത്താവളത്തിന്റെ കാര്യം എടുത്താൽ, പ്രതിദിനം അര ലക്ഷത്തോളം അധികം യാത്രക്കാരുണ്ട്. ഒരു ലക്ഷത്തോളം പേർ ഓരോ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നു. നാന്നൂറിലധികം സർക്കാർ സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുന്നൂറോളം കമേഴ്സ്യൽ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു. ഇത്രയും വിപുലവും സങ്കീർണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റൽ ആസ്തികളുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാൽ 2.0 യിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. സൈബർ സ്പെയ്സിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ 200 കോടി മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പർശിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. ഓട്ടോമാറ്റിക് ട്രേറിട്രീവൽ സിസ്റ്റം നിലവിൽ വരുന്നതോടെ ക്യാബിൻ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാവുന്നു. വിമാനത്താവളത്തിന്റെയും പരിസര പ്രദേശത്തിന്റെയും സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എഐ അധിഷ്ഠിത നിരീക്ഷണ കാമറകളാണ് സഥാപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ നിലവിലുള്ള ബോംബ് നിർവീര്യ സംവിധാനവും സിയാൽ 2.0 യിലൂടെ നവീകരിക്കുന്നു. 

ഈ സംരംഭങ്ങൾക്ക് പുറമേ, കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്യപ്പെട്ട ബൃഹദ് പദ്ധതികളെല്ലാം അതിവേഗം പുരോഗമിക്കുകയാണ്, 700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന്റെ ഭാഗമായ ഏപ്രൺ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ടെർമിനൽ-3ന് മുന്നിലായി പണികഴിപ്പിക്കുന്ന കൊമേഴ‌്സ്യൽ സോണിന്റെ പ്രവർത്തനവും മികച്ച നിലയിൽ പുരോഗമിക്കുന്നു. ഈ വികസന പ്രവർത്തനങ്ങളിലൂടെ 29,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നിക്ഷേപകർക്കും നാട്ടുകാർക്കും തൊഴിലാളികൾക്കും പരമാവധി ആനുകൂല്യങ്ങൾ നൽകാൻ സിയാൽ ശ്രമിക്കുന്നുണ്ട്.
2023–24 സാമ്പത്തിക വർഷത്തിൽ 45 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകി. നിരവധി പാലങ്ങളുടെ നിർമ്മാണം ഏറ്റെടുത്തു. കാർഗോ കയറ്റിറക്ക് കരാർ തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സൊസൈറ്റിയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വയനാട് മാതൃകാ ടൗൺഷിപ്പ് നിർമ്മാണത്തിലും സിയാൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ടൗൺഷിപ്പിലെ 400 വീടുകളിൽ സൗരോർജ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതി സിയാൽ സ്വന്തം നിലയ്ക്ക് നിർവഹിക്കുകയാണ്. 

മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ഹൈബി ഈഡൻ, എംപി, അഡ്വ. അഡ്വ. ഹാരിസ് ബീരാൻ എംപി, സിയാൽ ഡയറക്ടർമാരായ യൂസഫലി എം എ, ഇ കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ജനറൽ മാനേജർ സന്തോഷ് എസ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.