
കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ ജിഎസ്‌ടി നിരക്ക് സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജിഎസ്‌ടി കുറഞ്ഞത് ജനങ്ങള്‍ക്ക് ഫലം കിട്ടുമെന്നാണ് പൊതുവേ ധരിക്കുന്നത്. എന്നാല്‍ അങ്ങനെ ഗുണം കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ജിഎസ്‌ടി കുറയുമ്പോള്‍ കമ്പനികളാണ് അതിന്റെ ഗുണമെടുക്കുന്നത്. കമ്പനികള്‍ പുതിയ മോഡല്‍ എന്ന നിലയില്‍ വില കൂട്ടി വിപണിയിലിറക്കും. അതോടെ വിലക്കുറവിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കില്ല. പുതിയ നിരക്കുകള്‍ നിലവില്‍ വന്നതോടെ വരുമാനത്തില്‍ രണ്ട് ലക്ഷം കോടിയുടെ കുറവ് വരുമെന്നാണ് കണക്ക്. ഈ കുറവ് സംസ്ഥാനത്തിന് ദോഷകരമായി തീരും. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫണ്ടിന്റെ 40 ശതമാനം വരുന്നത് ജിഎസ്‌ടിയില്‍ നിന്നാണ്.
കേരളത്തിന് 8,000 മുതല്‍ 10,000 കോടി രൂപയുടെ കുറവ് വരുമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പഠനത്തില്‍ പറയുന്നത്. ഈ കുറവ് സാധാരണക്കാരുടെ ചികിത്സ, ക്ഷേമപെന്‍ഷന്‍, ശമ്പളം, അടിസ്ഥാന സൗകര്യവികസനം എന്നിവ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കും. സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
അത് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആ നിര്‍ദേശം പൂര്‍ണമായും അവഗണിച്ചു. യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്‌ടി പരിഷ്കരണം നടപ്പിലാക്കിയത്. നോട്ട് നിരോധനം പോലെ പെട്ടെന്നൊരു ദിവസം രാഷ്ട്രീയ പ്രചരണത്തിനായി പരിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു. സാധാരണ ജനങ്ങള്‍ക്ക് വിലക്കുറവ് ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സംസ്ഥാനത്തെ ജിഎസ്‌ടി ഉന്നതോദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച തന്നെ വിളിച്ചുചേര്‍ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.