23 June 2024, Sunday

Related news

June 5, 2024
May 23, 2024
May 12, 2024
May 8, 2024
May 6, 2024
May 2, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024

‘മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജം, കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതും നേരിടാന്‍ തയാറാണ്’: മുഖ്യമന്ത്രി

Janayugom Webdesk
August 24, 2021 1:23 pm

കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതും നേരിടാന്‍ സജ്ജമാണെന്നും കുറച്ചു കാലം കൂടി കോവിഡ് നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് മുന്നില്‍ കണ്ട് ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനസംഖ്യാ അനുപാതം നോക്കിയാല്‍ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനര്‍ത്ഥം കൂടുതല്‍ പേര്‍ക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്. ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്‌സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും.
ഇതില്‍ 9 എണ്ണം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള ഓക്‌സിജന്‍ ജനറേഷന്‍ സിസ്റ്റം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു കഴിഞ്ഞു. 

മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണം. വയോജനങ്ങള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. അടച്ചിട്ട സ്ഥലങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്. പരിശോധനകള്‍ പരമാവധി വര്‍ധിപ്പിക്കുന്നതാണ്. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ യാത്ര നടത്താതെ കോവിഡ് പരിശോധന നടത്തി കോവിഡല്ലെന്ന് ഉറപ്പിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഡബിള്‍ മാസ്‌കോ എന്‍ 95 മാസ്‌കോ ധരിക്കണം. വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് 2 മീറ്റര്‍ അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യണം. പരമാവധിപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്‌സിന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ENGLISH SUMMARY; CM says,‘Kerala is ready to face the third wave
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.