31 December 2025, Wednesday

സിനിമ: വാദത്തിനും പ്രതിവാദത്തിനും അപ്പുറം

ഷൈനി മാർട്ടിൻ ജോൺ ജെ 
August 10, 2025 7:10 am

സിനിമയ്ക്കകത്തും പുറത്തുമുള്ള വരേണ്യതയും ശ്രേണീ ബദ്ധമായ അധികാരവുമാണല്ലോ സമീപകാലത്ത് പൊടുന്നനെ ഉയർന്നുവന്നൊരു ചർച്ച. സിനിമ അതിന്റെ നിർമ്മിതിയിലും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തിലും വരേണ്യതയും അധികാരവും എല്ലാക്കാലത്തും പുലർത്തിയ കല തന്നെയാണ്. ഇത്രമേൽ വിപുലമായ ചോദ്യം ചെയ്യലിന്റെ കണ്ണുകൾ സമൂഹം തുറന്നു വച്ചിരുന്നില്ല എന്നുമാത്രം.

മുതൽ മുടക്കുള്ള ഉല്പന്നമെന്ന നിലയിൽ സൂക്ഷ്മതലത്തിൽ കസ്റ്റമൈസ്ഡ് ആണ് ഓരോ സിനിമയും. സാമൂഹ്യ പുരോഗമനം മാത്രം നിലനിർത്തി അല്ലെങ്കിൽ തന്നെ ഏത് കലാരൂപമാണ് നിലനിന്നിട്ടുള്ളത്? ജീവിതോപാധി കൂടിയായ നിരവധി കലാരൂപങ്ങളിൽ വച്ച് എളുപ്പത്തിൽ സാധാരണക്കാർക്കുകൂടി പ്രാപ്യവും ലഭ്യവുമായത് എന്ന വ്യത്യാസമാണ് സിനിമയ്ക്കുള്ളത്. അതിനെ അത്തരത്തിൽ മാർക്കറ്റിൽ എത്തിക്കാൻ വേണ്ടിവരുന്ന ടെക്നോളജി ഓരോ കാലത്തും അതത് സമയത്തെ ഏറ്റവും വിലപിടിപ്പുള്ള മെറ്റീരിയൽ തന്നെ ആയിരുന്നു. സിനിമ നിർമ്മിക്കാൻ ഏറെ മനുഷ്യാധ്വാനം ആവശ്യമായിരുന്നു, ഇപ്പോഴും ആണ്. പലതരം ജോലികളുടെ ഏകോപനം അന്നുമിന്നും വേണ്ടിവന്നു. അത് പ്രേക്ഷകനിൽ എത്തിക്കാൻ വീണ്ടും വിപുലമായ നെറ്റ്‌വർക്കുകൾ ആവശ്യമായി വന്നു. ഇവിടെയെല്ലാം എല്ലാക്കാലത്തും വരേണ്യതയുടെ അടയാളങ്ങളായ ധനം, സാമൂഹ്യ പിൻബലം, പലതരം മേധാവിത്തങ്ങൾ, പ്രയോജനപ്പെടുത്താൻ പറ്റുന്ന അവസരങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ സ്വാധീനം ഉണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ സിനിമ നിർമ്മിച്ച കലാകാരൻമാർ മുമ്പുണ്ടായിരുന്നു എന്നത് ശരിയാണ്. അത് അന്നത്തെ സാഹചര്യങ്ങളിൽ പ്രസക്തവും അംഗീകൃതവുമായിരുന്നു. പക്ഷേ ഇന്ന് കലയ്ക്കുവേണ്ടി അങ്ങനെയൊരു ഡ്രൈവ് സാധ്യമല്ലാത്ത വിധം ചെലവ് അധികരിച്ചിട്ടുണ്ട്. തന്നെയുമല്ല, പ്രേക്ഷകർക്ക് സ്വയം അധ്വാനിച്ചു സിനിമയുണ്ടാക്കി കാണാൻ താല്പര്യവും സമയവുമില്ല താനും. അനേകായിരം ഉല്പന്നങ്ങൾ മുന്നിലുള്ളപ്പോൾ അതിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് കരുതുന്ന ഉപഭോക്താവാണ് പ്രേക്ഷകൻ. അതിനാൽ താൻ തെരഞ്ഞെടുത്ത ഒരു ഉല്പന്നത്തിന് കേടുപാടുണ്ടോ എന്ന് നോക്കുന്നതു പോലെ, കാണുന്ന സിനിമയ്ക്കുള്ളിൽ പ്രതിലോമകരമാം വിധം ജാതിയുണ്ടോ, വർഗീയത പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ, സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നുണ്ടോ, വയലൻസിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെ സിനിമ കാണാൻ പണം മുടക്കുന്നവർ ജാഗ്രതയുള്ളവരായിരിക്കും. അങ്ങനെ കണ്ടാൽ വിമർശിക്കും. അല്ലാതെ സിനിമയെടുക്കുന്നവരുടെ ഉള്ളിന്റെയുള്ളിലെ ജാതി, അവരുടെ ഈഗോ, പലതരം കോംപ്ലക്സുകൾ ഇവയിലൊന്നും ഇവിടുത്തെ മത്സരാധിഷ്ഠിത വാർത്താചാനൽ ചർച്ചക്കാർക്കല്ലാതെ പ്രേക്ഷകർക്ക് താല്പര്യമില്ല. അത് അവരുടെ അഭിരുചികളെ ദീർഘകാലാടിസ്ഥാനത്തിൽ തീരുമാനിക്കുകയോ ബാധിക്കുകയോ ചെയ്യുന്നില്ല എന്ന് ചുരുക്കം.

സിനിമക്കകത്തും പുറത്തുമുള്ള വരേണ്യത മാത്രമല്ലല്ലോ ചർച്ച ചെയ്യപ്പെടേണ്ടതും. ഒരുപാടു വേണ്ട, വെറും പത്തോ ഇരുപതോ വർഷം മുമ്പുള്ള മുഖ്യധാരാ സിനിമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. ദ്വയാർത്ഥ പ്രയോഗങ്ങളും തീർത്തും സ്ത്രീ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ സംഭാഷണങ്ങളും ഇന്നത്തെ നിലയ്ക്ക് ഉൾക്കൊള്ളാനേ പറ്റാത്ത ‘മാതൃകാ’ കുടുംബ, പ്രണയ സങ്കല്പങ്ങളും കൊണ്ട് അതിഭാവുകത്വത്തിന്റെ ആടയാഭരണങ്ങൾ പുതച്ചവയല്ലേ ബഹുഭൂരിപക്ഷം സിനിമകളും. പക്ഷേ പുതിയ കാലത്തെ സിനിമയെടുക്കുന്ന കുട്ടികൾക്ക് ഇത്തരം ക്ളീഷേകൾ താല്പര്യമില്ല. അവർ പ്രകൃതിയേയും പ്രകൃതങ്ങളെയും ഉൾക്കൊള്ളുന്നു. വൈവിധ്യങ്ങളെ ചേർത്തുനിർത്തുന്നു. പരീക്ഷണങ്ങളെ തള്ളിപ്പറയുന്നില്ല. പഴമയിൽ അഭിരമിക്കുന്ന പ്രത്യേകതരം ആഭിജാത്യത്തെ അവർക്ക് വേണ്ട. അതിൽ സുഖം കണ്ടെത്തുന്നവരെ അവഗണിക്കാനും അറിയാം. ചുരുക്കത്തിൽ ഏകാതാനതെയെന്ന ഗുഹയിലേക്ക് അവർ കയറില്ല. ഇത്തരത്തിൽ ബോധ്യങ്ങൾ ജനാധിപത്യപരമായി മാറുന്ന ക്രമത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്, വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും അത് ദൃശ്യവൽക്കരിക്കുന്ന രീതിയിലുമെല്ലാം. ആസ്വാദകരും തങ്ങളുടെ ആശയങ്ങളുടെയും ചിന്തകളുടെയും അതേ പാറ്റേണിൽ വരിനിൽക്കുന്നവരല്ല എന്ന ബോധ്യം സിനിമാ പ്രവർത്തകരിൽ ചിലർക്കെങ്കിലും വന്നിട്ടുണ്ട് എന്നത് നല്ലകാര്യം തന്നെ. എങ്കിലും പുരോഗമനാഭിമുഖ്യത്തെ പൊതുബോധമായി അംഗീകരിക്കാൻ മലയാളി ഇനിയും വൈകും എന്നാണ് സമീപകാലത്തെ ചില അനുഭവങ്ങളെങ്കിലും തെളിയിക്കുന്നത്.

യഥാർത്ഥ കല കാലാതിവർത്തിയാണ്. അഭിരുചിയിലും പൊതുബോധങ്ങളിലും കാലക്രമേണ മാറ്റങ്ങൾ വരുമെങ്കിലും പ്രമേയവും വിഷയത്തോടുള്ള സമീപനവും കൊണ്ട് ഏത് പ്രദേശത്തും ഏത് കാലത്തുമുള്ള മനുഷ്യന്റെ ഹൃദയത്തോട് ചേർന്നുനിൽക്കാനും ആത്മാന്വേഷണങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നുണ്ടെങ്കിൽ ഏത് സിനിമയും നിലനിൽക്കും. ചെലവ് കുറഞ്ഞതോ കൂടിയതോ ആയാലും, സർക്കാർ ഗ്രാന്റ് വാങ്ങിയതോ അല്ലാത്തതോ ആയാലും ഏത് ജാതിമതത്തിൽപ്പെട്ടവർ എടുത്തതായാലും നല്ലതേ നിലനിൽക്കൂ. അല്ലാത്തവ സ്വാഭാവിക വിസ്‌മൃതിയിലേക്ക് വൈകാതെ തള്ളപ്പെടും. അങ്ങനെ ഇന്നും പ്രേക്ഷക പ്രീതിയിൽ നിലനിൽക്കുന്ന സിനിമകൾ ലിസ്റ്റ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഏത് സിനിമാ വിവാദത്തിലുമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.