14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024

പി ടിയുടെ ചിതാഭസ്മ നിമജ്ജനത്തിനു മുമ്പേ സീറ്റിനായി അടി തുടങ്ങി

Janayugom Webdesk
കൊച്ചി
December 27, 2021 9:43 pm

തൃക്കാക്കരയിൽ പി ടി തോമസിന്റെ പിൻഗാമിയാകാൻ കോൺഗ്രസിൽ അടി തുടങ്ങി. പി ടിക്ക് പകരക്കാരൻ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ആകട്ടെ എന്ന തരത്തിലുള്ള ചർച്ചകൾ മുന്നോട്ടുവച്ചെങ്കിലും കുടുംബാംഗങ്ങൾ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരാൻ താല്പര്യം ഇല്ല എന്ന് നേതാക്കളോട് പറഞ്ഞു കഴിഞ്ഞു. പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളിൽ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശിക നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പിടിയുടെ കുടുംബം അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഉമ പണ്ട് കെഎസ്‌യുവിന്റെ സജീവ പ്രവർത്തക ആയിരുന്നെങ്കിലും കലാലയ രാഷ്ട്രീയത്തിനപ്പുറം മരണം വരെ അവർ പി ടിയുടെ നിഴലായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റും മുൻ തൃത്താല എംഎൽഎയുമായ വി ടി ബൽറാമിന്റെ പേര് തൃക്കാക്കരയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ 3,016 വോട്ടിനാണ് ബൽറാം തൃത്താലയിൽ എം ബി രാജേഷിനോട് പരാജയപ്പെട്ടത്. ബൽറാമിനെ നിയമസഭയിൽ എത്തിക്കാൻ വി ഡി സതീശൻ അടക്കമുള്ളവർ മുന്നോട്ട് വരുമ്പോൾ കൊച്ചിയിൽ തോറ്റ ടോണി ചമ്മിണി വരണമെന്ന് എ ഗ്രൂപ്പ് ആഗ്രഹിക്കുന്നു.

ഇതിനിടെ കെ സി വേണുഗോപാൽ ഒരു വനിത സ്ഥാനാർഥി വരട്ടെയെന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്. സീറ്റിൽ കണ്ണുനട്ടിരിക്കുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഇനിയും ഉണ്ട്. തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ചെന്നിത്തലയും കെ സി ജോസഫിനു വേണ്ടി എ ഗ്രൂപ്പും ശ്രമം ആരംഭിച്ചിട്ടുണ്ട്. കത്തോലിക്കാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ ഈ നീക്കം.

കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ പിടിച്ചുവാങ്ങി പതിവായി പരാജയപ്പെടുന്ന വാഴയ്ക്കനെ ശക്തമായ ഒരു ഉപതെരഞ്ഞെടുപ്പിൽ പരീക്ഷിക്കുക നിലവിലെ സാഹചര്യത്തിൽ ശരിയല്ലെന്ന് ഹൈക്കമാന്‍ഡിലേക്ക് സന്ദേശങ്ങൾ പാഞ്ഞുകഴിഞ്ഞു. പ്രായവും തുടർച്ചയായി 42 വർഷം എംഎൽഎ ആയിരുന്നുവെന്നതും പ്രവർത്തകരുടെ എതിർപ്പും കെ സിക്കും തടസമാകും. മുൻ മേയർ ടോണി ചമ്മിണി, മുൻ മന്ത്രി ഡൊമനിക് പ്രസൻറേഷൻ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, ദീപ്തി മേരി വർഗീസ്, സിമി റോസ്ബെൽ ജോൺ, ഡിസിസി സെക്രട്ടറി ഷെറിൻ വർഗീസ് തുടങ്ങിയ പേരുകളൊക്കെ ചർച്ചകളിൽ ഉയർന്നു കേൾക്കുന്നുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊരു ചിന്ത കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനില്ല. മികച്ച വിജയം തന്നെയാണ് വി ഡി സതീശനും കെ സുധാകരനും ആവശ്യം. എന്നാൽ ഇവരെ പരാജയപ്പെടുത്താൻ പാർട്ടിയിലെ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട് എന്നത് സത്യമാണ്. നിലവിൽ ശേഷി ഇല്ലെങ്കിലും എ, ഐ ഗ്രൂപ്പുകൾ അതിനായി കിണഞ്ഞു ശ്രമിക്കും. അതുകൊണ്ടുതന്നെ തങ്ങളുടെ നോമിനികളല്ലെങ്കിൽ അവരെ തോൽപ്പിക്കാൻ കോൺഗ്രസിൽ നീക്കമുണ്ടാകുമെന്ന് ഉറപ്പാണ്.

Eng­lish Sum­ma­ry: con­gress clash­es for Thrikkakkara Seat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.