13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 5, 2025
March 2, 2025
January 2, 2025
November 5, 2024
April 13, 2024
December 12, 2023
September 25, 2023
September 17, 2023
August 30, 2023

ജഹാംഗിർപുരിയിൽ വീണ്ടും സംഘർഷം; അക്രമം ആസൂത്രിതമെന്ന് സൂചന

Janayugom Webdesk
ന്യൂഡൽഹി
April 18, 2022 9:54 pm

ഡൽഹിയിലെ ജഹാംഗിർപുരിയിൽ വീണ്ടും സംഘർഷം. വർഗീയ കലാപം അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് തിങ്കളാഴ്ച വീണ്ടും സംഘർഷാവസ്ഥയുണ്ടായത്. കഴിഞ്ഞദിവസത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതാണ് ഇന്നലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഹനുമാൻ ജയന്തി ആഘോഷത്തിനിടെ വെടിയുതിർത്തതായി കണ്ടെത്തിയ സോനു എന്നയായാളുടെ വീട്ടിൽ പരിശോധന നടത്താൻ എത്തിയ പൊലീസിന് നേരെ കുടുംബാംഗങ്ങൾ കല്ലെറിയുകയായിരുന്നുവെന്ന് വടക്ക് പടിഞ്ഞാറൻ ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഉഷാ രംഗ്നാനി പറഞ്ഞു.

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരു വിഭാഗങ്ങളിൽ നിന്നുമായി 23 പേരെ അറസ്റ്റ് ചെയ്തതായി തിങ്കളാഴ്ച രാവിലെ ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും കേസന്വേഷണത്തിനായി 14 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷം മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമെന്ന് സൂചന.

ഡൽഹിയിൽ 2020ന് സമാനമായ മറ്റൊരു വർഗീയ കലാപത്തിനുള്ള ശ്രമമാണ് ശനിയാഴ്ച വൈകിട്ടുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ന്യൂനപക്ഷവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ജഹാംഗിർപുരിയിൽ പുറത്തുനിന്നെത്തിയവർ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശവാസികളും ഇത് സ്ഥിരീകരിക്കുന്നു. ഹിന്ദു-മുസ്‍ലിം സാഹോദര്യം തകർക്കാനുള്ള ശ്രമമാണിതെന്നും ഇരുവിഭാഗവും പറയുന്നു. തുടർ സംഘർഷങ്ങളൊഴിവാക്കാൻ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട യുവാക്കൾ മുസ്‍ലിംപള്ളിക്ക് സമീപമുള്ള കാളീക്ഷേത്രത്തിന് കാവൽ നിൽക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭാരതത്തിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്ന മുദ്രാവാക്യം ഹനുമാൻ ജയന്തി ഘോഷയാത്രയിലുടനീളം മുഴങ്ങിക്കേട്ടതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുനിസിപ്പൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വർഗീയ സംഘർഷമുണ്ടായതെന്നതും സംശയാസ്പദമാണ്. ജഹാംഗിർപുരിയിലെ ബ്ലോക്ക് ബി, സി മേഖലയിലാണ് ശനിയാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്. സമാധാനപരമായിരുന്ന ഘോഷയാത്ര വൈകിട്ട് ഇഫ്താർ സമയം ആയപ്പോഴാണ് അക്രമാസക്തമായതെന്ന് രാഷ്ട്രീയ നേതാക്കളടങ്ങുന്ന വസ്തുതാന്വേഷണ സംഘം പറഞ്ഞു.

ഇവിടുത്തെ മുസ്‍ലിംപള്ളിക്കു മുന്നിൽനിന്ന് നീങ്ങാൻ തയാറാകാതെ കാവിക്കൊടി വീശുകയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഘം സംഘർഷമുണ്ടാക്കുകയായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. ജഹാംഗിർപുരി സംഭവത്തിനെതിരെ ഹരിയാനയിലെ പഞ്ച്കുളയിൽ ബജ്റംഗ്‍ദൾ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഊരിപ്പിടിച്ച വാളുകളും മറ്റ് ആയുധങ്ങളുമായി അവർ മുദ്രാവാക്യം വിളിച്ചു. പ്രവർത്തകർ വാഹനങ്ങളുടെ മുകളിൽ വാളുമായി നിലയുറപ്പിച്ചതായും പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചതായും റിപ്പോർട്ടുണ്ട്.

Eng­lish summary;Clashes break out again in Jahangir­puri; Indi­ca­tion that vio­lence is planned

You may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.