കേരളത്തിലെ നെൽകർഷകരുടെ ദുരിതത്തിന് ശാശ്വതപരിഹാരമായി കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണസംഘം (കാപ്കോസ് ) പ്രവർത്തനം ആരംഭിക്കുന്നു. സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. കുടമാളൂർ സർവീസ് സഹകരണബാങ്കിന്റെ പുളിഞ്ചുവടിലുള്ള കെട്ടിടത്തിലാണ് കാപ്കോസ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കാപ്കോസ് രൂപീകരിച്ചത്.
കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാർഷിക സർവീസ് സഹകരണബാങ്കുകൾ അംഗ സംഘങ്ങളായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്ന സംഘം സംസ്ഥാനത്തെ പാലക്കാട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിക്കും. പ്രാഥമിക കാർഷിക സംഘങ്ങൾ അംഗങ്ങളായ സഹകരണസംഘത്തിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്. കർഷകർക്ക് വരുമാനവും സാധാരണക്കാർക്ക് കുറഞ്ഞവിലയ്ക്ക് അരിയും ലഭ്യമാക്കുകയാണ് നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ലക്ഷ്യം.
കൊയ്തെടുത്ത നെല്ല് ഉണക്കി നൽകുന്നതിന് സൗകര്യമില്ലാത്ത കർഷകരാണ് പ്രധാനമായും സ്വകാര്യ മില്ല് ഉടമകളുടെ ചൂഷണത്തിന് വിധേയരാകുന്നത്. ഇതിന് പരിഹാരമായി സംഭരണത്തിനായി ഗോഡൗണുകൾ സ്ഥാപിക്കും. അരിയും മൂല്യവർധിത ഉല്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നതിനായി സംഘം തന്നെ അരിമില്ലുകൾ സ്ഥാപിക്കും. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. സഹകരണ വകുപ്പിനു കീഴിൽ പുതിയ മില്ലുകൾ വരുന്നതോടെ സംസ്ഥാനത്തെ നെല്ലു സംസ്കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ‑സഹകരണ മേഖലയുടെ കയ്യിലെത്തും. നിലവിൽ 2.75 ശതമാനം മാത്രമാണിത്. ഒരു വർഷം 8 ലക്ഷം ടൺ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോൾ 7.78 ലക്ഷം ടണ്ണും സംസ്കരിക്കുന്നതു സ്വകാര്യ മില്ലുകളാണ്.
സഹകരണ സംഘങ്ങളുടെ കൂട്ടായ പങ്കാളിത്തോടെ നെല്ല് സംസ്കരണ മേഖലയിലെ ഇടപെടൽ വിപുലപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ് കാപ്കോസ് പ്രവർത്തനം ആരംഭിക്കുന്നത്. സംഘത്തിന്റെ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി സംസ്ഥാന തലത്തിൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനായുമാണ് വിൽപ്പന നടത്തുക. നെൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സംഘം വഴി നടപ്പിലാക്കും. കാപ്കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തും.
english summary;Co-operative society to procure paddy from farmers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.