17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 20, 2024
September 3, 2024
September 2, 2024
September 2, 2024
July 27, 2024
July 22, 2024
June 14, 2024
June 2, 2024
November 8, 2023

കാര്‍ഷിക മേഖലയിലെ സമഗ്ര ഊര്‍ജ്ജപരിവര്‍ത്തനം: കൃഷിവകുപ്പിന്റെ പങ്കാളിത്തതില്‍ ശില്പശാല നടത്തും

Janayugom Webdesk
തിരുവനന്തപുരം
December 27, 2022 4:18 pm

കേരളത്തിലെ കാർഷിക മേഖലയിലെ സമഗ്രമായ ഊർജ്ജ പരിവർത്തനം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. നാളെയും മറ്റന്നാളുമായി നടക്കുന്ന ശില്പശാല തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള എനർജി മാനേജ്‌മെന്റ് സെന്ററിൽ നടക്കും. പാരമ്പര്യേതര ഊര്ജ്ജസ്രോതസ്സുകളെ വലിയ അളവിൽ കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തി ഊർജ സ്വയം പര്യാപ്തത ഉറപ്പാക്കുകയും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന വെല്ലുവിളികളും സംബന്ധിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തവുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ കർഷകർ വിളനാശം, കീടാക്രമണം, വിള പാഴാകൽ തുടങ്ങിയ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്.

2016 മുതൽ കേരളം ഈ പ്രശ്നം ഗുരുതരമായി നേരിടുന്നുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി നമ്മുടെ കാർഷിക മേഖല ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം മുൻനിർത്തി കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങളെ പുരുപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാക്കി മാറ്റണം. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ 2030 ഓടെ ഇന്ത്യ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധവും 2070 ഓടെ നെറ്റ് സീറോ ലക്ഷ്യമിടുന്നതായും രാജ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദീർഘകാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

കേരളത്തിൽ ഉൽപ്പാദന പ്രക്രിയയിലാണ് കാർഷിക രംഗത്ത് പ്രധാനമായും ഊർജ്ജ ഉപയോഗം നടക്കുന്നത്. യുവാക്കൾ കേരളത്തിൽ പാൽ ഉൽപ്പാദനം അടക്കം ഭക്ഷ്യമേഖലയിൽ നിക്ഷേപം നടത്തുകയാണ്. സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ലക്ഷ്യമിട്ട് കാലാവസ്ഥാ പ്രതിരോധം വളർത്തണം. ഇതിനായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിലെ ആകെ ഊർജ്ജ സാഹചര്യം മുൻനിർത്തി കഴിഞ്ഞ ജൂൺ മാസത്തിൽ എനർജി മാനേജ്മെന്റ് സെന്ററും എക്വിനോക്റ്റും അസർ സോഷ്യൽ ഇംപാക്ടും ചേർന്ന് കേരളത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കാർഷികാധിഷ്ഠിത സംരംഭങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. സർക്കാരിനെയും ജനത്തെയും വ്യവസായ മേഖലയെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് കർഷകർക്ക് അനുയോജ്യമായ മാറ്റത്തിലേക്ക് കാർഷിക മേഖലയെ എത്തിക്കാനാണ് ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബർ 28 ന് രാവിലെ 9.30 യ്ക്ക് രജിസ്ട്രേഷനോടെ ശിൽപ്പശാല ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കാർഷിക വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കാർഷിക, കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ സംസാരിക്കും. ഫുഡ് പോളിസി അനലിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ ദേവീന്ദർ ശർമ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രാവിലെ 11.30 യ്ക്ക് ആരംഭിക്കുന്ന ശിൽപ്പശാലയുടെ ആദ്യ സെഷനിൽ തമിഴ്നാട് ആസൂത്രണ കമ്മീഷൻ അംഗം പ്രൊഫ.സുൽത്താൻ ഇസ്മായിൽ, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ അഡീഷണൽ ജനറൽ മാനേജർ ഭാരത് കുമാർ റെഡ്ഡി, സുസ്ഥിര കാർഷിക സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.ജി.വി.രാമാഞ്ജനേയലു, ഇക്വിനോക്ട് സിഇഒ ഡോ.ജി.വി.മധുസൂദൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. 

ഡിസംബർ 28 ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന സാങ്കേതിക സെഷനിൽ കാർഷിക രംഗത്തെ ഊർജ്ജ ഉപഭോഗം എന്ന വിഷയം ചർച്ച ചെയ്യും. തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് സിഇഒ രാജേഷ് കൃഷ്ണൻ, വി.എഫ്.പി.സി.കെ സിഇഒ വി.ശിവരാമകൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള പ്രതിനിധി, അക്വാകൾചർ ഡെവലപ്മെന്റ് ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ ഇഗ്നേഷ്യസ് മന്ദ്രോ, കുടുംബശ്രീ പി.ആർ.ഒ മൈന ഉമൈബാൻ എന്നിവർ സംസാരിക്കും. ഡിസംബർ 28 ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന രണ്ടാമത്തെ സെഷനിൽ പരിഹാരങ്ങളെ അധികരിച്ച് ചർച്ച നടക്കും. തമിഴ്നാട് കുതമ്പക്കം പഞ്ചായത്ത് അക്കാദമിയിൽ നിന്നുള്ള രാമസ്വാമി ഇളങ്കോ, ബിഹാറിലെ കാർഷിക വിദഗ്ദ്ധൻ ഇഷ്തേയാഖ് അഹമദ്, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ജോയിന്റ് ഡയറക്ടർ കെ.എം.ഷാനവാസ്, മിൽമ പ്രൊജക്ട് ഹെഡ് എം.ആർ.രാജേഷ്, സുകൂൻ സൊല്യൂഷൻസ് എംഡിയും സ്ഥാപകനുമായ ഡോ.അമോദ് കുമാർ എന്നിവർ സംസാരിക്കും. ഡിസംബർ 29 ന് രാവിലെ നടക്കുന്ന പാനൽ ചർച്ചയിൽ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഉച്ചയോടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി കേരളത്തിലെ കാർഷിക രംഗത്തെ ഊർജ്ജ പരിവർത്തനം എന്ന വിഷയത്തിൽ ചർച്ച നടക്കും. വൈകീട്ട് മൂന്നരയോടെ പരിപാടികൾ അവസാനിക്കും.

Eng­lish Sum­ma­ry: Com­pre­hen­sive trans­for­ma­tion in agri­cul­ture sec­tor: Work­shop con­duct­ed in part­ner­ship with Depart­ment of Agriculture

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.