”ഭരണഘടനാ പരിഷ്കരണത്തെക്കുറിച്ചും പുതിയൊരു ഭരണഘടനാ നിർമ്മിതിയെ കുറിച്ചുപോലും ഏറെ ചർച്ചകൾ നടക്കുമ്പോൾ, നമ്മെ പരാജയപ്പെടുത്തിയത് ഭരണഘടനയാണോ അതോ ഭരണഘടനയെ നാമാണോ പരാജയപ്പെടുത്തിയത് എന്നത് ഏറെ ചിന്തനീയമാകണം.” 2000 ജനുവരി 27ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനയുടെ അമ്പതാം വാർഷികാഘോഷ വേളയിൽ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ പറഞ്ഞതാണിത്. നിര്‍ദേശക തത്വങ്ങളുടെ പൂർണതയിൽ ഡോ. ബി ആർ അംബേദ്കർ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറ പാകി. എന്നാൽ കഴിഞ്ഞ കുറേവർഷങ്ങളായി ആ അടിത്തറയുടെ കെട്ടുറപ്പ് ഇളകുകയാണ്. ദശാബ്ദങ്ങളുടെ അധ്വാനത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ തകരുന്നു. ഒരു മതേതരരാഷ്ട്രം കെട്ടിപ്പടുക്കാൻ വളർത്തിയെടുത്ത ശാസ്ത്രീയമനോഭാവം, അവ്യക്തവും വർഗീയവുമായ അസംബന്ധങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. വിവരക്കേടുകൾകൊണ്ടു തീർത്ത മാരക ആക്രമണങ്ങളെ നിരന്തരം നേരിടേണ്ടിവരുന്നു. ശാസ്ത്രീയമായ പഠനങ്ങളും അനുബന്ധിയായ ഗ്രന്ഥങ്ങളും നിരോധിക്കപ്പെടുന്നു. ശാസ്ത്രഗവേഷണ സംഘടനകളെ ദൂരേക്ക് അകറ്റിയിരിക്കുന്നു. പകരം യുക്തിരഹിതമായ കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും ഇടമൊരുക്കുന്നു. സാംസ്കാരിക ബോധത്തിന് മറയിടുന്നു. ഇതിനായി സാഹിത്യത്തിലെ അപനിർമ്മിതികൾക്ക് സ്വീകാര്യതയൊരുക്കുന്നു. സ്വേച്ഛാധികാരങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നു. ഇതിനെല്ലാം അനുകൂലമായ ബഹുജന ബോധം സൃഷ്ടിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ ഇന്ന് കുത്തകശക്തികളുടെ കൈവെള്ളയിലാണ്. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഒരുപോലെ ഈ സാഹചര്യം നേരിടുന്നുണ്ട്.
വർഷങ്ങൾ നീണ്ട പ്രക്രിയയ്ക്കൊടുവിൽ 1949 നവംബർ 26നാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്. 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിജയമായിരുന്നു അത്. വർഗീയ ശക്തികളുടെ വെല്ലുവിളികൾക്കിടയില്‍, പ്രത്യേകിച്ച് രാജ്യത്തെ വിഭജനത്തിന്റെ സാഹചര്യങ്ങളിൽ, ഭരണഘടന അതിന്റെ ആർട്ടിക്കിൾ 25ൽ ‘സ്വതന്ത്രമായി മതം ഏറ്റുപറയാനും ആചരിക്കാനും തുല്യമായി പ്രചരിപ്പിക്കാനുമുള്ള അവകാശം’ ഉറപ്പുനൽകി. 1946 ഡിസംബർ ഒമ്പതിന് ചേർന്ന ഭരണഘടനാ അസംബ്ലി യോഗത്തിൽ ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ നിർമ്മാണത്തിന് തുടക്കമായി. വിഭജനത്തിന്റെ മുറിവിൽ ദശലക്ഷങ്ങൾ അനാഥരായിരുന്ന കാലമായിരുന്നു അത്. അനേകലക്ഷങ്ങൾ കൊല്ലപ്പെട്ട കാലം. എണ്ണമറ്റ സ്ത്രീകൾ മാനഭംഗത്തിനിരകളായി. പൗരാണികമെന്ന് ഖ്യാതിനേടിയ നാഗരികത മുഴുവൻ രക്തത്തിൽ കുതിർന്നു. വടക്കുപടിഞ്ഞാറു നിന്നും കിഴക്കു നിന്നും അഭയാർത്ഥികൾ ഒഴുകിയെത്തി. ഒന്നായിരുന്ന ഇരുരാജ്യങ്ങളുടെ പുതുതായി രൂപീകരിച്ച അതിർത്തികൾ ഹൃദയവേദനയോടെ അവർ കടന്നു. രാജ്യത്തിന്റെ ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിൽ രൂപപ്പെട്ട ഹൃദയവ്യഥയുടെ വിടവ് നികത്തി രാജ്യത്തിന് ഏകത്വബോധം കൊണ്ടുവരുന്ന വിധത്തിലാണ് ഭരണഘടന വിഭാവനം ചെയ്തത്. മതേതരത്വവും ഫെഡറലിസവും മാറ്റം വരുത്താൻ പറ്റാത്തവയാണ് എന്ന പ്രാമാണികമായ സന്ദേശം കൈമാറുന്നതിൽ ഭരണഘടന വിജയിച്ചു.
ഭരണഘടനാനിർമ്മാണത്തിൽ, സ്വാതന്ത്ര്യം, വിഭജനം, തല്‍ഫലമായ രക്തച്ചൊരിച്ചിൽ എന്നിവ കൃത്യതയോടെയും ദീർഘവീക്ഷണത്തോടും പരിഗണിക്കപ്പെട്ടു. വിഭജനം പോലുള്ള പ്രധാന വിഷയങ്ങളിൽ ഭരണഘടനാ നിർമ്മാണസഭ മൗനം പാലിക്കുന്നതിനെ കുറിച്ച് ചില വിഭാഗങ്ങൾ ഉന്നയിച്ച വിമർശനം ഭരണഘടനയുടെ നിർമ്മിതിയിൽ തന്നെ തിരുത്തപ്പെട്ടു. വിഭജനത്തെ തുടർന്ന് രാജ്യത്ത് സ്ഥിരതാമസമാക്കിയ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരിൽ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർക്ക് തെരഞ്ഞെടുപ്പ് സംവരണം എന്ന വാദം ഉയർന്നപ്പോൾ തന്നെ ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവര്‍ പൂർണമായും എതിർത്തു. വിഭജനത്തിന് കാരണമായ വിഘടനവാദത്തിന്റെ ഉല്പന്നമാണത് എന്നായിരുന്നു നിലപാട്. ക്ഷേമരാഷ്ട്രത്തിന്റെ പ്രഖ്യാപിത സവിശേഷതകളുള്ള ഭരണഘടന വലിയ നേട്ടമായി. ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരം, ‘സോഷ്യലിസ്റ്റ്’ തുടങ്ങിയ പദങ്ങൾ പിന്നീട് ചേർത്തു. ഹിന്ദു കോഡ് ബില്‍ ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിക്കുകയും വിവാദങ്ങൾക്ക് വഴി തെളിക്കുകയും ചെയ്തു. ബഹുഭാര്യത്വത്തെ നിരോധിക്കുന്ന ഹിന്ദു വിവാഹ നിയമം, വിവാഹമോചനത്തിനുള്ള വ്യവസ്ഥകൾ, വിവാഹമോചന നടപടികള്‍, ഹിന്ദു ദത്തെടുക്കൽ, മെയിന്റനൻസ് ബിൽ, വിധവകളെയും പെൺമക്കളെയും ആൺമക്കൾക്ക് തുല്യമാക്കുന്ന ഹിന്ദു പിന്തുടർച്ചാവകാശ ബില്‍, സ്വത്തിന്റെ അനന്തരാവകാശം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് തര്‍ക്കവിഷയമായത്. കുടുംബ ആചാരങ്ങളുടെ പേരിൽ ഹിന്ദുത്വശക്തികൾ അതിനെ എതിർത്തു. പക്ഷേ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വഴങ്ങിയില്ല. ബില്‍ പാസാക്കുകയും ചെയ്തു. അതേസമയം മുസ്ലിം വ്യക്തിനിയമത്തിൽ മാറ്റം വരുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഭൂരിപക്ഷ ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളുടെമേൽ ഒരു മാറ്റവും അടിച്ചേല്പിക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നിർദേശം അവരിൽ നിന്നുതന്നെ ഉയർന്നുവരണമെന്നായിരുന്നു നെഹ്രു പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.