29 December 2025, Monday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

മലബാറിൽ വിജയിച്ചത് വര്‍ഗീയ ധ്രുവീകരണ സംഖ്യം

സുരേഷ് എടുപ്പാൾ
മലപ്പുറം
December 13, 2025 11:12 pm

മലബാറിൽ പൊതുവെയും മലപ്പുറത്ത് പ്രത്യേകിച്ചും യുഡിഎഫ് നേടിയ വിജയം അതിശക്തമായ സാമുദായിക ധ്രവീകരണത്തലൂടെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ സ്വന്തം നിലയിലുള്ള സാമുദായിക മുതലെടുപ്പാണ് മുസ്ലിംലീഗ് നടത്തിയിരുന്നതെങ്കിൽ ഇത്തവണ എല്ലാസീമകളും ലംഘിച്ചായിരുന്നു പ്രചരണം. നിയമസഭാ തെരെഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ എതുവിധേനയും വിജയം ഉറപ്പാക്കി, അടുത്ത സംസ്ഥാന ഭരണം നേടാമെന്ന ധാരണയിൽ അപകടകരമായ നീക്കങ്ങളാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടന്നത്. നിയമസഭയിൽ മൂന്നാമതും പ്രതിപക്ഷത്തായാൽ രാഷ്ട്രീയ വനവാസത്തിലേക്കും പോകേണ്ടിവരുമെന്ന മുസ്ലിംലീഗ് നേതാക്കളുടെ ഭീതിയിൽ നിന്നാണ് വിനാശകരമായ സാമുദായ മുതലെടുപ്പിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. മതഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയേയും നിരോധിത സംഘടനായായ പോപ്പുലർ ഫ്രണ്ടിന്റെ എസ്ഡിപിഐയെയും ചേർത്തുപിടിച്ചായിരുന്നു ലീഗിന്റെ നീക്കങ്ങള്‍. എൽഡിഎഫ് മുസ്ലിം വിരുദ്ധ മുന്നണിയാണെന്നും ഇസ്ലാം മതവിശ്വാസികളുടെ രക്ഷയ്ക്ക് തങ്ങളെ വിജയിപ്പിക്കണമെന്നും ലീഗ് നേതാക്കളും പ്രവർത്തകരും പരസ്യമായും രഹസ്യമായും പ്രചരിപ്പിച്ചു. ഈ തെറ്റായ പ്രചാരണത്തിന് ആക്കം കൂട്ടിക്കൊണ്ട് വെൽഫയർ പാർട്ടിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേർന്നതോടെ മലബാറിലെ വലിയൊരുവിഭാഗം ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ കടുത്ത ആശങ്ക ഉടലെടുത്തു. 

നുണകള്‍ ആവർത്തിച്ച് സത്യമെന്നു വരുത്താനുള ശ്രമത്തിൽ വര്‍ഗീയ ശക്തകൾ താൽക്കാലികമായെങ്കിലും വിജയച്ചതിന്റെ പ്രതിഫലനമാണ് മലബാറിലെ തെര‍ഞ്ഞെടുപ്പ് ഫലം. മുസ്ലിം സമുദായംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസുത്രിത ശ്രമത്തിലൂടെയാണ് മുമ്പൊന്നും ലഭിക്കാത്ത വിധത്തിലുള്ള വിജയം സ്വന്തമാക്കാൻ യുഡിഎഫിനായത്. ബിജെപിയുടെ ഭൂരിപക്ഷ വര്‍ഗീയതയേയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പ്രചരിപ്പിക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിർക്കുന്ന എൽഡിഎഫിന്റെ രാഷ്ട്രീയനിലപാടുകളെ വികൃതമായി അവതരിപ്പിക്കുകയും സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുകയും ചെയ്തതുവഴിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നേടിയത്. ചിലയിടങ്ങളിൽ ബിജെപിയുടെ സഹായവും ഇക്കൂട്ടർ തേടിയിട്ടുണ്ട്, നഗരസഭകളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലും ബിജെപിക്ക് സാധ്യതയുള്ള വാർഡുകളിൽ അവർക്ക് വിജയിക്കാനുള്ള വഴിയൊരുക്കി കൊടുക്കുയും മറ്റിടങ്ങളിൽ പാലമിട്ട് വോട്ട് വാങ്ങുകയും ചെയ്തു. മലപ്പുറത്തെ നഗരസഭകളിലെ ബിജെപി പ്രകടനം വിലയിരുത്തയാൽ ഇത് വ്യക്തമാകും. ബിജെപി വിജയിച്ചാലും എൽഡിഎഫിനെ തോല്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗും വെൽഫയർ പാർട്ടിയും എസ്ഡിപിഐയും ഒരേ മനസ്സോടെ പ്രവർത്തിച്ചത്. ഈ കച്ചവടത്തിന്റെ ഫലമായി ജില്ലയില്‍ 33 വാർ‍ഡുകളിൽ ബിജെപിക്ക് വിജയിക്കാനായി. 

മുസ്ലിം ലീഗിനെതിരെ ജില്ലയിൽ ശക്തമായ ജനവികാരം ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് പൊന്മുണ്ടം പഞ്ചായത്തിൽ കോൺഗ്രസും എൽഡിഎഫും ചേർന്നുണ്ടാക്കിയ മുന്നണിയുടെ വിജയം. മുനിസിപ്പാലികളിൽ വെൽഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ സഹായം യുഡിഎഫിന് ഉദ്ദേശിച്ച ഫലം സമ്മാനിച്ചപ്പോൾ പൊന്നാനിയുടെ മതേതര മനസിനെ തെല്ലും ഇളക്കാൻ ഈ സഖ്യത്തിനായില്ല. ഭരണം നഷ്ടപ്പെട്ടെങ്കിലും പെരിന്തൽമണ്ണ നഗരസഭയിലും ശക്തമായ പ്രതിരോധമാണ് പിൻതിരിപ്പൻ സഖ്യത്തിനെതിരെ എൽഡിഎഫ് കാഴ്ചവെച്ചത്. ഗ്രാമ‑ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിൽ മത‑സാമുദായിക ധ്രൂവീകരണ സംഖ്യം വലിയ നേട്ടമുണ്ടാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.