17 November 2024, Sunday
KSFE Galaxy Chits Banner 2

കോണ്‍ഗ്രസിന്റെ പ്രതിസന്ധി അതിന്റെ നേതാക്കള്‍

Janayugom Webdesk
August 23, 2022 5:00 am

മ്പന്നമായ ഭൂതകാലത്തിന്റെ ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞായറാഴ്ച കോണ്‍ഗ്രസ് എന്നൊക്കെയുള്ള പേരുദോഷങ്ങളും പ്രക്ഷുബ്ധമായ സമരങ്ങളുടെ അഭാവവും ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചുണ്ടായിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് പരിണാമവും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയുമെല്ലാം ഉണ്ടായതോടെ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാമുഖം കൈവന്നു. കമ്മ്യൂണിസ്റ്റ് മുന്‍കയ്യില്‍ തൊഴിലാളി, വിദ്യാര്‍ത്ഥി, കലാസാഹിത്യ പ്രസ്ഥാനങ്ങളുടെ രൂപീകരണവും ഞായറാഴ്ചകളിലെ യോഗങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കുമപ്പുറം സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളുമായി സമരഭരിതമായ ഗ്രാമനഗരങ്ങളും ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിനും അവരുടെ പ്രവര്‍ത്തനരീതികള്‍ക്കു മാറ്റം വരുത്തേണ്ടിവന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ അഹിംസാ സിദ്ധാന്തത്തിലൂന്നി ആയിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് — വര്‍ഗ — ബഹുജനസംഘടനകളുടെ തീക്ഷ്ണവും ചിലപ്പോഴെല്ലാം അഹിംസയില്‍ നിന്ന് വ്യതിചലിച്ചുള്ളതുമായ സമരങ്ങളെയും അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരുന്നു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് തള്ളി സ്വാതന്ത്ര്യസമരം തങ്ങളുടേതുമാത്രമെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സമ്പദ്ഘടന നിര്‍ണയിക്കുന്നതിലും ആ പാര്‍ട്ടി പങ്കുവഹിച്ചിട്ടുണ്ട്. പലതിനോടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കിലും ബാങ്കിങ് ദേശസാല്ക്കരണമുള്‍പ്പെടെയുള്ള പുരോഗമന നടപടികളും ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയവും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായി. അടിയന്തരാവസ്ഥയുടെ മാരകരൂപവും കോണ്‍ഗ്രസിന്റെ കാലത്താണുണ്ടായതെങ്കിലും രാജ്യത്താകെ വേരുകളുള്ളതെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമാണുണ്ടായിരുന്നത്.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസില്‍ കലാപം തുടരുന്നു


എന്നാല്‍ നെഹ്രുവില്‍ നിന്ന് ഇന്ദിരയിലേക്കും മകന്‍ രാജീവിലേക്കും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും അധി കാരമാറ്റം സംഭവിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നയദാര്‍ഢ്യങ്ങളില്‍ വെള്ളം ചേരുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളായി. ബാങ്കുകളുടെ ദേശസാല്ക്കരണം നടത്തിയ കോണ്‍ഗ്രസിന്റെ ഭരണകാലത്തുതന്നെ സ്വകാര്യവല്ക്കരണം, ഉദാരവല്ക്കരണം എന്നിവ നയമുദ്രയായി മാറി. മതേതര കാഴ്ചപ്പാടില്‍ നിന്നുപോലും മൃദുസമീപനത്തിലേക്ക് വ്യതിചലിക്കുകയും ചെയ്തു. പലപ്പോഴും നയങ്ങളിലും ഭരണനടപടികളിലും മൃദുഹൈന്ദവതയ്ക്ക് പ്രാമുഖ്യം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വേഗംകൂട്ടിയ പഴയ ചരിത്രവും ക്ഷേത്രങ്ങളില്‍ കയറിയിറങ്ങി പ്രീണനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ പുതിയ കാഴ്ചകളും ഇവിടെ ഓര്‍ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട ശേഷം ബിജെപിയിലേക്ക് കൂറുമാറുന്നതിന് പല നേതാക്കള്‍ക്കും ഒരുളുപ്പുമുണ്ടാകുന്നില്ല. എന്തിനാണ് രണ്ടു ബിജെപിയെന്ന് നേതാക്കള്‍ക്കുപോലും സംശയമുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. നയങ്ങളിലും നിലപാടുകളിലും കോണ്‍ഗ്രസിനു സംഭവിച്ച ഈ വ്യതിയാനം പാര്‍ട്ടിയുടെ അടിത്തറ തന്നെ തകരുന്ന സ്ഥിതിയിലെത്തിച്ചു. അത് പക്ഷേ തിരിച്ചറിയുവാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള തമ്മിലടിയും അധികാരത്തിന്റെ മധുരം നുണയുന്നതിനുള്ള തര്‍ക്കങ്ങളുമല്ലാതെ പാര്‍ട്ടിയോ രാജ്യമോ അതിന്റെ പരിഗണനാ വിഷയമാകുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ വീണ്ടും വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കൂ: ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം


തോറ്റുകൊണ്ടേയിരിക്കുമ്പോഴും തിരിച്ചുകയറണമെന്ന ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടാകുന്നില്ല. ദേശീയ പ്രസിഡന്റും സംസ്ഥാന അധ്യക്ഷന്മാരുമാകുവാന്‍ പോലും ആളുനില്ക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. പാര്‍ട്ടിക്ക് ഗുണകരമാകുന്ന വിയോജിപ്പുകള്‍പോലും അംഗീകരിക്കാതെ ജനാധിപത്യം പരണത്തുവച്ചതിന്റെ ഫലമായി രൂപപ്പെട്ട ജി23 നേതാക്കളോട് കാട്ടുന്ന സമീപനം അത് വ്യക്തമാക്കുന്നുണ്ട്. ഗുലാം നബി ആസാദിനെയും ആനന്ദ് ശര്‍മയെയും പോലുള്ള നേതാക്കളെ സംസ്ഥാനങ്ങളിലേക്ക് ഒതുക്കി ആശ്രിതവത്സരെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കുവാനുള്ള നീക്കം തിരിച്ചറിഞ്ഞാണ് ഇരുവരും സംസ്ഥാന ചുമതലാ പദവികള്‍ ഉപേക്ഷിച്ചത്. നേരത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ അവഗണന നേരിടുകയായിരുന്നു ഇവരുള്‍പ്പെടെയുള്ള നേതാക്കള്‍. ശക്തി ക്ഷയിക്കുമ്പോഴും സംഘടനയ്ക്കകത്തുള്ള ജീര്‍ണതകളെയും ദുഷ്പ്രവണതകളെയും ഇല്ലാതാക്കി ശുചീകരിക്കാനല്ല നേതൃത്വം ശ്രമിക്കുന്നത്. വ്യക്തിനിഷ്ഠ സമീപനങ്ങളിലും കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശാപമായ ഗ്രൂപ്പ് വൈരം നിലനിര്‍ത്തിയുള്ള പകിടകളിയിലും മുഴുകി മുന്നോട്ടുപോകുകയാണ് ഇപ്പോഴത്തെ ഔദ്യോഗിക നേതാക്കള്‍. രാഷ്ട്രീയപ്രവര്‍ത്തനം ഒരു ഉല്ലാസമായി കാണുന്ന രാഹുല്‍ ഗാന്ധിക്കോ വയ്യാതായി തുടങ്ങിയ സോണിയക്കോ മറ്റാര്‍ക്കെങ്കിലുമോ രക്ഷിക്കുവാന്‍ സാധിക്കുന്ന പരിതസ്ഥിതിയില്‍ അല്ല കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. എങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടക്കണമെന്നാഗ്രഹിക്കുന്ന കുറച്ചധികം പേര്‍ ഇപ്പോഴും ആ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ടെന്നത് വസ്തുതയാണ്. പക്ഷേ രാജ്യത്തിന്റെയോ സ്വന്തം പൂര്‍വികരുടെയോ താല്പര്യങ്ങള്‍ മാനിക്കുവാന്‍ തയാറാകാത്ത ഇപ്പോഴത്തെ നേതൃത്വം കോണ്‍ഗ്രസിനെ അസാധാരണമായ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.